ജി ആൻഡ് ജി ഫൈനാൻസ് തട്ടിപ്പ് ; പുല്ലാട്ട് നിക്ഷേപകരുടെ പ്രതിഷേധം

Kerala Pathanamthitta
Print Friendly, PDF & Email

കോഴഞ്ചേരി – നൂറുകോടിയോളം രൂപയുടെ ജി ആന്‍ഡ് ജി ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ സ്ഥാപന ഉടമകളെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ബി.ജെ.പിയുടെയും പൗരസമിതിയുടെയും നേതൃത്വത്തില്‍ പുല്ലാട് ജങ്ഷനില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ബി.ജെ.പി നേതാവ് പി.സി. ജോര്‍ജ് പരിപാടി ഉദ്ഘാടനം ചെയ്തു. ജനങ്ങളെ കൊള്ളയടിക്കുന്നതിന് ഭരണാധികാരികളും കൂട്ടു നില്‍ക്കുന്നതിന്റെ ഉദാഹരണമാണ് ജി ആന്‍ഡ് ജി ഫിനാന്‍സ് തട്ടിപ്പില്‍ വ്യക്തമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇവിടുത്തെ എ.ഡി.ജി.പിയും റിട്ട. എസ്.പിയും ഈ കൊള്ളയ്ക്ക് കൂട്ട് നില്‍ക്കുകയാണെന്നും പി സി ജോര്‍ജ് ആരോപിച്ചു. ജനകീയ വികാരമാണ് ഇവിടെ ഉയരേണ്ടത്. എല്‍.ഡി.എഫും യുഡിഎഫും ഒന്നിച്ചാണ് ജനങ്ങളെ കൊള്ളയടിക്കുന്നത്. ജനങ്ങളെ കൊള്ളയടിക്കുന്നവരെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരാന്‍ രാഷ്ട്രീയം മറന്ന് ജനകീയ കൂട്ടായ്മ ഉണ്ടാകണമെന്നും പിസി ജോര്‍ജ് ആവശ്യപ്പെട്ടു.

ബി.ജെ.പി മണ്ഡലം പ്രസിഡന്റ് സിനു എസ്. പണിക്കര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പ്രദീപ് അയിരൂര്‍, ജനകീയ സമരസമിതി ഭാരവാഹികളായ എബി തോമസ്, സജി കുഴവോംമണ്ണില്‍, അനില്‍കുമാര്‍, ഫാ. ഈപ്പന്‍ വര്‍ഗീസ്, കെ.എന്‍. രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
കോടികളുടെ നിക്ഷേപം സമാഹരിച്ച ശേഷം മുങ്ങിയ ഫൈനാന്‍സ് ഉടമകള്‍ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. തെള്ളിയൂര്‍ ശ്രീരാമസദനം ഡി. ഗോപാലകൃഷ്ണന്‍ നായര്‍, ഭാര്യ സിന്ധു ജി. നായര്‍, മകന്‍ ഗോവിന്ദ് ജി. നായര്‍ എന്നിവര്‍ക്കെതിരേയാണ് വിമാനത്താവളങ്ങളിലും റെയില്‍വേ സ്‌റ്റേഷനുകളിലും പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. തട്ടിപ്പില്‍ പങ്കാളിയാണെന്ന് കരുതുന്ന ഗോവിന്ദിന്റെ ഭാര്യ ലക്ഷ്മി രേഖ ജി. കുമാര്‍ വിദേശത്താണ്.

ഇവരെയും നാട്ടിലെത്തിക്കാനുള്ള നീക്കം തുടങ്ങി. ഇതിനിടെ മുന്‍കൂര്‍ ജാമ്യം തേടി സിന്ധു ജി. നായര്‍ ഹൈക്കോടതിയെ സമീപിച്ചു. ജില്ലയിലെ അഞ്ചു പോലീസ് സ്‌റ്റേഷനുകളിലായി നൂറോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിശ്വാസ വഞ്ചന, ചതി, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ക്ക് പുറമേ ബഡ്‌സ് ആക്ടും ചുമത്തിയ സാഹചര്യത്തില്‍ ഇവരുടെ ബിനാമി സ്വത്തുക്കള്‍ കണ്ടെത്തുന്നതിനായി രജിസ്‌ട്രേഷന്‍ ഐ.ജിക്ക് പൊലീസ് കത്തു നല്‍കി. നാല്‍പ്പതോളം ബ്രാഞ്ചുകളിലെ രണ്ടായിരത്തോളം നിക്ഷേപകരില്‍ നിന്നായി നൂറു കോടിയിലധികം രൂപ ഇവര്‍ തട്ടിയെടുത്തുവെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ 300 മുതല്‍ 600 കോടി വരെയാണ് ഇവര്‍ സമാഹരിച്ചതെന്ന് നിക്ഷേപകരും പറയുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *