മോഡിക്കെതിരെ ആഞ്ഞടിച്ചു തൃശൂരിൽ ഖാർഗെ !!

Kerala Politics Thrissur
Print Friendly, PDF & Email

തൃശ്ശൂർ – കോൺഗ്രസിന്റെ കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണനത്തിനു തുടക്കമിട്ടുകൊണ്ടു തൃശൂരിൽ സംഘടിപ്പിച്ച ജനസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ചു കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുന ഖാർഗെ. മോദി സർക്കാരിന്റെ നയങ്ങൾ ന്യൂനപക്ഷങ്ങളേയും വനിതകളേയും ബാധിച്ചുവെന്ന് ഖാർഗെ പറഞ്ഞു. ഫെഡറലിസത്തെ തകർക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. സംസ്ഥാനങ്ങളെ ഞെരുക്കുകയും കഷ്ടപ്പെടുത്തുകയും ചെയ്യുന്നു. സാഹോദര്യം, പരസ്പര വിശ്വാസം എന്നീ ആശയങ്ങളിൽ മോദി വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

സ്വകാര്യമേഖലയെ മാത്രം പ്രോത്സാഹിപ്പിക്കുന്നു. മറ്റ് മേഖലകളെ മരണത്തിന് വിട്ടുകൊടുക്കുന്നു. ജാതിയുടേയും മതത്തിന്റേയും പേരിൽ വോട്ട് തേടിയെത്തുന്ന ബിജെപിയുടെ തന്ത്രങ്ങളെ തിരിച്ചറിയണമെന്നാണ് സഹോദരിമാരോട് പറയാനുള്ളത്. കേരളത്തിലും യുവാക്കൾക്കും എതിരായി അതിക്രമങ്ങൾ വർധിച്ചുവരുന്നു. കേരളത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഭരിക്കുന്ന പാർട്ടിയുടെ വിദ്യാർഥി സംഘടനയിൽനിന്നും ആളുകൾക്ക് നേരെ അതിക്രമം ഉണ്ടാവുന്നു. കേരളത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിക്ക് മണിപ്പുരിൽ പോകാമെങ്കിൽ എന്തുകൊണ്ട് പ്രധാനമന്ത്രിയായ മോദിക്ക് സാധിക്കുന്നില്ല. രാജ്യത്തുടനീളം തിരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കാനും ലക്ഷദ്വീപിൽ വിനോദയാത്ര നടത്താനും ചിത്രമെടുക്കാനും മോദിക്ക് സമയമുണ്ട്, എന്നാൽ മണിപ്പുരിൽ മാത്രം പോകാൻ സമയമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാജ്യത്തെ എല്ലാ ജനാധിപത്യസ്ഥാപനങ്ങളേയും ദുർബലപ്പെടുത്തുന്നു. ഇഡിയേയും സിബിഐയേയും ആദായ നികുതി വകുപ്പിനേയും ഉപയോഗിച്ച് പ്രതിപക്ഷനേതാക്കളെ വേട്ടയാടുന്നു. കേരളത്തിലെ ജനങ്ങൾ എല്ലാ കാലത്തും പാവപ്പെട്ട ജനങ്ങൾക്കും മൂല്യങ്ങൾക്കും ജനാധിപത്യത്തിനും ഭരണഘടനാ സംരക്ഷണത്തിനും വേണ്ടി നിലകൊണ്ടു. കേരളത്തിൽ ജയിച്ചാൽ ഇന്ത്യയിൽ തന്നെ ജയിക്കാൻ കഴിയും. കേരളത്തിൽ ബിജെപിയുടേയോ മോദിയുടേയോ മറ്റ് പാർട്ടികളുടേയോ പതാക ഉയരാൻ അനുവദിക്കരുത്. കന്യാകുമാരി മുതൽ കശ്മീർ വരേയും ബംഗാൾ മുതൽ ഗുജറാത്ത് വരേയുമുള്ള പാർട്ടി കോൺഗ്രസ് മാത്രമാണ്. മറ്റുള്ളവർ രാജ്യത്തിന്റെ ഏതാനും ഭാഗത്ത് മാത്രമേയുള്ളൂ. അവർക്ക് രാജ്യത്തെയും ജനങ്ങളേയും സംരക്ഷിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കണ്ണൂർ വിമാനത്താവളവും കൊച്ചി മെട്രോയും കോൺഗ്രസ് സർക്കാരിന്റെ നേട്ടങ്ങളായി എടുത്ത് പറഞ്ഞ ഘാർഗെ, കോൺഗ്രസ് മുഖ്യമന്ത്രിമാരായ കെ. കരുണാകരനേയും എ.കെ. ആന്റണിയേയും ഉമ്മൻചാണ്ടിയേയും പ്രസംഗത്തിൽ പരാമർശിച്ചു.

പത്ത് ദിവസത്തിനുള്ളിൽ രണ്ട് തവണ കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഒമ്പതുമാസമായിട്ടും മണിപ്പുർ സന്ദർശിച്ചിട്ടില്ലെന്ന് എ.ഐ.സി.സി. സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വിമർശിച്ചു. ഈ കുറുക്കന്റെ ലക്ഷ്യം കേരളത്തിലേയും തൃശ്ശൂരിലേയും ജനങ്ങൾക്ക് അറിയാം. രാജ്യത്തെ ജനങ്ങളുടെ മനസിലേക്ക് വിദ്വേഷത്തിന്റേയും പകയുടേയും വിത്തുകൾ പാകാനാണ് ‘മോദി ഗ്യാരന്റി’യിലൂടെ ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ 20-ൽ ഇരുപത് സീറ്റും യു.ഡി.എഫ്. നേടുമെന്ന് കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *