കൊച്ചി : പത്തനംതിട്ടയിലെ പ്രമുഖ പത്രപ്രവർത്തകനിൽ നിന്ന് നിയമവിരുദ്ധമായി പിടിച്ചെടുത്ത മൊബൈൽ ഫോൺ ഹൈക്കോടതി ഉത്തരവ് മറികടന്ന് ഫോറൻസിക് ലാബിലേക്ക് അയച്ച പൊലീസിന് തിരിച്ചടി. നാലാഴ്ചയ്ക്കുള്ളിൽ ഫോൺ ഫോറൻസിക് ലാബിൽ നിന്ന് എടുത്ത് ഹർജിക്കാരന് തിരികെ നൽകാൻ ഹൈക്കോടതി എറണാകുളം സെൻട്രൽ അസി. പോലീസ് കമ്മിഷണർക്ക് നിർദേശം നൽകി. മംഗളം പത്തനംതിട്ട ജില്ലാ ലേഖകൻ ഓമല്ലൂർ ഉജ്ജയിനിയിൽ ജി. വിശാഖൻ അഡ്വ. ഡി. അനിൽകുമാർ മുഖേനെ നൽകിയ ഹർജിയിൽ ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റേതാണ് ഉത്തരവ്. ഇതോടെ മറുനാടൻ മലയാളിയുമായി ബന്ധപ്പെട്ട ഒരു കേസിൽക്കൂടി പോലീസിനും സർക്കാരിനും കനത്ത തിരിച്ചടി നേരിട്ടു. ഇന്ന് അൽപ്പം മുമ്പ് എറണാകുളം സെൻട്രൽഎ സി പി ഓഫീസിൽ നിന്ന് ജി വൈശാഖൻ മൊബൈൽ ഫോൺ കൈപ്പറ്റി. അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചതിങ്ങനെ..
” ഇത് പോരാടി നേടിയ വിജയം. ഒപ്പം നിന്ന എല്ലാവർക്കും നന്ദി “. !!

മുമ്പ് പി.വി. ശ്രീനിജൻ എം.എൽ.എ നൽകിയ പരാതിയിൽ എളമക്കര പൊലീസ് മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയ്ക്ക് എതിരേ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ സുഹൃത്തായ പത്തനംതിട്ടയിലെ പ്രമുഖ മാധ്യമ പ്രവർത്തകൻ ജി. വിശാഖന്റെ മൊബൈൽ ഫോൺ എറണാകുളം സെൻട്രൽ അസി. പോലീസ് കമ്മിഷണറുടെ നിർദേശ പ്രകാരം പത്തനംതിട്ട എസ്.എച്ച്.ഓ ആയിരുന്ന ജിബു ജോൺ പിടിച്ചെടുത്തു കൊണ്ടുപോയത്. കഴിഞ്ഞ വർഷം ജൂലൈ മൂന്നിനാണ് വിശാഖന്റെ വീട്ടിൽ പരിശോധന നടത്തുകയും ഫോൺ നിയമംലംഘിച്ച് പിടിച്ചെടുക്കുകയും ചെയ്തത്. പോലീസ് പീഡനം ആരോപിച്ചും പ്രതിയല്ലാത്ത തന്റെ ഫോൺ പിടിച്ചെടുത്തുവെന്ന് കാണിച്ചും വിശാഖൻ ഹൈക്കോടതിയെ സമീപിച്ചു. കേസ് പരിഗണിച്ച ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ കേസിൽ പ്രതിയല്ലാത്തയാളുടെ ഫോൺ പിടിച്ചെടുത്തതിനെ നിശിതമായി വിമർശിക്കുകയും പത്രപ്രവർത്തകന് ഭരണഘടന നൽകിയിട്ടുള്ള അവകാശങ്ങൾ സംബന്ധിച്ച് നിരീക്ഷണം നടത്തുകയും ചെയ്തു.
മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള പ്രതികാര നടപടിയിൽ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം ഉണ്ടായി. പ്രതിയല്ലാത്ത ആളുടെ മൊബൈൽ ഫോൺ എങ്ങനെ പിടിച്ചെടുക്കാനാകുമെന്ന് കോടതി ചോദിച്ചു. പൊലീസ് അതിക്രമം ചോദ്യം ചെയ്‌ത് പത്തനംതിട്ട സ്വദേശിയും മാധ്യമ പ്രവർത്തകനുമായ ജി വിശാഖന്‍ നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു പൊലീസിനുനേരെ ഹൈക്കോടതിയുടെ വിമർശനം. മാധ്യമ പ്രവർത്തകന്‍റെ മൊബൈൽഫോൺ പിടിച്ചെടുത്തതിന്‍റെ സാഹചര്യം വിശദീകരിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ പൊലീസിന് കോടതി നിർദേശം നല്‍കി. മാധ്യമങ്ങള്‍ ജനാധിപത്യത്തിന്‍റെ നാലാം തൂണാണ് എന്ന് ഓർമിപ്പിച്ച ജസ്‌റ്റിസ് പി വി കുഞ്ഞികൃഷ്ണൻ കേസിൽ പ്രതിയല്ലാത്ത ഹർജിക്കാരന്‍റെ മൊബൈൽ ഫോണ്‍ ഉള്‍പ്പടെ പിടിച്ചെടുത്ത പൊലീസ് നടപടി ചോദ്യം ചെയ്‌തു. ഹർജിക്കാരൻ മാധ്യമപ്രവർത്തകനാണ്. ക്രിമിനൽ കേസിൽ പ്രതിയാണെങ്കിൽ കോടതിക്ക് അക്കാര്യം മനസിലായേനേ. മാധ്യമപ്രവർത്തകന്‍റെ അടിസ്ഥാന അവകാശം ലംഘിക്കപ്പെട്ടതായും ഹൈക്കോടതി കുറ്റപ്പെടുത്തി.
അന്വേഷണം നടത്താം, എന്നാൽ പ്രതി അല്ലാത്ത ഒരാളെ കസ്‌റ്റഡിയിലെടുക്കാൻ എങ്ങനെ സാധിക്കുമെന്നും കോടതി ചോദിച്ചു. നടപടികൾ പാലിക്കാതെ മൊബൈൽ ഫോണുകൾ പിടിച്ചെടുക്കരുതെന്ന് ഓർമിപ്പിച്ച കോടതി എല്ലാ മാധ്യമപ്രവർത്തകരുടെയും മൊബൈലുകൾ പിടിച്ചെടുക്കുമോയെന്നും പരിഹാസ രൂപേണ ചോദിച്ചു..
ഈ കോടതി വിധി പത്രപ്രവർത്തക സമൂഹത്തിന് വേണ്ടിയുള്ളതാണെന്ന് ഹർജിക്കാരനായ ജി. വിശാഖൻ പ്രതികരിച്ചു. ഭരണകൂടത്തിന്റെ ഫാസിസ്റ്റ് നയങ്ങൾ മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും മേൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമം തടയേണ്ടതുണ്ട്. ഏതെങ്കിലും ഒരു കേസിൽ സംശയിക്കപ്പെടുന്നുവെന്ന് വരുത്തി തീർത്ത് മാധ്യമപ്രവർത്തകന്റെ ഫോൺ പിടിച്ചെടുക്കുകയും കാൾ വിവരങ്ങൾ എടുക്കുകയും അതിലൂടെ സോഴ്‌സ് കണ്ടെത്താൻ ശ്രമിക്കുകയുമാണ് സർക്കാരും പൊലീസും ചെയ്യുന്നത്. ഇത്തരമൊരു നടപടി ഏറെ നാളായി ഈ സമൂഹത്തിൽ കണ്ടു വരികയാണ്.
ഇതോടെ മാധ്യമപ്രവർത്തകന് ഭരണ ഘടന അനുവദിച്ചിട്ടുള്ള അവകാശങ്ങൾ ലംഘിക്കപ്പെടുന്നു. ഒരാളെങ്കിലും ഇത് ചോദ്യം ചെയ്തില്ലെങ്കിൽ വരും നാളുകളിൽ എല്ലാവർക്കും ഭരണകൂട ഭീകരതയ്ക്ക് ഇരയാകേണ്ടി വരും. നിയമം ലംഘിച്ച് വീട് റെയ്ഡ് ചെയ്തവർക്കും അതിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർക്കും എതിരേയുുള്ള നിയമ നടപടി തുടരുമെന്നും വിശാഖൻ പറഞ്ഞു.


