ആറന്മുളക്കനുയോജ്യമായ വികസനം എന്റെ ലക്ഷ്യം ; കുമ്മനം രാജശേഖരൻ

Pathanamthitta Politics

ആറന്മുള – ആറന്മുളയെന്ന നാടിനു അനുയോജ്യമായ വികസനമാണ് എന്റെ ലക്‌ഷ്യം. എൻഡിഎ സ്ഥാനാർത്ഥിയായ കുമ്മനം രാജശേഖരൻ പറയുന്നു. ആറന്മുളയിലെ അടക്കം മുരടിച്ച കാർഷിക മേഖലയുടെ പുനരുജ്ജീവനത്തിനായി ഫാം ടൂറിസം പദ്ധതി നടപ്പാക്കും. വയലുകളാലും തണ്ണീർതടങ്ങളാലും അതിസമൃദ്ധമാണ് നമ്മുടെ നാടായ ആറന്മുള. ഈ അനുകൂല പ്രകൃതി പരമാവധി പ്രയോജനപ്പെടുത്തി കാർഷിക മേഖല ഹരിതാഭമാക്കാൻ കൃത്യമായ പദ്ധതി ആവിഷ്‌ക്കരിച്ചാണ് മത്സരത്തിന് എത്തിയത്. യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കണം. അതിന് ശാസ്ത്രീയ സമീപനം ആവിശ്യമാണ്.

ആറന്മുള പുഞ്ചയും, കോയിപ്രം പഞ്ചായത്തിലെ വരാൻചാലും ഒക്കെ ഉദാഹരണമായി എടുക്കാം. അറന്മുള പുഞ്ചയുടെ മദ്ധ്യത്തിലൂടെ ഒഴുകുന്ന കോഴിത്തോട് പലയിടത്തും തടസ്സപ്പെട്ട അവസ്ഥയിലാണിപ്പോൾ. കോഴിത്തോടിന്റെ തടസങ്ങൾ നീക്കി സഞ്ചാരികൾക്ക് അവിടെ ബോട്ടിങ്ങിനു സൗകര്യം ഏർപ്പെടുത്തുകയാണ് പ്രഥമ പദ്ധതി. ഒപ്പം യുവകർഷകരെ ആധുനിക നെൽകൃഷി രീതി പരിശീലിപ്പിച്ച് അവരെ കൃഷിയിൽ സജീവമാക്കും. വർഷത്തിൽ പകുതി മഴയുള്ള കേരളത്തിൽ പ്രളയത്തെ അതിജീവിക്കാനാവുംവിധം വയലുകളെ കൃഷി സമൃദ്ധമാക്കും.

വയലുകളിൽ നെൽ കൃഷി തളിർത്താൽ സഞ്ചാരികൾക്ക് അത് നേരിൽ കാണാൻ നീർച്ചാലിലൂടെ വള്ളങ്ങളിൽ എത്താം. വയൽ മദ്ധ്യത്തിലെ തുരുത്തുകളിൽ വിശ്രമകേന്ദ്രവും ലഘുഭക്ഷണ വിതരണ സംവിധാനവും ഒരുക്കും. കർഷകർക്കാവും ഇതിന്റെയും ചുമതല. കാഴ്‌ച്ചകൾ കണ്ട്, തുരുത്തുകളിൽ വിശ്രമിച്ച് സഞ്ചാരികൾക്ക് ആറന്മുളയുടെ കാർഷിക സമൃദ്ധി അടുത്തറിയാം. ഇതിന് തോടുകളിലെ ജല സാന്നിദ്ധ്യം ക്രമപ്പെടുത്തണം. കേന്ദ്ര പദ്ധതിയായി ഇത് നടപ്പാക്കാൻ സാധിക്കും. വയൽമദ്ധ്യത്തിൽ സഞ്ചാരികൾക്ക് താമസിക്കാൻ ആധുനീക സംവിധാനത്തോടെ കേരള പാരമ്പര്യ തനിമയിൽ കുടിലുകൾ നിർമ്മിക്കാം.

വയലിനോട് ചേർന്ന് ആധുനിക റൈസ് മിൽ സ്ഥാപിച്ച് ആറന്മുള പുഞ്ചയിലെ നെല്ല് അവിടെ തന്നെ കുത്തി ആറന്മുള ബ്രാൻ്ഡ് അരിയാക്കി ഇവിടെതന്നെ വിറ്റഴിക്കാം. അരി നാട്ടിൽത്തന്നെ വിൽക്കുന്നതിലൂടെ കർഷകരെ കുത്തക മില്ലുകളുടെ ചൂഷണത്തിൽ നിന്നു രക്ഷിക്കാം. ഇപ്പോൾ കേരളത്തിലെ അരി വില നിശ്ചയിക്കുന്നത് കുത്തകകളാണ്. അർഹമായ വില കർഷകന് ലഭിക്കുന്നുമില്ല. കൊടിയ ചൂഷണത്തിന് അവർ വിധേയരാകുന്നു. പണ്ട് ഗ്രാമങ്ങളിൽ മില്ലുകൾ ഉണ്ടായിരുന്നു. നാട്ടിലെ നെല്ല് ഈ മില്ലുകളിൽ കുത്തി അരിയാക്കി നാട്ടിൽ തന്നെ വിറ്റിരുന്ന പഴയ രീതി ആധുനികവൽകരിച്ചാൽ മതി.

കേന്ദ്ര പദ്ധതിയിലൂടെ ആധുനിക കാർഷിക ഉപകരണങ്ങൾ കർഷകർക്ക് ലഭ്യമാക്കും. ട്രാക്ടർ മുതൽ കൊയ്‌ത്ത് യന്ത്രം വരെ ഓരോ വയൽ മേഖലക്കും ഉണ്ടാകും. വിപുലമായ മാർക്കറ്റിങ് സംവിധാനവും ഒരുക്കും. കൃത്യമായി കൃഷി നടപ്പാക്കാൻ പ്രത്യേക സംവിധാനവും ഒരുക്കും. പദ്ധതി നടപ്പാക്കുക മാത്രമല്ല അതിന്റെ സംരക്ഷണവും പരിപാലനവും ഉറപ്പുവരുത്തും.

ആറന്മുള ഉദാഹരണം മാത്രമാണ്. കോയിപ്രം, നെല്ലിക്കൽ, കടപ്ര മേഖലയിൽ പുഞ്ച കൃഷി വ്യാപിപ്പിക്കാം. വരാൻ ചാലിലും മറ്റിടങ്ങളിലും ഫാം ടൂറിസം നടപ്പാക്കാം. പഴമയ്‌ക്ക് പകിട്ടു പകരാൻ പാരമ്പര്യ കൊയ്‌ത്തുപാട്ടുകൾ സഞ്ചാരികളെ കേൾപ്പിക്കാം, കേരളത്തിന്റെ പൊയ്‌പോയ കാർഷിക സംസ്‌ക്കാരത്തെ പുതുതലമുറയ്‌ക്ക് പരിചയപ്പെടുത്താനുള്ള പ്രദർശന ഗ്യാലറിയും ഒരുക്കും. കൃഷിയിൽ അധിഷ്ഠിതമായ വികസനമാണ് ലക്ഷ്യമെന്ന് കുമ്മനം പറഞ്ഞു. അതാണ് നമ്മുടെ നാടിനു യോജിക്കുന്നതും. ഭാവി തലമുറക്ക് ശുദ്ധവായു ശ്വസിക്കാനായി നമ്മുടെ നാടിനെ കൃഷിയിലൂടെ നിലനിർത്തേണ്ടതുണ്ട്. അത് നാം ഓരോരുത്തരുടെയും കടമ കൂടിയാണ്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *