ഇന്നലെ മാരാമൺ കൺവൻഷൻ പന്തലിൽ നടന്ന കുടുംബവേദി യോഗം രത്നച്ചുരുക്കം ; കുടുംബ ബന്ധങ്ങളിലെ കാഴ്ചകളും, കാഴ്ചപ്പാടുകളും പുനഃരാവിഷ്‌കരണങ്ങളും ; ; ഡോ.ജിറ്റി ജോർജ്ജ്
മനുഷ്യന്റെ ബാഹ്യ സമ്മർദ്ദങ്ങളെക്കാൾ ആന്തരിക സംഘർഷങ്ങൾക്ക് വളരെ പ്രാധാന്യം ഇന്ന് നൽകുന്നുണ്ട്. ഇന്നത്തെ ലോകത്ത് മാനസീക ആരോഗ്യത്തിന് വലിയ സ്ഥാനമുണ്ട്. വളരെ വേഗതയിൽ സഞ്ചരിക്കുന്ന ലോകത്തിൽ കഴിഞ്ഞ കാലം വേഗത കുറച്ചുള്ള കാലം നാം മറന്നു പോകുന്നു. മൂന്ന് കാര്യങ്ങൾ പ്രധാനമായ ചിന്തകൾ പങ്കിടുവാൻ ആഗ്രഹിക്കുന്നു.
1. ലോകം നിരന്തരം മാറുന്നു
2. കുടുംബങ്ങളിൽ എന്ത് മാറ്റങ്ങൾ ഉണ്ടാകുന്നു
3. എങ്ങനെ സ്‌നേഹത്തിലൂടെ ലോകത്തെ നിയന്ത്രിക്കാം
സ്‌നേഹത്തിന്റെ ഭാഷ വളരെ പ്രധാനമാണ്. വേഗതയുടെ ലോകം, ഗുണങ്ങളുണ്ടെങ്കിലും മറന്നു പോയ പലതും ഉണ്ട്. കാത്തിരിക്കുവാനുള്ള മനസ്സ് ഇന്ന് നഷ്ടപ്പെടുന്നു. പരാജയങ്ങളെ അംഗീകരിക്കുവാൻ തലമുറയ്ക്ക് സാദ്ധ്യമാകുന്നില്ല. എന്നാൽ മുൻ കാലങ്ങളിൽ ഇപ്രകാരമല്ല, നല്ല ശീലങ്ങൾ ഉണ്ടായിരുന്നു. നല്ല പതിവുകൾ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ക്ഷമ ഇല്ല, കാത്തിരിപ്പില്ല, മനുഷ്യൻ സാമൂഹിക ജീവി ആണെങ്കിലും, ആരോടും ഇടപഴുകാതെ ജീവിക്കുവാൻ ഇന്നത്തെ സമൂഹത്തിൽ അനേകം സാദ്ധ്യതകൾ ഉണ്ട്. സാമൂഹിക മാധ്യമങ്ങൾ , മൊബൈൽ ഫോൺ തുടങ്ങിയവ, എന്തും ചെയ്യാൻ സാധിക്കുമെന്നതാണ് ഇതിൽ നാം കാണുന്ന സാദ്ധ്യത. തഴയലുകളെ അംഗീകരിക്കുവാൻ സാധിക്കാത്ത സമൂഹം, ഫോൺ ഉപയോഗം സമയത്തെ പോലും ഇന്ന് നിയന്ത്രിക്കുന്നു. ഉറക്കം, ദിശാബോധം, എല്ലാം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. കാലത്തിന്റെ വ്യതിയാനങ്ങളെ അറിയുവാൻ സാധിക്കുമോ. പരസ്പരം ഉത്തരവാദിത്വങ്ങൾ പങ്കുവെയ്ക്കുന്ന ഇടമാണ് കുടുംബം. വളരെ ദൃഡമായ, ആഴമായ ബന്ധം ഇതിൽ ഉൾച്ചേർന്നിരിക്കുന്നു.. വീടും കുടുംബവും തമ്മിൽ വ്യത്യാസമുണ്ട്. കുടുംബം ശക്തമായ വികാരങ്ങൾ തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു. വീട് എന്നത് നാല് ചുവരുകളാണ്. എന്നാൽ കുടുംബം എന്നാൽ സ്‌നേഹത്തിന്റെ ആഴങ്ങൾ പങ്കിടുന്ന ഇടമാണ്.
വീടുകൾ വലുതായി, സുഖ സൗകര്യങ്ങൾ വർദ്ധിക്കുന്നു. വീടിന്റെ വലിപ്പം കൂടിയപ്പോൾ ബന്ധങ്ങളിൽ അകലം സംഭവിച്ചു. മാതാപിതാക്കൾ തമ്മിൽ കുട്ടിയുടെ മൂല്യങ്ങളെ ചൊല്ലിയുള്ള വാക്കുകൾ കേൾക്കാം, കുടുംബങ്ങളിൽ കുടുംബ ജീവിതം ദുരിത പൂർണ്ണമായ പ്രക്രിയയായി കണക്കാക്കുന്ന സമൂഹവും, തലമുറയും, കുഞ്ഞുങ്ങളും, സ്വയം പലതും കണ്ടും കേട്ടും മനസ്സിലാക്കുന്നു.. പ്രായമായ മാതാപിതാക്കൾ കരുതൽ ലഭിക്കാതെ ഒറ്റപ്പെടുന്ന അവസ്ഥ ഉണ്ട്. ഇന്ന് കുടുംബങ്ങളിൽ അവരവരുടെ സ്വന്തം ലോകത്തിലാണ്. ഒരു വ്യക്തിയെ ഇല്ലാതെയാക്കാൻ ആയുധം വേണ്ട, കുറ്റപ്പെടുത്തിയാൽ മതി, മാനസീകമായി തകർത്താൽ മതി, ധൈര്യം നഷ്ടപ്പെടുത്തിയാൽ മതി. കുടുംബത്തിൽ കുഞ്ഞുങ്ങളെ വളരെ ഗൗരവമായി കാണണം. ബാഹ്യമായതും, ആന്തരീകമായതും കുഞ്ഞുങ്ങൾ വീക്ഷിക്കുന്നു. കുഞ്ഞുങ്ങളെ ഈ കാലത്തിൽ വളർത്തേണ്ടത് ഉത്തരവാദിത്വത്തോടു കൂടിയാണ്. പ്രായമായവരെ ശ്രദ്ധിച്ചാൽ അറിയാം, ജോലി ഉള്ളപ്പോൾ ഓടി നടന്നു പ്രവർത്തിക്കും, റിട്ടയർ ചെയ്ത ശേഷം ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയാണ്. മക്കൾ വിദേശത്ത്, വിദൂരതയിലാണ്, പ്രിയപ്പെട്ടവർ അകാലത്തിൽ നഷ്ടപ്പെടുന്നതെല്ലാം എന്നും പ്രയാസമാണ്. ഒരിക്കലും മുറിവുണക്കാൻ പറ്റാത്തതാണ് ഒറ്റപ്പെടൽ.
സ്‌നേഹം പ്രകടമാക്കാനുള്ളതാണ്. വേദപുസ്തകത്തിലെ ധൂർത്ത പുത്രന്റെ ഭാഗം ഇത് നമ്മെ ഓർമ്മപ്പെടുത്തുന്നു. തിരികെ വരുന്നതിനുള്ള സാദ്ധ്യതകളുണ്ട്, വില പിടിപ്പുള്ള എന്തോ ചിലത് സമ്മാനമായി നൽകുകയെന്നതിനേക്കാൾ അപ്പുറമായി, അത് നൽകിയത് ആരാണെന്നതാണ് പ്രധാനം. ദൈവം തന്റെ പുത്രനായ യേശുക്രിസ്തുവിലൂടെ നമുക്ക് നൽകിയ സ്‌നേഹവും വിലമതിക്കുവാൻ സാധിക്കുന്നതല്ല. ആ സ്‌നേഹത്തെ പോലെ തന്നെ ഏറ്റവും പ്രധാനം അത് നൽകിയ വ്യക്തിയാണ്. ധൂർത്ത പുത്രൻ മടങ്ങി വരുന്നത് അവന്റെ അപ്പൻ അവനെ മനസ്സിലാക്കുന്നുവെന്ന ബോധം അവനുണ്ടായിരുന്നു. സ്‌നേഹം എന്ന അടിസ്ഥാനം കുടുംബ ജീവിതത്തിൽ ഉണ്ടോ, സ്‌നേഹമില്ലായ്മയാണ് കുടുംബ ശിഥിലത്തിന് കാരണം. വേദപുസ്തകത്തെ ഒറ്റവാക്കിൽ സ്‌നേഹമെന്ന വാക്കിൽ പറയാം. രണ്ട് തരത്തിൽ സ്‌നേഹിക്കാം, സ്വയം സ്‌നേഹം, മറ്റുള്ളവരോടുള്ള സ്‌നേഹം. തലമുറകളുടെ തകർച്ചയുടെ മൂല കാരണം, അത് സ്‌നേഹമില്ലായ്മയാണ്. മാതാപിതാക്കളോട് പലതും തുറന്നു പറയുവാൻ സാധിക്കുന്നില്ല. ഒരു മനുഷ്യന് സ്വയം നിയന്ത്രിക്കുവാൻ പോലുമിന്ന് സാധിക്കുന്നില്ല. ദേഷ്യം വരുമ്പോൾ എങ്ങനെ സ്വയം നിയന്ത്രിക്കുവാൻ സാധിക്കും.
നല്ല കുടുംബത്തിന്റെ ലക്ഷണം എന്നത് ചില തുറന്നു പറച്ചിലുകൾക്ക് ഇടം ഉണ്ടാകണം. കുറ്റപ്പെടുത്തലല്ല ആവശ്യം, പരസ്പരം ധൈര്യപ്പെടുത്തലാണ്. സ്‌നേഹത്തിലധിഷ്ഠിതമായ കുടുംബം പ്രശ്‌നങ്ങളെ ഒറ്റക്കെട്ടായി നേരിടുന്നതിന് സഹായിക്കും. സ്വയം സ്‌നേഹിക്കുന്ന മനുഷ്യന്റെ ലഹരി ജീവിതം തന്നെയായിരിക്കും. നമ്മുടെ ഉള്ളിലെ നല്ലതിനെ മനസ്സിലാക്കാതെ പലതും തേടി നടക്കുകയാണ്. 1.കൊരിന്ത്യർ 13-ൽ സ്‌നേഹത്തിന്റെ നന്മകളെക്കുറിച്ച് പറഞ്ഞിരിക്കുന്നത് വളരെ പ്രധാനമാണ്. സ്‌നേഹമുള്ളയിടത്ത് തെറ്റായത് ഒന്നുമില്ല. സ്‌നേഹത്തിലൂടെയാണ് വിശ്വസ്തത, ആശ്രയം എന്നിവ ഉണ്ടാകുന്നത്. മറ്റുള്ളവരെ കേട്ടിരിക്കാൻ സാധിക്കുമോ, ചെറിയ മാറ്റങ്ങളാണ് വലിയ മാറ്റങ്ങളിലേക്ക് വഴിയൊരുക്കുന്നത്. മറ്റുള്ളവർക്കായി സമയം മാറ്റിവെയ്ക്കാനാണ് നാം കുടുതൽ മനസ്സു കാണിക്കുക. സ്വയം, നാം എന്നിവ അവലോകനം ചെയ്യുക. പ്രശ്‌നങ്ങൾ ഇല്ലായെന്നുള്ളതല്ല, ജീവിത വിജയത്തിന്റെ അടിസ്ഥാനം, പ്രശ്‌നങ്ങളും പ്രയാസങ്ങളും കൂടെ ചേരുമ്പോഴാണ് ജീവിത വിജയം സാദ്ധ്യമാകുന്നത്.
തയ്യാറാക്കിയത് : അജിത്, ഏബൽ, ക്രിസ്റ്റി തോമസ്, ജോയിസ് എബ്രഹാം ജോസഫ്


