പത്തനംതിട്ട – ഓണവിപണിയിൽ വിഷരഹിത പച്ചക്കറികളും പൂക്കളും എത്തിക്കാൻ കുടുംബശ്രീയുടെ ‘ഓണക്കനി നിറപ്പൊലിമ’ പദ്ധതി ജില്ലയിൽ പുരോഗമിക്കുന്നു. ‘ഓണം കുടുംബശ്രീയോടൊപ്പം’ എന്ന ആശയത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 2143 ജെ.എൽ.ജി.കൾ 1429.43 ഏക്കറിൽ കൃഷിയിറക്കിയിരിക്കുന്നു. ഓണക്കാലത്ത് സുരക്ഷിതവും ഗുണമേന്മയുള്ളതുമായ കാർഷികോൽപന്നങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനൊപ്പം കുടുംബശ്രീ കർഷകവനിതകൾക്ക് മികച്ച വരുമാനവും തൊഴിലവസരവും ഉറപ്പാക്കുകയാണ് ലക്ഷ്യം.
ബന്ദിയും വാടാമല്ലിയും ഉൾപ്പെടെയുള്ള പൂക്കൾ 263 കർഷകസംഘങ്ങൾ 89.50 ഏക്കറിൽ ‘നിറപ്പൊലിമ’ പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്യുന്നു. നിലമൊരുക്കൽ മുതൽ വിളപരിപാലനവും കീടനിയന്ത്രണവും വരെ ആവശ്യമായ പരിശീലനങ്ങൾ കുടുംബശ്രീ മിഷനും കാർഷിക മേഖലയിലെ കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺമാരും കൃഷിവകുപ്പും ചേർന്ന് നൽകി. ഉൽപാദിപ്പിക്കുന്ന പൂക്കൾ സ്‌കൂളുകൾ, കോളജുകൾ, സർക്കാർ ഓഫീസുകൾ, ധനകാര്യ സ്ഥാപനങ്ങൾ, കുടുംബശ്രീ ഓണച്ചന്തകൾ, വിപണനമേളകൾ എന്നിവ വഴി വിപണിയിലെത്തിക്കും.
‘ഓണക്കനി’ പദ്ധതിയുടെ ഭാഗമായി 796 ജെ.എൽ.ജി.കൾ749.30 ഏക്കറിൽ പയർ, പാവൽ, വെണ്ട, വഴുതന, തക്കാളി, പച്ചമുളക്, പടവലം, ചീര, വെള്ളരി, മത്തൻ തുടങ്ങി വിവിധയിനം വിഷരഹിത പച്ചക്കറികൾ കൃഷി ചെയ്യുന്നു. കൂടാതെ 531 ജെ.എൽ.ജി.കൾ 248 ഏക്കറിൽ വിവിധ കിഴങ്ങുവർഗങ്ങളും 553 ജെ.എൽ.ജി.കൾ 343 ഏക്കറിൽ ഏത്തവാഴയും കൃഷിചെയ്യുന്നുണ്ട്. ഉൽപന്നങ്ങൾ കുടുംബശ്രീ നാട്ടുചന്തകൾ, വെജിറ്റബിൾ കിയോസ്‌കുകൾ, ഓണച്ചന്തകൾ, വിപണനമേളകൾ എന്നിവയിലൂടെ ഉപഭോക്താക്കളിലെത്തിക്കും. പദ്ധതിയുടെ ഭാഗമായി അരുവാപ്പുലം, നാറാണമൂഴി മേഖലകളിലെ 10 ട്രൈബൽ ജെ.എൽ.ജി.കൾ 3.75 ഏക്കറിൽ പൂക്കളും പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷം ‘ഓണക്കനി’ പദ്ധതിയിലൂടെ 23.56 ലക്ഷം രൂപയും ‘നിറപ്പൊലിമ’ പദ്ധതിയിലൂടെ 7.04 ലക്ഷം രൂപയുടെയും വരുമാനം കുടുംബശ്രീ കർഷകസംഘങ്ങൾ നേടിയിരുന്നു.
What do you feel about this post?
Like
Love
Happy
Haha
Sad

