തിരുവനന്തപുരം; മെട്രോമാൻ ഇ. ശ്രീധരന്‍ ഇന്നലെ മുഖ്യമന്ത്രി വി.ഡി.സതീശനുമായി കൂടിക്കാഴ്ച നടത്തി. 15 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയിൽ അതിവേഗ റെയില്‍ പാത സംബന്ധിച്ച കരട് റിപ്പോര്‍ട്ട് ഇ. ശ്രീധരന്‍ മുഖ്യമന്ത്രിക്കു കൈമാറി. സശ്രദ്ധം കാര്യങ്ങൾ കേട്ട മുഖ്യമന്ത്രി ഇക്കാര്യം മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്ത് രണ്ടാഴ്ചയ്ക്കകം മറുപടി അറിയിക്കാമെന്ന് അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നടന്ന കൂടിക്കാഴ്ചയില്‍ പൊന്നാനി എംഎല്‍എ കെ.പി. നൗഷാദ് അലിയും ഉണ്ടായിരുന്നു.
തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ 430 കിലോമീറ്റര്‍ മൂന്ന് മണിക്കൂര്‍ 15 മിനിറ്റ് കൊണ്ട് പിന്നിടാന്‍ സാധിക്കുന്ന ബദല്‍ പാതയാണ് ഇ. ശ്രീധരന്‍ മുന്നോട്ടുവയ്ക്കുന്നത്. നാല് വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പാതയുടെ ഏകദേശം 70 ശതമാനത്തോളം തൂണുകളിലൂടെയുള്ള എലിവേറ്റഡ് പാതയായും 20 ശതമാനത്തോളം ഭൂഗര്‍ഭ പാതയായും നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. മണിക്കൂറില്‍ 200 കിലോമീറ്ററാണ് പരമാവധി വേഗം. 86,000 കോടി മുതല്‍ ലക്ഷം കോടി വരെയാണ് നിർമ്മാണ ചിലവ്.


