അബുദാബി: അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ അബുദാബി ചെസ് അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മൂന്നാമത് ഐ.ഐ.സി ഓപ്പൺ ചെസ് ടൂർണമെന്റ് 2026 മെയ് 16, 17 തീയതികളിൽ ഐ.ഐ.സി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജൂനിയർ, സീനിയർ എന്നീ രണ്ടു വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രമുഖ കളിക്കാർ മാറ്റുരയ്ക്കും.
കഴിഞ്ഞ രണ്ട് വർഷങ്ങളിലായി നടന്നുവരുന്ന ടൂർണമെന്റുകളിൽ നാൽപ്പതിലധികം രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ പങ്കെടുത്തിരുന്നു. അന്താരാഷ്ട്ര നിലവാരമുള്ള ചെസ് ടൂർണ്ണമെന്റ് കുറ്റമറ്റതാക്കുന്നതിനായി വിപുലമായ ഒരുക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

മെയ് 16ന് ശനിയാഴ്ച വൈകീട്ട് 4 മണി മുതൽ അണ്ടർ-16 വിഭാഗത്തിലെ ജൂനിയർ മത്സരങ്ങളും, മെയ് 17 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണി മുതൽ ഓപ്പൺ കാറ്റഗറി മത്സരങ്ങളും നടക്കും. രണ്ട് വിഭാഗങ്ങളിലുമായി ക്യാഷ് അവാർഡുകൾ, മെഡലുകൾ, ട്രോഫികൾ എന്നിവ സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു. മുൻവർഷങ്ങളിൽ നടന്ന മത്സരങ്ങൾ പ്രവാസികൾക്കിടയിൽ ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. മൂന്നു വർഷത്തിലേക്ക് കടക്കുന്ന ചെസ്സ് ടൂർണമെന്റ് കൂടുതൽ മികവോടെയും പങ്കാളിത്തത്തോടെയും നടത്താനുള്ള ഒരുക്കത്തിലാണ് സെന്റർ.
ഒരേസമയം നൂറിലധികം പേർക്ക് മത്സരിക്കാവുന്നവിധത്തിലുള്ള സൗകര്യങ്ങളാണ് ഇസ്ലാമിക് സെന്റർ ഓഡിറ്റോറിയത്തിൽ ഒരുക്കിയിട്ടുള്ളത്. യുഎഇ പ്രഖ്യാപിച്ച കുടുംബ വർഷാചരണത്തിന്റെ ഭാഗമായി സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരെ ഉൾപ്പെടുത്തി നിരവധി പരിപാടികൾ സംഘടിപ്പിക്കാനുള്ള പദ്ധതികളും അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ തയ്യാറാക്കി വരികയാണ്. അഞ്ചര പതിറ്റാണ്ടിനോടടുക്കുന്ന അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ ഇതിനകം തന്നെ വൈവിധ്യങ്ങളായ പരിപാടികൾ കൊണ്ട് പ്രവാസി ഇൻഡ്യക്കാർക്കിടയിൽ ഏറെ പ്രശംസനീയമാണ്.
വാർത്താ സമ്മേളനത്തിൽ അബുദാബി ചെസ് അക്കാദമിക്കാദാമി ജനറൽ മാനേജർ അഹമ്മദ് സദാഹ്, അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ പ്രസിഡണ്ട് അബ്ദുൽ റഊഫ് അഹ്സനി, ജനറൽ സെക്രട്ടറി അഡ്വ. കെ വി മുഹമ്മദ് കുഞ്ഞി, മുതിർന്ന നേതാവ് യു അബ്ദുള്ള ഫാറൂഖി, വൈസ് പ്രസിഡന്റ് വി പി കെ അബ്ദുല്ല, ട്രഷറർ അസീസ് കാളിയടൻ, അഡ്മിൻ സെക്രട്ടറി അബ്ദുള്ള നദ്വി,പ്രോഗ്രാം കോർഡിനേറ്റർ അബ്ദുൽ ബാസിത് കായക്കണ്ടി, സ്പോർട്സ് വിങ് കൺവീനർ ഹംസ നടുവിൽ, സി കെ ഹുസൈൻ മലപ്പുറം, മുത്തലിബ് പയ്യന്നൂർ, റഫീഖ് പി.ടി., ഹൈദർ ബിൻ മൊയ്ദു, അനീഷ് മംഗലം എന്നിവർ പങ്കെടുത്തു.



