@ സന്തോഷ് സദാശിവമഠം
തിരുവല്ല: ദുബായ് ആസ്ഥാനമാക്കിയ യൂണീക്ക് വേൾഡ് റോബോട്ടിക്‌സുമായി ചേർന്ന്, തിരുവല്ലയിൽ ആദ്യമായി റോബോട്ടിക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് തുടങ്ങിയ അത്യാധുനിക വിഷയങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കിയ മാർത്തോമാ റെസിഡൻഷ്യൽ സ്കൂളിൽ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ‘ടെക്നോവേഷൻ 2024’ എന്ന പേരിൽ AI-റോബോട്ടിക്‌സ് എക്സ്പോ സംഘടിപ്പിക്കുന്നു. 2024 ജനുവരി 27ന് സ്കൂൾ ആഡിറ്റോറിയത്തിൽ വെച്ചു നടക്കുന്ന എക്സ്പോയിൽ റോബോട്ടിക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓഗ്മെന്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി, ത്രീഡി പ്രിന്റിംഗ്, ഡ്രോൺ ടെക്നോളജി, തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളുടെ തത്സമയ പ്രദർശനം നടക്കും. തിരുവല്ലയിൽ ആദ്യമായാണ് ഇത്തരത്തിൽ ഫ്യുച്ചർ ടെക്‌നോളജികൾ അടുത്ത് കാണാനും, ഉപയോഗിക്കാനും അവസരമൊരുങ്ങുന്നത്. ഈ അധ്യയന വർഷത്തിൽ മാർത്തോമ റെസിഡൻഷ്യൽ സ്കൂളിലെ കുട്ടികൾ പഠിച്ച വിഷയങ്ങളുമായി ബന്ധപ്പെട്ട് സൗരോർജ്ജം, കൃഷി, ആരോഗ്യം, ബഹിരാകാശം, ഓട്ടോമാറ്റിക് കാറുകൾ, ഓട്ടോമാറ്റിക്ക് പാർക്കിങ് സംവിധാനങ്ങൾ, തുടങ്ങി പതിനഞ്ചോളം വിവിധ വിഷയങ്ങളിലൂന്നിയുള്ള പ്രോജക്ടുകളാണ് ഒന്നുമുതൽ ഒമ്പതാം ക്ലാസ്സുവരെയുള്ള കുട്ടികൾ തയാറാക്കികൊണ്ടിരിക്കുന്നത്. ഇതിനോടൊപ്പം തന്നെ മറ്റു സ്കൂൾ-കോളേജുകളിൽ നിന്നുള്ളവരുടെ പ്രോജക്ടുകളും, നിരവധി മത്സരങ്ങളും നടക്കും, വിവിധ ക്യാറ്റഗറിയിലായി 10,000 രൂപയുടെ ക്യാഷ് അവാർഡുകളും, മറ്റനേകം സമ്മാനങ്ങളും വിതരണം ചെയ്യും.
അമേരിക്കയിലെ STEM.org യുടെ അന്താരാഷ്ട്ര അംഗീകാരത്തോടെ, യുണീക്ക് വേൾഡ് റോബോട്ടിക്‌സുമായി സഹകരിച്ചുകൊണ്ട് 2023ലാണ് മാർത്തോമാ സ്കൂളിൽ AI-റോബോട്ടിക്‌സ് ക്ലാസുകൾ ആരംഭിക്കുന്നത്. ഈ കാലയളവിൽ നാസ നടത്തിയ ഇന്റർനാഷണൽ സ്പേസ് ആപ്പ്സ് ചാലഞ്ച് ഹാക്കത്തോണിലും കുട്ടികൾ പങ്കെടുത്ത് അവാർഡുകൾ കരസ്ഥമാക്കിയിരുന്നു. ഇപ്പോൾ ആരംഭിക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരള (GSFK) യിലേക്കും ഈ കുട്ടികൾക്ക് അവരുടെ പ്രോജക്ട് അവതരിപ്പിക്കാനും, നാസയിൽ നിന്നുള്ള സീനിയർ ശാസ്ത്രജ്ഞരുമായി ആശയവിനിമയം നടത്താനുമുള്ള ക്ഷണമുണ്ട്. ജനുവരി 24ന് നടക്കുന്ന കൊഡേവർ അന്താരാഷ്ട്ര ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോമ്പറ്റിഷനിലും അഞ്ചോളം ടീമുകൾ മാർത്തോമയിൽ നിന്ന് പങ്കെടുക്കുന്നുണ്ട്. അടുത്ത അധ്യയന വർഷത്തിൽ 10ആം ക്ലാസ് വിദ്യാർഥികൾ ആദ്യമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & റോബോട്ടിക്‌സ് വിഷയത്തിൽ ബോർഡ് പരീക്ഷയെഴുതുന്നു എന്നൊരു പ്രത്യേകതയുമുണ്ട്. യുണീക്ക് വേൾഡ് റോബോട്ടിക്സിലെ സെർട്ടിഫൈഡ് സീനിയർ ട്രെയ്‌നറായ ജിതിൻ അനു ജോസിന്റെ നേതൃത്വത്തിൽ ആഞ്ജലിൻ ജോൺസൺ, ആസ്ത ജി തുടങ്ങിയവരാണ് സ്കൂളിലെ ക്ലാസുകളും മറ്റ് ട്രെയിനിങ് പ്രോഗ്രാമുകളും കൈകാര്യം ചെയുന്നത്.
മാർത്തോമ റെസിഡൻഷ്യൽ സ്കൂളിൽ വെച്ച് നടന്ന പത്ര സമ്മേളനത്തിൽ മാർത്തോമ റെസിഡൻഷ്യൽ സ്കൂൾ പ്രിൻസിപ്പൽ . റെജി മാത്യു, യൂണീക്ക് വേൾഡ് റോബോട്ടിക്‌സ് CEO ശ്രീ. ബൻസൻ തോമസ് ജോർജ്ജ്, ട്രെയ്‌നർമാരായ ശ്രീമതി. ജിതിൻ അനു ജോസ്, ആസ്ത ജി പിള്ളൈ തുടങ്ങിയർ സംസാരിച്ചു.


