കൊല്ലം : ചിതറയിൽ വീട് കുത്തിത്തുറന്ന് മോഷണം നടന്നു . സ്വർണ്ണാഭരണങ്ങൾ പോലും എടുക്കാതെ മോഷ്ടാവ് മോഷ്ടിച്ച സാധനങ്ങൾ കണ്ടു അതിശയിച്ച് വീട്ടുകാരും പോലീസും. സ്വര്ണാഭരണങ്ങളിൽ തിരിഞ്ഞുപോലും നോക്കാതെ രണ്ട് കുപ്പി മദ്യവും വഞ്ചി കുടുക്കയും എടുത്താണ് കള്ളൻ മുങ്ങിയത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്തായിരുന്നു മോഷണം.
മോഷണം നടന്ന വീട്ടിൽ മൂന്ന് കുപ്പി മദ്യവും രണ്ട് കുപ്പി ബിയറും ഉണ്ടായിരുന്നു. ഇതിൽ രണ്ട് കുപ്പി മദ്യം മോഷ്ടാവ് കൊണ്ടുപോയി. ഒരു കുപ്പി ബിയറും അരക്കുപ്പി മദ്യവും അവിടെവെച്ചു തന്നെ കുടിച്ചിട്ടാണ് പോയത്.
ചുമട് താങ്ങി സ്വദേശിനിയായ അംബികയുടെ വീട്ടിലായിരുന്നു മോഷണം. മകൻ ശബരിമലയ്ക്കും അംബിക തിരുവനന്തപുരത്തെ കുടുംബ വീട്ടിലും പോയ തക്കം നോക്കിയായിരുന്നു കവർച്ച. വീടിന് സമീപത്തെ റബർ തോട്ടത്തിൽ ജോലിക്കെത്തിയ സ്ത്രീയാണ് മുൻ വശത്തെ വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടത്. ഉടനെ നാട്ടുകാരേയും വീട്ടുകാരേയും പോലീസിനേയും വിവരമറിയിക്കുകയായിരുന്നു. നാലരപ്പവൻ സ്വർണം മോഷണം പോയെന്നായിരുന്നു പോലീസിൽ ആദ്യം പരാതി നൽകിയത് .
എന്നാൽ, മോഷ്ടാവ് വലിച്ചു വാരിയിട്ട വസ്ത്രങ്ങൾക്കിടയിൽ നിന്ന് പൊലീസിന് ആഭരണങ്ങൾ കിട്ടി. വീടുമായും, വീട്ടുകാരെയും അടുത്ത് പരിചയമുള്ളയാളാകാം മോഷ്ടാവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.


