എൽഡിഎഫ് കൺവീനർ തന്നെ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾക്ക് മുമ്പേ വിവാദങ്ങളുടെ വെട്ടിലാക്കി !!

Kerala Kannur Politics
Print Friendly, PDF & Email

കണ്ണൂർ – തിരഞ്ഞെടുപ്പ് പടിവാതിലിൽ ഇടിത്തീ പോലെ എൽ ഡി എഫ് കൺവീനർ ഇ.പി ജയരാജനെതിരെ ആരോപണങ്ങൾ ഉയർന്നതോടെ കണ്ണൂർ സി പി എം നേതൃത്വം ആശങ്കയിലായി. ഉന്നത നേതാവിനെതിരെ ബിജെപി ബന്ധമെന്ന ആരോപണം പരമ്പരാഗത വൈരിയായ സുധാകരൻ തന്നെ വെടിക്കെട്ടുപോലെ പുറത്തുവിട്ടതോടെ കാസർകോട്, കണ്ണൂർ, വടകര പാർലമെന്റ് മണ്ഡലങ്ങളിലെ ഫലത്തെ തന്നെ ബാധിക്കുമോയെന്ന ആശങ്കയിലാണ് പാർട്ടി.

എന്നാൽ ജയരാജനെ പ്രതിരോധിക്കാനോ, പിന്തുണക്കാനോ ഉന്നത നേതാക്കൾ ആരും രംഗത്തുവരാതിരുന്നത് പാർട്ടി പ്രവർത്തകർക്കിടയിലും ചർച്ചയായിട്ടുണ്ട്. വിവാദങ്ങൾ കുത്തിപ്പൊക്കി വോട്ടെടുപ്പു ദിവസം ചർച്ചയാക്കേണ്ടെന്ന തന്ത്രപരമായ നിലപാടാണ് നേതൃത്വം സ്വീകരിക്കുന്നതെന്ന സൂചനയാണ് ലഭിക്കുന്നത്. കഴിഞ്ഞ ഒരുവർഷമായി പാർട്ടിയോട് ഇടഞ്ഞു നിൽക്കുന്ന ഇ.പി ജയരാജൻ എൽ.ഡി. എഫ് കൺവീനറെന്ന നിലയിൽ സജീവമാകാത്തതിൽ പരക്കെ അമർഷമുണ്ട്. ഇതു ആളിക്കത്തിച്ചുകൊണ്ടാണ് ദല്ലാൾ നന്ദകുമാറുമായി ബന്ധപ്പെട്ട വിവാദങ്ങളും ശോഭസുരേന്ദ്രനും കെപിസിസി അധ്യക്ഷൻ കെ.സുധാകരനും ഉന്നയിച്ച ആരോപണങ്ങളും വെടിക്കെട്ടായി പുറത്തുവന്നത്.

രാജീവ് ചന്ദ്രശേഖറിന് പങ്കാളിത്തമുള്ള നിരാമയ എന്ന കമ്പനിക്ക് ഇ.പിയുടെ കുടുംബത്തിന് ഷെയറുള്ള കല്യാശേരിയിലെ വൈദേകം ആയുർവേദ റിസോർട്ട് നടത്തിപ്പിന് നൽകിയത് നേരത്തെ പാർട്ടിക്കുള്ളിൽ തന്നെ വിവാദമായിരുന്നു. ഈ വസ്തുത നിലനിൽക്കവെ കെ.സുധാകരനുമേൽ ബിജെപി ബന്ധം ആരോപിച്ചു കണ്ണൂരിൽ തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയ സി.പി. എമ്മിനെ അതേ നാണയത്തിൽ പൊളിച്ചടുക്കിയിരിക്കുകയാണ് കെ.സുധാകരൻ.

മഹാരാഷ്ട്ര ഗവർണറാകാൻ ഇ.പി ജയരാജൻ ബിജെപി പ്രഭാരി പ്രകാശ് ജാവേദ്ക്കറുമായി ഡൽഹിയിൽ ചർച്ച നടത്താൻ തയ്യാറായിരുന്നുവെന്നും ഇതിനുള്ള ഫ്ളൈറ്റ് ടിക്കറ്റ് അയച്ചുകൊടുത്തത് ദല്ലാൾ നന്ദകുമാറായിരുന്നുവെന്നാണ് ആരോപണം. സുധാകരൻ, ഇ.പി ജയരാജൻ ബിജെപി നേതാക്കളായ ശോഭാ സുരേന്ദ്രൻ, രാജീവ് ചന്ദ്രശേഖർ എന്നിവരുമായി ചർച്ച നടത്തിയതെന്നാണ് ആരോപണമുന്നയിച്ചതെങ്കിൽ ഇതു അൽപം കൂടി കടത്തി പറഞ്ഞു വസ്തുതാപരമായ ശരിയാണെന്ന് വാദിക്കുകയാണ് ശോഭാ സുരേന്ദ്രൻ.

ഇ.പി ജയരാജന്റെ മകൻ തനിക്ക് 2023-ജനുവരിയിൽ അയച്ച നോട്ട് മൈ നമ്പർ എസ്. എം. എസ് സന്ദേശം ഇതിനായി തെളിവായി കാണിക്കുകയും മകന്റെ ഫോണിലാണ് ഇ.പി തന്നെ ബന്ധപ്പെട്ടതെന്നുമാണ് ശോഭയുടെ ആരോപണം. എന്നാൽ ഒരുവിവാഹച്ചടങ്ങിൽ വച്ചു ശോഭ, മകന്റെ ഫോൺ നമ്പർ വാങ്ങിയെന്നും ഇടയ്ക്കിടെ നരേന്ദ്ര മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നുവെന്നും മകൻ മറുപടി കൊടുത്തില്ലെന്നുമായിരുന്നു ഇ.പിയുടെ വിശദീകരണം . ഈ മകൻ അജ്മാനിൽ ജോലി ചെയ്യുന്ന മദ്യ മുതലാളിയുടെ കമ്പനിയുമായും, ഇപി യുഎഇ യിൽ വന്നാൽ എപ്പോഴും താങ്ങാറാള്ളത് ഈ മദ്യ വ്യവസായിയുടെ കൊത്തളങ്ങളിൽ ആണെന്നതും മുമ്പേ ദുബായിലെ പാർട്ടി പ്രവർത്തകർക്കിടയിൽ ചർച്ചയായിട്ടുള്ളതാണ്.

നേരത്തെ കെ.സുധാകരനാണ് ബിജെപിയിലേക്ക് പോവുകയെന്ന ആരോപണമാണ് ഇ.പി ജയരാജൻ ഉന്നയിച്ചിരുന്നത് . സുധാകരൻ മറവി രോഗത്തിന് മരുന്ന് കഴിക്കാൻ മറന്നു പോയതാണെന്നു പരിഹസിക്കാനും ഇ.പി തയ്യാറായി. എന്നാൽ ആരോപണ കെണിയിൽ വീണ ഇ. പി ജയരാജനെ പിൻതുണയ്ക്കാൻ സി.പി. എം കണ്ണൂർ ജില്ലാനേതൃത്വം പോലും മുൻപോട്ടുവരാത്തത് അണികളിലും ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടങ്ങളിൽ എൽ.ഡി. എഫ് കൺവീനർ തന്നെ പാർട്ടിയെ വെട്ടിലാക്കിയ വിഷമ ഘട്ടത്തിലാക്കിയ പ്രതിസന്ധിയിലാണ് പാർട്ടി .

Leave a Reply

Your email address will not be published. Required fields are marked *