മണ്ണ് മാഫിയായിക്കൊപ്പം സിപിഎം ഉന്നതനും ആഞ്ഞു പിടിച്ചു ; കോയിപ്രത്തെ പോലീസ് ഇൻസ്പെക്ടർക്ക് സ്ഥലമാറ്റം

Kerala Pathanamthitta
Print Friendly, PDF & Email

കോഴഞ്ചേരി: പത്തനംതിട്ട ജില്ലയിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ഗൾഫ് എന്നറിയപ്പെടുന്ന സ്ഥലമാണ് കോയിപ്രം പൊലീസ് സ്‌റ്റേഷൻ. മണ്ണ്, മണൽ, പാറ തുടങ്ങി നിരവധി വരുമാന മാർഗമാണ് ഇവിടെയുള്ളത്. ഇവിടെ പോസ്റ്റിങ് കിട്ടാൻ അരക്കോടി വരെയാണ് രാഷ്ട്രീയക്കാർക്ക് പടി എന്നാണ് പറയുന്നത്. അങ്ങനെയുളള കോയിപ്രത്ത് വന്ന ചുരുക്കം ചില ഉദ്യോഗസ്ഥർ മാത്രമാണ് ധനസമ്പാദനത്തിന് മുതിരാതെ മാഫിയകൾക്കെതിരേ പട പൊരുതിയിട്ടുള്ളത്. ആ ഗണത്തിൽ അവസാനത്തെയാളാണ് നിലവിലുള്ള ഇൻസ്‌പെക്ടർ സജീഷ് കുമാർ.

എന്നാൽ, സിപിഎമ്മിൽ പുതുതായി ഉദിച്ചുയർന്ന നേതാവിന്റെ താൽപര്യ പ്രകാരം സജീഷിനെ ഇവിടെ നിന്ന് പറപ്പിച്ചിരിക്കുകയാണ്. ഇന്നലെ പുറത്തിറങ്ങിയ ഇൻസ്‌പെക്ടർമാരുടെ സ്ഥലം മാറ്റ ലിസ്റ്റിൽ സജീഷുമുണ്ട്. പാറ, മണ്ണു മാഫിയകൾക്കെതിരേ കർശന നടപടി സ്വീകരിച്ചതിന്റെ പേരിലാണ് സജീഷിനെ മാറ്റിയത്. തൃശൂർ കയ്പമംഗലത്തേക്കാണ് നിയമനം. ഈ ലിസ്റ്റിൽ ജില്ലയക്ക് പുറത്തേക്ക് മാറ്റപ്പെട്ടത് രണ്ടു പേരെയാണ്. ഇലവുംതിട്ട എസ്എച്ച്ഓ ദീപുവിനെ പാരിപ്പളളിയിലേക്കാണ് മാറ്റിയത്. ഇത് തിരുവനന്തപുരം റേഞ്ചാണ്. എന്നാണ് കോയിപ്രത്ത് നിന്ന് സജീഷിനെ റേഞ്ച് മാറ്റി തൃശൂർ കയ്പമംഗലത്തേക്ക് ഓടിച്ചതിന് പിന്നിൽ സിപിഎമ്മിലെ നവനേതാവിനുള്ള വിരോധമാണെന്ന് പറയുന്നു.

വെണ്ണിക്കുളത്ത് അഞ്ചു വർഷമായി കെട്ടിട നിർമാണത്തിന്റെ പേരിൽ തുടരുന്ന അനധികൃത പാറ-മണ്ണ് ഖനനത്തിനെതിരേ കർശന നടപടി എടുത്തതാണ് നേതാവിന്റെ കണ്ണിലെ കരടാകാൻ കാരണമായത്. ഇതിനൊപ്പം സിപിഎം നേതാക്കളുടെ ക്രിമിനൽ നടപടികൾക്ക് ചൂട്ടു പിടിക്കാത്തതും വിരോധത്തിന് കാരണമായി. മാസപ്പടി പറ്റുകയോ നേതാക്കളുടെയും മാഫിയയുടെയും ഇഷ്ടത്തിനൊത്ത് പ്രവർത്തിക്കുകയോ ചെയ്യാത്തതന് സജീഷിനെ അനഭിമതനാക്കുകയായിരുന്നു.

വെണ്ണിക്കുളത്ത് ഷോപ്പിങ് കോംപ്ലക്‌സ് നിർമാണത്തിന്റെ മറവിൽ മണ്ണ്-പാറ ഖനനം അഞ്ചു വർഷമായി തുടരുകയാണ്. കെട്ടിടത്തിനോട് ചേർന്നുള്ള സ്ഥലത്ത് നിന്ന് എടുക്കുന്ന മണ്ണും പാറയും അനധികൃതമായി പുറത്തേക്ക് കടത്തുന്നു. പട്ടാപ്പകൽ മണ്ണെടുത്തും പാറ പൊട്ടിച്ചും കൂട്ടിയിടും. പുലർച്ചെ നാലു മുതൽ ഏഴു വരെയാണ് ഇതു അനധികൃതമായി കടത്തുന്നത്. കോയിപ്രം പോലീസ് ഇൻസ്‌പെക്ടർ സജീഷ് കുമാർ മൂന്നു തവണ വണ്ടി പിടികൂടിയിരുന്നു.

വെണ്ണിക്കുളം ജങ്ഷനിൽ തന്നെയാണ് മറച്ചു കെട്ടി ഖനനം നടക്കുന്നത്. അഞ്ചു വർഷം മുൻപാണ് പ്രവാസി വ്യവസായികൾ ഇവിടെ ഷോപ്പിങ് കോംപ്ലക്‌സ് നിർമാണം തുടങ്ങിയത്. അതിനായി മണ്ണു നീക്കുന്നതിനും പാറ പൊട്ടിക്കുന്നതിനും അനുമതി കൊടുത്തിരുന്നു. ഇതിന്റെ മറവിലാണ് ശേഷിച്ച കുന്നിടിച്ചും പാറ പൊട്ടിച്ചും കടത്തുന്നത്. രാഷ്ട്രീയ ഉദ്യോഗസ്ഥ ലോബിയാണ് അനധികൃത കടത്തിന് പിന്നിലുള്ളത്.

കെട്ടിടത്തിന് പിന്നിൽ ശരിക്കും പാറമട തന്നെ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ നിന്ന് പൊട്ടിക്കുന്ന പാറയും നീക്കുന്ന മണ്ണും കെട്ടിടത്തിന്റെ ആവശ്യങ്ങൾക്ക് വേണ്ടി മാത്രം ഉപയോഗിക്കാൻ അനുമതിയുണ്ട്. പ്ലോട്ട് ഡവലപ്‌മെന്റ് ആൻഡ് ബിൽഡിങ് കൺസ്ട്രക്ഷൻ പെർമിറ്റ് മാത്രമാണ് ഇതിനുള്ളത്.

അതായത് അവിടെ നീക്കുന്ന മണ്ണോ പൊട്ടിക്കുന്ന പാറയോ ഒരു തരി പോലും പുറത്തേക്ക് കൊണ്ടു പോകാൻ പാടില്ല. നിർമാണം തുടങ്ങിയ കാലത്ത് കെട്ടിടത്തിനായി പൊട്ടിക്കുന്നുവെന്ന് പറഞ്ഞ് പുറത്തേക്ക് പാറയും എടുക്കുന്ന മണ്ണും കടത്തിയിരുന്നു. കെട്ടിടത്തിന്റെ അടിത്തറ നിർമാണത്തിന് മാത്രമാണ് പാറയും മണ്ണും ആവശ്യം. അതിന്റെ പേരിൽ ഖനനം കൊണ്ടു പിടിച്ച് നടക്കുന്നു.

രാത്രികാലങ്ങളിൽ ടിപ്പർ, ടോറസ് ലോറികളിലാണ് പാറയും മണ്ണും കടത്തിയിരുന്നത്. പോലീസ്, ജിയോളജി, റവന്യൂ, പഞ്ചായത്ത് അധികൃതർക്ക് വൻ തോതിൽ പടി കൊടുത്താണ് അനധികൃത കടത്ത്. ജി. ജയദേവ് എസ്.പി ആയിരിക്കുന്ന സമയത്ത് ഒരു ദിവസം ഷാഡോ പോലീസിനെയും കൂട്ടി ഇറങ്ങി പാറയും മണ്ണും കടത്തിയ 15 ലോറികൾ പിടിച്ചെടുത്തിരുന്നു. അതിന് ശേഷം കുറേക്കാലത്തേക്ക് നിലച്ചു. പിന്നീട് കോയിപ്രം ഇൻസ്‌പെക്ടറായി സജീഷ് കുമാർ ചുമതലയേറ്റതിന് ശേഷം രണ്ടു തവണയായി വാഹനങ്ങൾ പിടികൂടി. ഇതോടെ ഉന്നത പോലീസുദ്യോഗസ്ഥൻ ഇടപെട്ടു പോലീസിനെ നിയന്ത്രിച്ചുവെന്നാണ് അറിയുന്നത്.

അടുത്ത കാലത്ത് പൊട്ടിച്ച പാറ സമീപവാസികളുടെ വീടിന് മുകളിൽ വീണു. പരാതി ഉയർന്നെങ്കിലും അധികാര കേന്ദ്രങ്ങൾ ഇടപെട്ടില്ല. വീര്യം കുറഞ്ഞ ശബ്ദം കേൾക്കാത്ത സ്‌ഫോടക വസ്തുക്കളാണ് ഇത്തരം സ്ഥലങ്ങളിൽ ഉപയോഗിക്കാൻ അനുമതിയുള്ളത്. എന്നാൽ, ഇവിടെ ഒരു ക്വാറിയുടെ സംവിധാനങ്ങളാണ് ഉള്ളത്. നാടു കുലുങ്ങുന്ന തരത്തിലുള്ള സ്‌ഫോടനമാണ് നടക്കുന്നത്. പകൽ പൊട്ടിച്ച് ശേഖരിച്ചിടുന്ന പാറ രാത്രിയിൽ കടത്തും. ലോറികളിൽ കൊണ്ടു പോകുന്ന മണ്ണ് റോഡിൽ വീണ് ഇരുചക്രവാഹനയാത്രികർ വീണു പരുക്കേൽക്കുന്നുണ്ട്.

അനധികൃത പ്രവർത്തനം പുറമേ നിന്നുള്ളവർ കാണാതിരിക്കാൻ ചുറ്റുപാടും കെട്ടി മറച്ച് ഗേറ്റിട്ടിരിക്കുകയാണ്. പരിചയക്കാരെ മാത്രമേ ഉള്ളിലേക്ക് കയറ്റി വിടുകയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *