പന്തളം – സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ഭാര്യ ആത്മഹത്യ ചെയ്ത കേസില്‍ ശിക്ഷിക്കപ്പെട്ട ശേഷം ഒളിവില്‍പ്പോയ പ്രതിയെ 20 വര്‍ഷത്തിന് ശേഷം പോലീസ് അറസ്റ്റ് ചെയ്തു. കുരമ്പാല പൂഴിക്കാട് ചാങ്ങമംഗലത്ത് വീട്ടില്‍ രമണക്കുറുപ്പ് (62) ആണ് ഓമല്ലൂരിലെ വാടക വീട്ടില്‍ നിന്നും പിടിയിലായത്. സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ശിക്ഷിക്കപ്പെട്ടത്. 1993 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി വന്ന ശേഷം രമണക്കുറുപ്പ് മുങ്ങിയത്. 1994 ല്‍ വാറണ്ടായി.
വിവിധ പ്രദേശങ്ങളിലായില്‍ ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഏറെ നാളായി ഓമല്ലൂരില്‍ വിവിധ കച്ചവടങ്ങള്‍ നടത്തുകയായിരുന്നു. തട്ടുകടയും പച്ചക്കറി കടയും നടത്തി വന്നിരുന്നു. ഇതിനിടെ രണ്ടാമതും വിവാഹം കഴിച്ചു. ഒരു മകളുമുണ്ട്. ഇയാള്‍ക്കെതിരെ കണ്‍വിക്റ്റഡ് വാറന്റ് കോടതി പുറപ്പെടുവിച്ചിരുന്നു. ജില്ലാ പോലീസ് മേധാവി വി. അജിത്തിന്റെ നിര്‍ദേശപ്രകാരം അന്വേഷണം വ്യാപകമാക്കിയതിനെത്തുടര്‍ന്നാണ് അറസ്റ്റ്. പന്തളം പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രജീഷ് ശശി, എസ്.ഐ ജെ.നുജുമുദീന്‍, സി പി ഓ അന്‍വര്‍ഷ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


