സന്നിധാനം – പതിനെട്ടാം പടിക്ക് താഴെ രഞ്ജുവും ഹരിദാസും ഹെൽമറ്റ് അണിഞ്ഞു നിൽക്കുന്നത് ക്രിക്കറ്റ് കളിക്കാനല്ല. ജീവിതത്തിൽ റണ്ണടിക്കാനാണ്.. അയ്യപ്പന്മാർ തേങ്ങാ എറിഞ്ഞുടക്കുന്ന ഭിത്തിക്ക് താഴെ തേങ്ങാ തടുത്തു കൂട്ടുന്ന ജോലി ചെയ്യുമ്പോൾ തലയ്ക്കും മുഖത്തും പരുക്ക് ഏൽക്കാതെ രക്ഷപ്പെടാനാണ് ഈ ഹെൽമറ്റ് . കല്ലുവാതുക്കൽ മാവിള പുത്തൻവീട്ടിൽ വി.രഞ്ജുവും പാരിപ്പള്ളി ഹരി നിവാസിൽ ഹരിദാസും പതിനെട്ടാംപടിക്കു താഴെ അയ്യപ്പന്മാർ എറിഞ്ഞുടക്കുന്ന നാളികേരങ്ങൾ കോരി മാറ്റുന്ന ജോലിക്കാരാണ്.
മണിക്കൂറുകളോളം വരിയിൽ നിന്ന് അവസാനം പതിനെട്ടാംപടിക്ക് മുന്നിലെത്തി കയറാനുള്ള ആവേശത്തിൽ നാളികേരം ഉണ്ടാക്കാനായി അങ്ങോട്ടേക്ക് വലിച്ചറിഞ്ഞാണു അയ്യപ്പന്മാർ ഓടുന്നത്. അവിടെ ഇങ്ങനെ രണ്ടു മനുഷ്യർ ഉണ്ടന്നത് അയ്യപ്പന്മാർക്കറിയില്ലല്ലോ. തേങ്ങാ പലതും കൊള്ളുന്നത് ഇവരുടെ ദേഹത്താണ്. കഴിഞ്ഞ വർഷം സാധാരണ ഹെൽമറ്റ് ധരിച്ചാണ് ജോലി നോക്കിയത്. അന്നു മിക്കവർക്കും മുഖത്തും തലയിലും പരുക്കുപറ്റി. അതിനാലാണ് നാളികേരം കരാറുകാരൻ ഇത്തവണ ക്രിക്കറ്റ് കളത്തിലെ ഹെൽമറ്റ് സംഘടിപ്പിച്ചു കൊടുത്തിരിക്കുന്നത്.
ഹരിദാസ് ആദ്യമായാണ് ഇവിടേക്ക് ജോലിക്കു വരുന്നത്. ജീവിക്കാനായി വേതനം എന്നതിനപ്പുറം ഈ ജോലികൊണ്ടുള്ള പ്രയോജനം അയ്യപ്പ സന്നിധിയിൽ എല്ലാ ദിവസവും ദർശനം നടത്താം. ജോലിയും നോക്കി ഭക്തിയോടെ ഇവിടെ നിൽക്കാം. അതൊക്കെയാണ് ഹരിദാസിനെ ഇവിടേക്ക് ആകർഷിച്ചത്. ക്രിക്കറ്റ് കളിക്കളത്തിലെ ഹെൽമറ്റും കയ്യിൽ ബാറിന് പകരം കോരിയുമായി നിൽക്കുന്ന രഞ്ജു, ഹരിദാസ് എന്നിവരെ കൗതകത്തോടെയാണ് അയ്യപ്പന്മാർ പലരും നോക്കുന്നത്. ഭൂരിഭാഗം അയ്യപ്പന്മാരും ഇവരെ കാണുക കൂടിയില്ല .
What do you feel about this post?
Like
Love
Happy
Haha
Sad

