ബിലീവേഴ്സ് ആശുപത്രിയിൽ സാമൂഹ്യ സേവന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു

Health Pathanamthitta
Print Friendly, PDF & Email

തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി സാമൂഹ്യ സേവന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 18 – അന്താരാഷ്ട്ര സാമൂഹ്യ സേവന ദിനം – ന് മുന്നോടിയായി, റിനൈസൻസ് എന്ന പേരിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു. ആരോഗ്യ രംഗത്ത് സാമൂഹ്യപ്രവർത്തകരുടെ സ്വാധീനവും സേവനവും മെച്ചപ്പെടുത്തുക വഴി രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും മൂല്യവത്തായ പരിചരണവും പിന്തുണയും നൽകുക എന്ന ലക്ഷ്യവുമായാണ് ഏകദിന ശില്പശാല നടന്നത്. കേരള ആരോഗ്യ സർവകലാശാല സെനറ്റ് അംഗവും ആശുപത്രി മാനേജറുമായ റവ ഫാ സിജോ പന്തപ്പള്ളിൽ ഉദ്ഘാടനച്ചടങ്ങിൽ അധ്യക്ഷനായിരുന്നു. ഡയറക്ടറും സിഇഒയുമായ പ്രൊഫ ഡോ ജോർജ് ചാണ്ടി മറ്റീത്ര മുഖ്യ പ്രഭാഷണം നിർവഹിച്ച പരിപാടി ബാംഗ്ലൂർ സെൻറ് ജോൺസ് നാഷണൽ അക്കാദമി ഓഫ് ഹെൽത്ത് സയൻസ് മെഡിക്കോ സോഷ്യൽ വർക്ക് വിഭാഗം മേധാവി ശ്രീ സച്ചിൻ കെ തോമസ് ഉദ്ഘാടനം ചെയ്തു. കോട്ടയം ബി സി എം കോളേജ് സാമൂഹ്യ സേവന വിഭാഗം മേധാവി ഡോ ഐപ്പ് വർഗീസ്, ബിലീവേഴ്സ് ആശുപത്രി സാമൂഹ്യ സേവന വിഭാഗം മേധാവി ശ്രീമതി ആൻ ജോർജ്, കോ ഓർഡിനേറ്റർ ശ്രീമതി ബ്ലെൻസി ഡയാന ജോൺ എന്നിവർ സംസാരിച്ചു. വെല്ലൂർ സിഎംസി റീഹാബിലിറ്റേഷൻ ഡയറക്ടർ ഡോ ഗുരു നാഗരാജൻ, കളമശ്ശേരി രാജഗിരി ആശുപത്രി സാമൂഹ്യ സേവന വിഭാഗം മേധാവി ഡോ പി ഓ ജോർജ് അടക്കമുള്ള ആരോഗ്യ സാമൂഹ്യ സേവനരംഗത്തെ പ്രഗത്ഭർ പ്രസ്തുത ശില്പശാലയിൽ പ്രഭാഷകരായെത്തി. സാമൂഹ്യ സേവന ബിരുദ – ബിരുദാനന്തര കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥികളും വിവിധ ആശുപത്രികളിലെ സാമൂഹ്യ സേവന, മെഡിക്കൽ, അഡ്മിനിസ്ട്രേഷൻ ജീവനക്കാരും അടക്കം 150 ഓളം പേർ പങ്കെടുത്തു. ശില്പശാലയിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ നൽകി.


ബിലീവേഴ്സ് ആശുപത്രിയിൽ നടന്ന സാമൂഹ്യ സേവന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന റിനൈസൻസ് ഏകദിന ശില്പശാലയുടെ ഉദ്ഘാടനം ബാംഗ്ലൂർ സെൻറ് ജോൺസ് നാഷണൽ അക്കാദമി ഓഫ് ഹെൽത്ത് സയൻസ് മെഡിക്കോ സോഷ്യൽ വർക്ക് വിഭാഗം മേധാവി ശ്രീ സച്ചിൻ കെ തോമസ് നിർവഹിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *