തിരുവനന്തപുരം – ശബരിമലയിൽ തീർത്ഥാടകർക്ക് അടിയന്തര വൈദ്യ സഹായം ഒരുക്കാൻ കനിവ് 108ന്റെ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ കൂടി വിന്യസിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. ആരോഗ്യ വകുപ്പിന്റേയും കനിവ് 108ന്റേയും ആംബുലൻസുകൾക്ക് പുറമേയാണ് ഈ യൂണിറ്റുകൾ കൂടി സജ്ജമാക്കിയിരിക്കുന്നത്. സുസജ്ജമായ ആശുപത്രികൾക്ക് പുറമേ പമ്പ മുതൽ സന്നിധാനം വരെയും കാനനപാതയിലുമായി ആകെ 19 എമർജൻസി മെഡിക്കൽ സെന്ററുകൾ, ഓക്സിജൻ പാർലറുകൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ഇടുങ്ങിയ പാതകളിൽ സഞ്ചരിക്കാൻ കഴിയുന്ന ബൈക്ക് ഫീഡർ ആംബുലൻസ്, ദുർഘട പാതകളിലൂടെ സഞ്ചരിക്കാൻ കഴിയുന്ന 4×4 റെസ്‌ക്യു വാൻ, ഐസിയു ആംബുലൻസ് എന്നിവയാണ് ശബരിമലയ്‌ക്കായി സജ്ജമാക്കിയത്.
തീർത്ഥാടകർക്ക് വൈദ്യസഹായം വേണ്ട സാഹചര്യങ്ങളിൽ 108 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് ബന്ധപ്പെട്ടാൽ ഈ വാഹനങ്ങളുടെ സേവനം ലഭ്യമാകും. ഒരു രോഗിയെ കിടത്തികൊണ്ട് പോകാൻ കഴിയുന്ന തരത്തിൽ സജ്ജമാക്കിയ സൈഡ് കാറോടു കൂടിയതാണ് ബൈക്ക് ഫീഡർ ആംബുലൻസ്. രോഗികളെ പരിചരിക്കുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച ഒരു എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ആയിരിക്കും ഈ വാഹനം നിയന്ത്രിക്കുന്നത്. ദുർഘട പാതകളിൽ അനായാസം സഞ്ചരിക്കാൻ കഴിയുന്ന 4×4 ഡ്രൈവ് വാഹനത്തിൽ അടിയന്തര വൈദ്യസഹായം നൽകാൻ വേണ്ടിയുള്ള മരുന്നുകളും ഉപകരണങ്ങളും ലഭ്യമാണ്. രോഗികളെ പരിചരിക്കുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച ഒരു എമർജൻസി മെഡിക്കൽ ടെക്‌നീഷ്യന്റെ സേവനം ഈ വാഹനത്തിൽ ഉണ്ടായിരിക്കും. ഈ ആംബുലൻസിലും വൈദ്യസഹായം നൽകാൻ ഒരു എമർജൻസി മെഡിക്കൽ ടെക്‌നീഷ്യന്റെ സേവനം കൂടി ലഭ്യമാണ്.


