റിസർവ് ബാങ്ക് ഗവർണറുടെ പേരിൽ വ്യാജ രേഖ ചമച്ച് ഓൺലൈൻ ട്രേഡിങ്ങിന്റെ മറവിൽ കോടികളുടെ തട്ടിപ്പ് : ചേർത്തലക്കാരൻ സുജിത്തിനെതിരേ കേസ്

Crime Alappuzha
Print Friendly, PDF & Email

ആലപ്പുഴ – റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ പേരില്‍ വ്യാജ രേഖ ചമച്ച് ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ മറവില്‍ കോടികളുടെ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് ചേര്‍ത്തല വാരനാട് ലിസ്യു നഗര്‍ സ്വദേശി തറയില്‍ സുജിത്തിനെതിരെ ചേര്‍ത്തല പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ആര്‍.വൈഎഫ് ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് അജോ കുറ്റിക്കന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് നല്കിയ പരാതിയില്‍ സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരമാണ് ചേര്‍ത്തല പൊലീസ് കേസെടുത്തത്.

പ്രതിദിന വരുമാനം വാഗ്ദാനം ചെയ്ത് സുജിത്ത് വിവിധ ജില്ലകളില്‍ നിന്നായി കോടിക്കണക്കിന് രൂപ തട്ടിയെടുത്തതായാണ് സൂചന. പണം നല്‍കിയവര്‍ക്ക് വാഗ്ദാനം ചെയ്ത തുക ലഭിക്കാതെ വന്നപ്പോള്‍ ഇയാളെ സമീപിച്ചു. പണം ഉടന്‍ മടക്കി നല്കാമെന്നും റിസര്‍വ് ബാങ്കിന്റെ ചില തടസങ്ങള്‍ നീങ്ങണമെന്നും അറിയിച്ചു. പിന്നാലെ ഇടപാടുകാരെ
വിശ്വസിപ്പിക്കാനായി ഗവര്‍ണറുടെ പേരില്‍ രേഖ ചമച്ച് വാട്‌സാപ്പിലൂടെ അയച്ചു കൊടുക്കുകയായിരുന്നു.

ലഭിച്ച രേഖ വ്യാജമാണെന്ന് മനസിലാക്കി തട്ടിപ്പിന് ഇരയായവര്‍ റിസര്‍വ് ബാങ്കിനെ സമീപിക്കുകയായിരുന്നു. സുജിത്തും വൈക്കം സ്വദേശിയായ സഹായിയും ചേര്‍ന്നാണ് രേഖ നിര്‍മിച്ചത് എന്നാണ് സൂചന. തുടര്‍ന്ന് റിസര്‍വ് ബാങ്ക് റീജണല്‍ മാനേജര്‍ ക്രൈംബ്രാഞ്ചിന് പരാതി നല്കുകയായിരുന്നു.

സുജിത്തിന്റെ തട്ടിപ്പുകള്‍ക്ക് ഏജന്റുമാരും

ഓണ്‍ലൈന്‍ ട്രേഡിങ്ങിന് കമ്മിഷന്‍ വ്യവസ്ഥയില്‍ ഏജന്റുമാരെ നിയോഗിച്ചായിരുന്നു സുജിത്തിന്റെ തട്ടിപ്പ്. ഒരു ലക്ഷം രൂപയ്ക്ക് പ്രതിദിനം ആയിരം രൂപ നിക്ഷേപകര്‍ക്ക് നല്കുമെന്നായിരുന്നു വാഗ്ദാനം. ഇടനിലക്കാര്‍ക്ക് മുന്നൂറ് രൂപയും. അത്യാര്‍ത്തി മൂത്ത് പലരെക്കൊണ്ടും അമ്പത് ലക്ഷം മുതല്‍ രണ്ട് കോടി വരെ നിക്ഷേപിപ്പിച്ചു. തുടക്കത്തില്‍ വാഗ്ദാനം ചെയ്ത തുക ലഭിച്ചതോടെ പലരും കൂടിയ തുക നിക്ഷേപിച്ചു. എന്നാല്‍ പണം ലഭിക്കാതെ വന്നതോടെ ചിലര്‍ ഇയാളെ തേടി വൈക്കത്തെ ലോഡ്ജില്‍ എത്തി. കൊച്ചിയിലെ ഒരു ബാങ്കിലാണ് തന്റെ നിക്ഷേപമെന്നും കൂടെ വന്നാല്‍ എടുത്ത് നല്‍കാമെന്നും അറിയിച്ചു. സുജിത്ത് പറഞ്ഞത് പ്രകാരം ഇവര്‍ കൊച്ചിയിലെത്തി. പിറ്റേന്ന് ബാങ്കിന് സമീപമെത്തിയപ്പോള്‍ പണം ബാംഗ്ലൂരിലെ മ്യൂച്ചല്‍ ഫണ്ട് സ്ഥാപനത്തില്‍ നിക്ഷേപിച്ചിരിക്കുകയാണെന്നും അവിടെ എത്തിയാലെ നല്‍കുവെന്നായി. ഇവര്‍ ബാംഗ്ലൂരിലെത്തി രണ്ടാഴ്ച കഴിഞ്ഞിട്ടും പണം ലഭിക്കാതെ വന്നതോടെ ഒപ്പം പോയവര്‍ നാട്ടിലേക്ക് മടങ്ങി.

ഒരാഴ്ചയ്ക്കകം പണവുമായി നാട്ടിലെത്താമെന്നായിരുന്നു ഇരകള്‍ക്ക് സുജിത്ത് നല്‍കിയ വാഗ്ദാനം. ഒരു മാസം കഴിഞ്ഞും പണം ലഭിക്കാതായതോടെ പണം നഷ്ടപ്പെട്ട ചിലര്‍ സുജിത്തിനെ തേടിയിറങ്ങി. ഒടുവില്‍ കൊച്ചിയില്‍ ഇയാളുണ്ടെന്നറിഞ്ഞതോടെ ഇവര്‍ ഇവിടെ എത്തി. കഴിഞ്ഞ ഡിസംബര്‍ 10 ന് പണം നല്‍കാമെന്ന് ഇയാള്‍ പറഞ്ഞിരുന്നു. പിന്നീട് പണം പിന്‍വലിക്കാന്‍ ചില തടസങ്ങളുണ്ടെന്നും റിസര്‍വ് ബാങ്കില്‍ അവ പരിഹരിച്ചതിന് ശേഷം നല്‍കാമെന്ന് അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ പേരില്‍ വ്യാജ ഉത്തരവ് ഇരകള്‍ക്ക് അയച്ചു നല്‍കിയത്.
ഇതിനിടയില്‍ സുജിത്തിന്റെ നാട്ടില്‍ അന്വേഷിച്ചവര്‍ ഇയാള്‍ തട്ടിപ്പുകാരനാണെന്ന് മനസിലാക്കി.

തനിക്കെതിരെ പരാതി നല്‍കാന്‍ സാധ്യതയുള്ളവര്‍ക്ക് പണം നല്കി തലയൂരാനും നീക്കം നടത്തി. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച ചിലരെ കൂട്ടി പ്രമുഖ വിദേശ ബാങ്കായ ഹോങ്കോങ് ആന്‍ഡ് ഷാങ്ഹായ് ബാങ്കിംഗ് കോര്‍പ്പറേഷന്റെ (എച്ച്.എസ്.ബി.സി) കൊച്ചി ശാഖയിലെത്തി. അക്കൗണ്ടില്‍ കോടിക്കണക്കിന് രൂപയുണ്ടെന്ന് കണ്ടെത്തി.

ഈ തുകയില്‍ നിന്ന് അഞ്ച് കോടി രൂപ മറ്റു അക്കൗണ്ടുകളിലേക്ക് മാറ്റാന്‍ ഹെഡ് ഓഫീസില്‍ നിന്നും അനുമതി ആവശ്യമാണെന്നും മറ്റ് ചില സാങ്കേതിക കാരണങ്ങളും ബാങ്ക് അധികൃതര്‍ നിരത്തിയതോടെ പണം നഷ്ടപ്പെട്ടവര്‍ക്ക് ഇതുവരെ ലഭിച്ചില്ല. അതേ സമയം റിസര്‍വ് ബാങ്കിന്റെ പേരില്‍ വ്യാജ രേഖ ചമച്ച് തട്ടിപ്പ് നടത്തിയതുമായി സുജിത്തിനെതിരെ റിസര്‍വ് ബാങ്കും ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി സുജിത്തിന്റെ അക്കൗണ്ട് മരവിപ്പിക്കുമെന്ന് റിസര്‍വ് ബാങ്ക് തിരുവനന്തപുരം റീജണല്‍ മാനേജര്‍ പറഞ്ഞു. സുജിത്തിനെതിരെ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും റിസര്‍വ് ബാങ്കിന്റെ ഭാഗത്തു നിന്നും നടപടി തുടങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *