എറണാകുളം: എസ്എഫ്ഐ വിദ്യാർത്ഥി നേതാവായിരുന്ന അഭിമന്യൂവിന്റെ മരണത്തിനു ശേഷം, സമാധാനത്തിന്റെ ദീർഘകാല ഇടവേളയ്ക്ക് വിരാമമിട്ടുകൊണ്ട് മഹാരാജാസ് കോളേജ് ക്യാംപസിൽ വീണ്ടും സംഘർഷം. ഇന്ന് പുലർച്ചെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായ നാസർ അബ്ദുൾ റഹ്മാന് കുത്തേറ്റു. ക്യാമ്പസിനുള്ളിൽ വെച്ചാണ് കുത്തേറ്റിരിക്കുന്നത്.
ആക്രമണം നടത്തിയത് പുറത്തു നിന്നെത്തിയ ഫ്രറ്റേണിറ്റി പ്രവർത്തകരാണെന്ന് എസ്എഫ്ഐ ആരോപിച്ചു. നാസറിന്റെ കയ്യിലും കാലിലും വയറ്റിലുമാണ് കുത്തേറ്റിരിക്കുന്നത്. സംഭവത്തിൽ പോലീസ് തുടർനടപടി സ്വീകരിച്ചിട്ടുണ്ട്. ഇന്ന് പുലർച്ചെ ക്യാമ്പസിലൂടെ നടന്നു വരുമ്പോൾ പത്തുപതിനേഴു പേർ ഉൾപ്പെട്ട സംഘം അക്രമം നടത്തുകയായിരുന്നെന്നാണ് പുറത്തു വരുന്ന വിവരം. ഏതാനും ദിവസമായി ക്യാമ്പസിൽ നില നിന്നിരുന്ന സംഘർഷത്തിന്റെ തുടർച്ചയാണ് ഈ അക്രമമെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസത്തെ സംഘർഷവുമായി ബന്ധപ്പെട്ടു ഒരാളെ കോളേജിൽ നിന്നും സസ്പെന്റ് ചെയ്തിരുന്നു.


