ബംഗളൂരു – ശിവമൊഗയിൽ ബിജെപിയ്‌ക്കെതിരെ സ്വതന്ത്രനായി മത്സരിക്കുമെന്ന് പാർട്ടി മുൻ സംസ്ഥാന അദ്ധ്യക്ഷനും മുൻ ഉപമുഖ്യമന്ത്രിയുമായ കെ.എസ് ഈശ്വരപ്പ. മകൻ കെ.ഇ.കാന്തേഷിന് ഹാവേരി സീറ്റ് നൽകാത്തതിനെ തുടർന്ന് പാർട്ടിയുമായി ഇടഞ്ഞ ഈശ്വരപ്പയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡൽഹിയിലേക്ക് വിളിപ്പിച്ചെങ്കിലും പിന്നീട് കാണാൻ അനുവദിക്കാതെ അവസാനനിമിഷം കൂടിക്കാഴ്ച റദ്ദാക്കി എന്ന് അറിയിക്കുകയുമായിരുന്നു. ഇതോടെയാണ് സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചത്.
ബിജെപി യെഡിയൂരപ്പയുടെയും 2 മക്കളുടെയും നിയന്ത്രണത്തിലാണെന്നും അദ്ദേഹം ആരോപിച്ചു. പാർട്ടിയുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ബിജെപി, ആർഎസ്എസ് നിർദേശങ്ങൾ എക്കാലത്തും അനുസരിച്ചിട്ടേയുള്ളൂ. പക്ഷേ, ഈ അനീതി തുടരുന്നത് സഹിക്കാവുന്നതിനും അപ്പുറമാണെന്നും ബിജെപി നേതൃത്വത്തിന് തന്റെ വിജയം കൊണ്ടു മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘കുറുബ’ വിഭാഗത്തിൽ ഏറെ സ്വാധീനമുള്ളയാളാണ് ഈശ്വരപ്പ. 12ന് അദ്ദേഹം പത്രിക നൽകും. പിന്തുണയുമായി ഇന്ത്യാ സഖ്യം ഉൾപ്പടെയുള്ളവർ രംഗത്ത് വരാനും സാദ്ധ്യതയുണ്ട്.


