പത്തനംതിട്ട – ജില്ല കലക്ടർ എ നിസാമുദ്ദീന്റെ അധ്യക്ഷതയിൽ കലക്ടറേറ്റ് പമ്പ കോൺഫറൻസ് ഹാളിൽ ജില്ല ദുരന്ത നിവാരണ അതോറിറ്റി യോഗം ചേർന്നു. മഴക്കെടുതി ദുരിതാശ്വാസ പ്രവർത്തനത്തിൽ ഉദ്യോഗസ്ഥർ വഹിച്ച പങ്ക് അഭിനന്ദനാർഹമെന്ന് യോഗത്തിൽ പങ്കെടുത്ത ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി പറഞ്ഞു. അന്യസംസ്ഥാനക്കാർക്കും ഗുരുതര രോഗബാധിതർക്കും പ്രത്യേക മഴക്കെടുതി ദുരിതാശ്വാസ ക്യാമ്പ് ആരംഭിക്കുന്ന കാര്യം പരിഗണിക്കും. ദുരിതാശ്വാസ സഹായം ശരിയായ കരങ്ങളിൽ എത്തുന്നുവെന്ന് ഉദ്യോഗസ്ഥർ ഉറപ്പാക്കണമെന്ന് അവർ പറഞ്ഞു.
കൃത്യമായ ദുരന്ത നിവാരണ പ്രതികരണ സംവിധാനം ജില്ലയിൽ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 15 ന് മുമ്പ് വകുപ്പുകൾ നിർദേശം സമർപ്പിക്കണമെന്ന് ജില്ല കലക്ടർ എ നിസാമുദ്ദീൻ ആവശ്യപ്പെട്ടു. ഡാം തുറക്കുമ്പോൾ മുന്നറിയിപ്പ് നൽകുന്നതിന് സമീപ പ്രദേശങ്ങൾക്ക് പുറമെ വ്യത്യസ്ത സ്ഥലങ്ങളിൽ അലാറാം സ്ഥാപിക്കും. ഗ്രാമപഞ്ചായത്തുകൾക്ക് മൈക്ക് അനൗൺസ്മെന്റിനുള്ള ഉപകരണങ്ങൾ നൽകും. സ്വകാര്യ ആശുപത്രികളുമായി ചേർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ ജീവനക്കാരുടെ സേവനം ഉറപ്പാക്കും. ജില്ല, താലൂക്ക്തല ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റത്തിന്റെ പ്രവർത്തനം കാര്യക്ഷമമാക്കും. ദുരിന്ത ബാധിതർക്കുള്ള നഷ്ടപരിഹാര വിതരണം വേഗത്തിലാക്കും. നദികളിലും വലിയ തോടുകളിലും അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യാൻ വിശദമായ പദ്ധതി തയ്യാറാക്കും. ശബരിമല സന്നിധാനത്ത് മഴമാപിനിയും നിലയ്ക്കലിൽ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനും സ്ഥാപിക്കും.
എഡിഎം ആർ രാജലക്ഷ്മി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ ബീന എസ് ഹനീഫ്, ജില്ല മെഡിക്കൽ ഓഫീസർ എൽ അനിതകുമാരി, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ചിത്രം: പമ്പ
ജില്ല കലക്ടർ എ നിസാമുദ്ദീന്റെ അധ്യക്ഷതയിൽ കലക്ടറേറ്റ് പമ്പ കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ല ദുരന്ത നിവാരണ അതോറിറ്റി യോഗം
What do you feel about this post?
Like
Love
Happy
Haha
Sad

