സന്നിധാനം – ദിനം പ്രതി ഉയരുന്ന സന്നിധാനത്തെ തിരക്കിൽ ഡൈനമിക് ക്യൂ സംവിധാനം വൻ വിജയമാവുകയാണ്. രാജ്യത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നെത്തുന്ന ഭക്തജനങ്ങളുടെ തിരക്ക് വർദ്ധിക്കുമ്പോൾ ദീർഘ നേരം ക്യൂവിൽ നിൽക്കേണ്ടി വരുന്നതിനാലുള്ള പ്രശ്നങ്ങൾക്ക് ആശ്വാസകരമാണ് പുതിയ സംവിധാനം.
മരക്കൂട്ടത്ത് നിന്ന് ശരംകുത്തിയിലേക്ക് വരുന്ന പാതയിൽ ആറ് ക്യു കോംപ്ലക്സുകളിലായാണ് ഡൈനമിക് ക്യൂ സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. ഓരോ ക്യൂ കോംപ്ലക്സിലും മൂന്ന് മുറികളിലായി കുടിവെള്ളം, സ്നാക്സ്, വിശ്രമ സൗകര്യം, ശൗചാലയം എന്നീ സൗകര്യങ്ങൾ ഒരുക്കിയതോടെ മലകയറിയെത്തുന്ന ഭക്തർക്ക് താത്കാലിക ആശ്വാസ കേന്ദ്രങ്ങളായി മാറുകയാണ്. തിരക്കിനനുസരിച്ച് ഓരോ കോംപ്ലക്സിൽ നിന്നും പ്രവേശനം അനുവദിക്കുകയും ചെയ്യും.
ഓരോ കോംപ്ലക്സിലും ദർശന സമയമുൾപ്പെടെയുള്ള വിശദവിവരങ്ങൾ ഡിസ്പ്ലെ ചെയ്തുട്ടുണ്ട്. കൺട്രോൾ റൂമിലൂടെയാണ് ഇവയുടെ നിയന്ത്രണം. ശരംകുത്തി വഴിയും പരമ്പരാഗത വഴിയും പോകുന്നവർക്ക് ക്യൂ സംവിധാനം ഏറെ പ്രയോജനകരമാണ്. കഴിഞ്ഞ ബുധനാഴ്ച്ചയാണ് പുതിയ മോഡൽ സംവിധാന സൗകര്യം ഏർപ്പെടുത്തിയത്. ഇതിലൂടെ ദിനംപ്രതി എത്തുന്ന പതിനായരക്കണക്കിന് ഭക്തരെ നിയന്ത്രിക്കാനും സാധിക്കുന്നു.
എന്ന് ശബരിമല മീഡിയ സെന്റർ പത്രക്കുറിപ്പ് .


