വിബി- ജി റാം ജി : ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷർക്ക് പരിശീലനം

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗാർ ആന്റ് ആജീവിക മിഷൻ (ഗ്രാമീൺ) (വിബി- ജി റാം ജി ) പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയിലെ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അധ്യക്ഷർക്ക് കലക്ടറേറ്റ് ഗവി കോൺഫറൻസ് ഹാളിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്തു. ജലസുരക്ഷ, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ, കാലാവസ്ഥ പ്രതിരോധം, ഉപജീവനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിങ്ങനെ നാല് മേഖലകളാണ് പദ്ധതിയിലുള്ളതെന്ന് ദീനാമ്മ റോയി പറഞ്ഞു. ഭൂഗർഭ റീചാർജ്, ജലാശയങ്ങളുടെ പുനരുജ്ജീവനം, മഴവെള്ളം എന്നിവയാണ് പ്രധാനമായും ജലസുരക്ഷയിൽ ഉൾപ്പെടുന്നത്. കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ഈ മേഖലയിൽ ഗ്രാമപഞ്ചായത്തുകൾ കൂടുതൽ ശ്രദ്ധ നൽകണം. ഗ്രാമീണ വിപണികൾ, കോൾഡ് സ്റ്റോറേജുകൾ, കന്നുകാലി സൗകര്യങ്ങൾ, നൈപുണ്യ വികസന കേന്ദ്രങ്ങൾ തുടങ്ങിയവ ഉപജീവനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളിൽ ഉൾപ്പെടുന്നു. തൊഴിലാളികളുടെ ക്ഷേമത്തിന് വലിയ മുൻഗണന നൽകുന്ന പദ്ധതിയിൽ ജോലി സ്ഥലങ്ങളിൽ കുടിവെള്ളം, തണൽ, പ്രഥമ ശുശ്രൂഷ എന്നിവ നിയമപരമായി ഉറപ്പാക്കിയിട്ടുണ്ടെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

വിബി- ജി റാം പദ്ധതി സമഗ്രവികസനത്തിന് കാര്യക്ഷമമായി പ്രയോജനപ്പെടുത്തണമെന്ന് അധ്യക്ഷൻ ജില്ല കലക്ടർ എ നിസാമുദ്ദീൻ നിർദേശിച്ചു. ഗ്രാമപഞ്ചായത്തുകളിൽ എവിടെയാണ് പ്രവൃത്തി വേണ്ടതെന്ന് അധ്യക്ഷർ കണ്ടെത്തണം. ഗ്രാമപഞ്ചായത്തിന്റെ വികസനത്തിനാവശ്യമായ 80 ശതമാനം പ്രവൃത്തികളും പദ്ധതിയിലൂടെ നടപ്പാക്കാനാകും. പഞ്ചായത്തുകളിൽ ഗ്രാമീണ ചന്ത സംഘടിപ്പിക്കാൻ ശ്രമമുണ്ടാകണമെന്നും അദ്ദേഹം അറിയിച്ചു.

വിബി- ജി റാം ജി പദ്ധതിയുടെ പോസ്റ്റർ പ്രകാശനം ജില്ല പഞ്ചായത്ത് പ്രസിഡന്റും ജില്ല കലക്ടറും കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർക്ക് നൽകി നിർവഹിച്ചു. ജോയിന്റ് പ്രോഗാം കോർഡിനേറ്റർ കെ ഇ വിനോദ് കുമാർ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അധ്യക്ഷർ എന്നിവർ പങ്കെടുത്തു.

ചിത്രം: കലക്ടറേറ്റ്

വിബി- ജി റാം ജി പദ്ധതിയുമായി ബന്ധപ്പെട്ട് ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അധ്യക്ഷർക്ക് കലക്ടറേറ്റ് ഗവി കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ഏകദിന പരിശീലനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്യുന്നു.

ചിത്രം: പോസ്റ്റർ

വിബി- ജി റാം ജി പദ്ധതിയുടെ പോസ്റ്റർ പ്രകാശനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയിയും ജില്ല കലക്ടർ എ നിസാമുദ്ദീനും കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർക്ക് നൽകി നിർവഹിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *