ഏനാത്ത് പാലം കുലുങ്ങിയപ്പോൾ പോലും കുലുങ്ങാതെ നിന്ന എൻജിനീയർ ഫിലിപ്പിന് ഇനിയും അംഗീകാരമില്ല..!!

Pathanamthitta TECH
Print Friendly, PDF & Email

പത്തനംതിട്ട – അടൂർ – കൊട്ടാരക്കര എംസി റോഡിലെ ഏനാത്ത് പാലത്തിനുണ്ടായ തകരാർ പരിഹരിക്കുന്നതിനിടെ ലിഫ്റ്റിംഗ് നടത്തുമ്പോൾ ഉണ്ടാകാമായിരുന്ന വലിയ ഒരു അപകടം ഒഴിവാക്കുകയും അമ്പതിൽപ്പരം ജീവനുകൾ രക്ഷിക്കുകയും ചെയ്ത പിഡബ്ല്യുഡി മുൻ എൻജിനിയർക്ക് അർഹമായ അംഗീകാരം ഇതുവരെയില്ല. എൻജിനിയർ അടൂർ ഫിലിപ്പാണ് ഏഴുവർഷം മുൻപ് ഏനാത്ത് പാലത്തിന്റെ ലിഫ്ടിങ് സമയത്ത് സമയോചിതമായ ഇടപെടൽ നടത്തിയത്. 2017 ജനുവരി പത്തിന് അപകടത്തിലായ ഏനാത്ത് പാലത്തിന്റെ വിഷയം നിസാരമാണെന്ന തരത്തിൽ ലിഫ്റ്റ് ചെയ്തു പ്രശ്‌ന പരിഹാരത്തിന് പൊതുമരാമത്ത് സാങ്കേതിക വിദഗ്ധർ ശ്രമിക്കുന്നതിനിടെയാണ് സ്ഥലത്തുണ്ടായിരുന്ന ഫിലിപ്പിന്റെ ഇടപെടൽ ഉണ്ടായത്. മുന്പ് പിഡബ്ല്യുഡിയിൽ ജോലി ചെയ്യുകയും വിദേശത്തെ സാങ്കേതികവിദ്യകൾ പഠിക്കുകയും ചെയ്തിട്ടുള്ള ഫിലിപ്പിന് അപകടാവസ്ഥ മനസിലായി.

പാലം ലിഫ്ടിങ് നടത്തിയാൽ താഴെ വീഴുമെന്നും സ്ഥലത്തുള്ള ഉദ്യോഗസ്ഥരും മാധ്യമ പ്രവർത്തകരും അടക്കം അമ്പതോളം ആളുകളുടെ ജീവൻ തന്നെ അപകടത്തിലാകുമെന്നു മനസിലാക്കിയ ഫിലിപ്പ് അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനെ ഫോണിൽ വിളിച്ച് അപകടവാസ്ഥ ബോധ്യപ്പെടുത്തുകയും ചെയ്തു. ലിഫ്റ്റിങ് നടക്കാൻ എട്ടു മിനിട്ട് മാത്രമുള്ളപ്പോഴാണ് മന്ത്രിയുടെ ഇടപെടൽ ഉണ്ടായത്. സാങ്കേതിക വിദഗ്ധരുമായി ചർച്ച ചെയ്തു മന്ത്രി ഉടനടി നടപടികൾ നിർത്തിവയ്പിച്ച ശേഷം തുടർ പരിശോധനകൾക്കു നിർദ്ദേശം നൽകുകയായിരുന്നു.

പിന്നീടു നടന്ന പരിശോധനകളിൽ ഫിലിപ്പിന്റെ വാദഗതികൾ സാങ്കേതികമായി അംഗീകരിക്കപ്പെട്ടു. ലിഫ്ടിങിലൂടെ പാലത്തിന്റെ സ്പ്രിംഗ് പാഡ് മാറ്റി സ്ഥാപിച്ചു പരിഹരിക്കാമെന്നു കരുതിയ വിഷയം പിന്നീട് തൂണുകളുടെ അപാകതകളും തീർത്താണ് പരിഹരിച്ചത്. അതിനു മുൻപും സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് നിരവധി സാങ്കേതിക വിദ്യകൾ ഉപദേശിച്ചു നൽകുകയും വിജയമെന്നു കണ്ടെത്തുകയും ചെയ്ത ഫിലിപ്‌സ്മാൻ ടെക്‌നോളജിയുടെ ഉടമ കൂടിയാണ് ഫിലിപ്പ്.

എന്നാൽ പൊതുമരാമത്ത് വകുപ്പിൽ നിന്ന് അദ്ദേഹത്തിന് ഇന്നേവരെ ഒരു അംഗീകാരവും നൽകിയില്ല. എന്നാൽ ഏനാത്ത് പാലം തകർന്നു വീഴാതെ രക്ഷിച്ച ഫിലിപ്പിനെ സംബന്ധിച്ച് മാധ്യമ വാർത്തകൾ വന്നതിനു പിന്നാലെ അദ്ദേഹത്തിന് ഒരു അംഗീകാരം നൽകുമെന്ന പ്രതീക്ഷകളും തകർന്നു. ഫിലിപ്പിന്റെ ഇടപെടൽ അംഗീകരിച്ച് അന്നത്തെ മന്ത്രി ജി. സുധാകരൻ പിന്നീട് പൊതുപ്രസ്താവന നടത്താൻ തയാറായതിനു പിന്നാലെ കഴിഞ്ഞ ഒക്ടോബർ 10ന് ഫിലിപ്പിന്റെ ഇടപെടൽ അംഗീകരിച്ച് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കത്തു നൽകി.

തന്റെ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി പുതിയ സംരംഭം തുടങ്ങാൻ കാത്തിരുന്ന അടൂർ ഫിലിപ്പിനു വാഗ്ദാനം ചെയ്യപ്പെട്ട വായ്പ പോലും മുടങ്ങി കടക്കെണിയിലായ ഘട്ടത്തിൽ തനിക്ക് ഒരു അംഗീകാരം വേണമെന്ന് ഫിലിപ്പ് ആവശ്യപ്പെടുന്നത്. ഇതിനായി അദ്ദേഹം മുട്ടാത്ത വാതിലുകളില്ല. എന്നാൽ ഏതെങ്കിലും തരത്തിലുള്ള ഒരു റിവാർഡ് നൽകാൻ ആകില്ലെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ നിലപാട്. ഇതിനൊരു മാറ്റം വേണമെന്ന ആവശ്യമാണ് ഫിലിപ്പിന് ഉയർത്താനുള്ളത്.

 

Leave a Reply

Your email address will not be published. Required fields are marked *