പത്തനംതിട്ട – ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയോജകമണ്ഡലങ്ങളിലേക്കുമുള്ള ഇവിഎമ്മുകളുടെ (ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ) രണ്ടാംഘട്ട റാൻഡമൈസേഷൻ പൂർത്തിയായി. ഒന്നാംഘട്ടത്തിൽ മണ്ഡലങ്ങളിലേക്കായി തെരഞ്ഞെടുത്ത കൺട്രോൾ യൂണിറ്റുകൾ, ബാലറ്റ് യൂണിറ്റുകൾ, വിവിപാറ്റ് എന്നിവ കമ്പ്യൂട്ടറൈസ്ഡ് റാൻഡമൈസേഷൻ പ്രക്രിയയിലൂടെ അതത് മണ്ഡലങ്ങളിലെ പോളിംഗ് ബൂത്തുകളിലേക്ക് അനുവദിക്കുകയാണ് രണ്ടാംഘട്ടത്തിൽ ചെയ്തത്. ഇതനുസരിച്ച് ഏഴ് നിയോജക മണ്ഡലങ്ങളിലെയും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാരുടെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിട്ടുള്ള മെഷീനുകൾ ക്രമീകരിക്കും. ഇവിഎമ്മുകളുടെ കമ്മീഷനിംഗ് ഇന്ന് (17) നടക്കും.
കളക്ടറുടെ ചേംമ്പറിൽ നടന്ന റാൻഡമൈസേഷൻ പ്രക്രിയ തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാ കലക്ടറുമായ എസ് പ്രേം കൃഷ്ണന്റെ നേതൃത്വത്തിലാണ് പൂർത്തിയായത്. പൊതു നിരീക്ഷകൻ അരുൺകുമാർ കേംഭവി, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ സി പദ്മചന്ദ്രകുറുപ്പ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.



