ആനകളെ നാട്ടിലേക്ക് ആകർഷിക്കുന്ന ചക്ക പഴുക്കും മുൻപ് ശേഖരിക്കും ; വന്യജീവി സംഘർഷ ലഘൂകരണത്തിന് സമഗ്ര പദ്ധതി : മന്ത്രി ഷിബു ബേബി ജോൺ

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – സംസ്ഥാനത്ത് വന്യജീവി – മനുഷ്യ സംഘർഷം പരിഹരിക്കുന്നതിന് സർക്കാർ സമഗ്ര പദ്ധതി തയ്യാറാക്കുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. കോന്നി, റാന്നി വനമേഖലകളിലെ പ്രശ്‌നങ്ങൾ കേൾക്കുന്നതിനും പരിഹാരത്തിനുമായി മണ്ഡലങ്ങളിൽ ചേർന്ന അവലോകന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വന്യമൃഗങ്ങളെ വനത്തിൽ തന്നെ നിലനിർത്തുന്നത്, അവ നാട്ടിലെത്തിയാൽ ആഘാതം കുറയ്ക്കുന്നത്, ദുരിതബാധിതർക്ക് സമയബന്ധിതമായി നഷ്ടപരിഹാരം എന്നിങ്ങനെ മൂന്ന് ഘടകങ്ങളാണ് പദ്ധതിക്കുള്ളത്. വന്യജീവികൾ പുറത്ത് വരുന്നത് തടയാൻ വനത്തിനുള്ളിലെ വിഭവങ്ങളുടെ ലഭ്യത പരിശോധിക്കും. കിടങ്ങ്, സൗരോർജ വേലി, തൂക്കുവേലി തുടങ്ങിയവയോടൊപ്പം ശാസ്ത്രീയ പഠനം നടത്തി പുതിയ മാർഗങ്ങൾ ആവിഷ്‌കരിക്കും. നാട്ടിലെത്തുന്ന വന്യമൃഗങ്ങളെ ജനങ്ങൾക്ക് അപകടം ഉണ്ടാകാതെ തിരികെ അയക്കും. ദുരിതബാധിതർക്ക് സമയബന്ധിതമായി നഷ്ടപരിഹാരം നൽകും. നഷ്ടപരിഹാരത്തുക വർധിപ്പിക്കുന്നതിന് മുഖ്യമന്ത്രിയുമായി ചർച്ചചെയ്ത് നടപടി സ്വീകരിക്കും. കൃഷിനാശത്തിന് ഇൻഷുറൻസ് എന്നത് സർക്കാരിന്റെ പ്രഖ്യാപന ലക്ഷ്യങ്ങളിൽ ഒന്നാണ്. പൊതുമേഖല ഇൻഷുറൻസ് സ്ഥാപനങ്ങളുമായി ചേർന്ന് പ്രീമിയം കുറഞ്ഞ രീതിയിൽ ഇത് നടപ്പാക്കും.

സംസ്ഥാനത്തെ വനമേഖലകളെ വന്യജീവി സംഘർഷത്തിന്റെ അടിസ്ഥാനത്തിൽ 12 ആയി തിരിച്ച് ഓരോ മേഖലയ്ക്കും പ്രത്യേക പദ്ധതി തയ്യാറാക്കും. കാട്ടുപന്നി കൃഷി നശിപ്പിക്കുന്നത് ഉൾപ്പെടെയുള്ളവയുടെ പരിഹാരത്തിനായി കേന്ദ്ര വനംവകുപ്പ് മന്ത്രിയുമായി ചർച്ച നടത്തും. കാട്ടുപന്നികളെ വെടിവയ്ക്കുന്നതിന് കൂടുതൽ ഷൂട്ടർമാരെ നിയോഗിക്കും. കാട്ടാനകളെ നാട്ടിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്നായ ചക്കപ്പഴം അടുത്ത സീസൺ മുതൽ മുൻകൂട്ടി ശേഖരിച്ച് സംഭരിക്കുന്നതിന് കൃഷിവകുപ്പുമായി ചേർന്ന് പദ്ധതി തയ്യാറാക്കും. കർഷകർക്ക് ന്യായവില നൽകി വനാതിർത്തിയിലുള്ള പ്ലാവുകളിലെ ചക്ക പഴുക്കും മുൻപ് ശേഖരിക്കും.

വനം വകുപ്പിന്റെ റാപ്പിഡ് റെസ്‌പോൺസ് ടീമുകളുടെ എണ്ണം വർധിപ്പിക്കും. വന്യജീവി സംഘർഷ പ്രതിരോധ പ്രവർത്തനങ്ങൾക്ക് 192 കോടി രൂപ നടപ്പ് സാമ്പത്തിക വർഷം വകയിരുത്തി. വനംവകുപ്പിന്റെ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാത്ത ഏജൻസികളെ ഒഴിവാക്കും. വനാതിർത്തിയിലുള്ള തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കായി അടുത്ത മാസം തിരുവനന്തപുരത്ത് ശിൽപശാല സംഘടിപ്പിക്കുമെന്നും അവരുടെ നിർദ്ദേശങ്ങൾ സ്വീകരിച്ച് പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു. രൂക്ഷമാകുന്ന വന്യജീവി- മനുഷ്യ സംഘർഷം പരിഹരിക്കുന്നതാവശ്യപ്പെട്ട് പഴകുളം മധു എംഎൽഎ നിയമസഭയിൽ അടിയന്തര ശ്രദ്ധ ക്ഷണിക്കൽ പ്രമേയം അവതരിപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ് മന്ത്രി ജില്ലയിലെത്തിയത്.

കോന്നി എക്കോ ടൂറിസം സെന്റർ നീലകണ്ഠൻ മെമ്മോറിയൽ ഹാളിൽ ചേർന്ന യോഗത്തിൽ കെ യു ജനീഷ് കുമാർ എംഎൽഎ അധ്യക്ഷനായി. ആന്റോ ആന്റണി എംപി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (സോഷ്യൽ ഫോറസ്റ്ററി) പ്രമോദ് ജി കൃഷ്ണൻ, ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ. ആർ കമലഹാർ, ജില്ല കലക്ടർ എ നിസാമുദ്ദീൻ, കോന്നി ഡി എഫ് ഒ ആയുഷ് കുമാർ കോറി, റാന്നി ഡി എഫ് ഒ എൻ രാജേഷ്, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ, തദ്ദേശസ്ഥാപന അധ്യക്ഷർ, ആർ എസ് പി ജില്ല സെക്രട്ടറി എ എസ് ശിവകുമാർ പൊതുജനങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

റാന്നി വടശ്ശേരിക്കര ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ ചേർന്ന യോഗത്തിൽ പഴകുളം മധു എംഎൽഎ അധ്യക്ഷനായി. ആന്റോ ആന്റണി എംപി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (സോഷ്യൽ ഫോറസ്റ്ററി)
പ്രമോദ് ജി കൃഷ്ണൻ, ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ. ആർ കമലഹാർ, ജില്ലാ കലക്ടർ എ നിസാമുദ്ദീൻ, റാന്നി ഡി എഫ് ഒ എൻ രാജേഷ്, കോന്നി ഡി എഫ് ഒ ആയുഷ് കുമാർ കോറി, തദ്ദേശസ്ഥാപന അധ്യക്ഷർ,ആർ എസ് പി ജില്ല സെക്രട്ടറി എ എസ് ശിവകുമാർ, പൊതുജനങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *