പുനലൂർ: അവധി ദിനത്തിൽ താലൂക്ക് ഓഫീസിൽ നിന്ന് ഔദ്യോഗിക വാഹനത്തിൽ മരണനാന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയ ജീവനക്കാർ അടങ്ങിയ സംഘം അപകടത്തിൽപ്പെട്ടു. ഡെപ്യൂട്ടി തഹസിൽദാർ അടക്കം മൂന്നു പേർക്ക് പരുക്കേറ്റു.
അനൗദ്യോഗിക യാത്രയായതിനാൽ രേഖകൾ തിരുത്തി വാഹന ദുരുപയോഗം ഔദ്യോഗകമാക്കാൻ ശ്രമമെന്ന് ആക്ഷേപം. കുന്നത്തൂർ താലൂക്ക് ഓഫീസിലെ സ്‌പെഷൽ വില്ലേജ് ഓഫീസർ അജയകുമാറിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് ഭരണിക്കാവിൽ നിന്ന് മടങ്ങും വഴിയാണ് പുനലൂർ താലൂക്ക് ഓഫീസിലെ ഔദ്യോഗിക വാഹനമായ ബൊലീറോ ജീപ്പ് കുന്നിക്കോട് പച്ചിലവളവിന് സമീപം അപകടത്തിൽപ്പെട്ടത്.
ഓവർടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ വാഹനം ഓടിച്ചിരുന്ന താൽക്കാലിക െ്രെഡവർ വെളിയം സ്വദേശി സന്തോഷ് കുമാർ, ഡെപ്യൂട്ടി തഹസിൽദാർ സന്തോഷ് ജി. നാഥ്, ഓഫീസ് അസിസ്റ്റന്റ് അനിൽ കുമാർ എന്നിവർക്ക് പരുക്കേറ്റു.
രണ്ടാം ശനിയാഴ്ച വൈകിട്ട് നാലു മണിയോടെ ആയിരുന്നു അപകടം. പരുക്കേറ്റവരിൽ െ്രെഡവറുടെ നില ഗുരുതരമായതിനാൽ മിയ്യണ്ണൂർ അസീസീയ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പിന്നീട് ഇവിടെ നിന്ന് വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളജിലേക്ക് മാറ്റിയതായും അറിയുന്നു. വാഹനം അപകടത്തിൽപ്പെട്ടത് പുനലൂർ താലൂക്ക് ഓഫീസ് പരിധിയിൽ തന്നെയാണ്. സർക്കാരിന്റെ ചട്ടം അനുസരിച്ച് വിവാഹം, മരണം തുടങ്ങിയ ചടങ്ങുകൾക്ക് ജീവനക്കാർ ഔദ്യോഗിക വാഹനം ഉപയോഗിക്കാൻ പാടില്ലെന്നാണ്. ഇത് ഇവിടെ ലംഘിക്കപ്പെട്ടുവെന്നാണ് മനസിലാകുന്നത്.
അപകടം നടന്നതിന് പിന്നാലെ വാഹനത്തിന്റെ ബോർഡ് മറച്ചു. അപകടമുണ്ടാക്കിയ ലോറിയുടെ െ്രെഡവറുമായി ഒത്തു തീർപ്പുണ്ടാക്കുകയും വാഹനം ഉടൻ തന്നെ വർക് ഷോപ്പിലേക്ക് മാറ്റുകയും ചെയ്തു. അപകടത്തിൽപ്പെട്ട വാഹനം പോലീസിന്റെ നടപടി ക്രമങ്ങൾ പൂർത്തിയാക്കാതെയാണ് വർക് ഷോപ്പിലേക്ക് മാറ്റിയതെന്നുമുള്ള ആക്ഷേപവും നിലനിൽക്കുകയാണ്. വാഹനം ഉപയോഗിച്ച ജീവനക്കാർക്ക് എതിരേ വകുപ്പു തല നടപടി ഉണ്ടാകുമെന്ന് ഭയന്നാണ് രേഖകൾ തിരുത്താൻ ശ്രമം നടത്തിയതത്രേ.
ജീവനക്കാർ ഡ്യൂട്ടിയിലായിരുന്നുവെന്ന് തഹസിൽദാർ നസിയ പറഞ്ഞു. അവധി ദിനങ്ങളിൽ പാറ, മണ്ണു കടത്ത് പോലുള്ള നിയമവിരുദ്ധ പ്രവൃത്തികൾ തടയുന്നതിന് വേണ്ടിയുള്ള സ്‌ക്വാഡ് വർക്കിന് പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ജീവനക്കാർക്ക് കാര്യമായ പരുക്കില്ല. രണ്ടു ദിവസം വിശ്രമം എടുക്കാൻ ഡോക്ടർ നിർദേശിച്ചിട്ടുണ്ട്. കലക്ടറുടെ പ്രൊസീഡിങ്‌സ് പ്രകാരമുള്ള സ്‌ക്വാഡ് വർക്കുണ്ടായിരുന്നു. അതിന് പോയവരാണ് അപകടത്തിൽപ്പെട്ടത്. അറയ്ക്കൽ, നരയ്ക്കൽ ഭാഗം നോക്കി വെട്ടിക്കവല വഴി വന്ന് പമ്പിൽ നിന്ന് ഡീസൽ അടിച്ചു മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. ലോറിയുമായി ഇടിച്ച് വാഹനം തെന്നി മാറുകയായിരുന്നുവെന്നും തഹസിൽദാർ പറഞ്ഞു. ഏറ്റവും മികച്ച തഹസിൽദാർക്കുള്ള അവാർഡ് ലഭിച്ചയാളാണ് നസിയ.
എന്നാൽ, തഹസിദാർ പറയുന്നതു പോലെ സ്‌ക്വാഡ് വർക്കിനുള്ള പ്രൊസീഡിങ്‌സ് ഉണ്ടായിരുന്നില്ലെന്നാണ് ആക്ഷേപം. അപകടം ഔദ്യോഗിക യാത്രയ്ക്കിടെയാണെന്ന് വരുത്തി തീർക്കാൻ വേണ്ടി രേഖകൾ ചമയ്ക്കാൻ ശ്രമിക്കുകയാണെന്നും പറയുന്നു.


