പത്തനംതി – തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ ഇല്ലാത്ത അർഹരായവരെ ഉൾപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിച്ചുവരികയാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ അറിയിച്ചു. തീവ്ര വോട്ടർപട്ടിക പരിഷ്‌കരണ പ്രവർത്തനങ്ങളുടെ ഭാഗമായി അയോഗ്യരായ വോട്ടർമാരുടെ വിവരം സംബന്ധിച്ച് വിശദീകരിക്കാൻ ചേർന്ന ജില്ലാതല രാഷ്ട്രീയ പാർട്ടി യോഗത്തിൽ സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടർ.
ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും ഹിയറിംഗ് പ്രവർത്തനം സമയബന്ധിതമായി പൂർത്തിയാക്കും. യോഗ്യതയുള്ള ഒരാളും വോട്ടർപട്ടികയിൽ നിന്നും ഒഴിവാകുന്നില്ലെന്ന് ഉറപ്പാക്കും. ലോജിക്കൽ ഡിസ്‌ക്രിപ്പൻസിയിൽ ഉൾപ്പെട്ട വോട്ടർമാർക്ക് മതിയായ രേഖ ഹാജരാക്കുന്നതിന് അവസരമൊരുക്കും. ഇതിനായി എല്ലാ വില്ലേജ് ഓഫീസിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും നോട്ടീസ് ബോർഡിൽ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് ഇ.ആർ.ഒ മാർക്കും നിർദേശം നൽകി. ഹിയറിംഗ് നടപടിക്രമം ഫെബ്രുവരി 14 ന് മുമ്പ് പൂർത്തിയാക്കും. അന്തിമ വോട്ടർപട്ടിക ഫെബ്രുവരി 21 ന് പ്രസിദ്ധീകരിക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.
ജില്ലയിൽ അയോഗ്യരായി കണ്ടെത്തിയ 1558 പേരുടെ പട്ടിക രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് കൈമാറി. തിരുവല്ല-371, റാന്നി-391, ആറന്മുള-373, കോന്നി-337, അടൂർ-86 എന്നിങ്ങനെയാണ് മണ്ഡലം തിരിച്ചുള്ള കണക്ക്. യോഗത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അഡ്വ. ഓമല്ലൂർ ശങ്കരൻ, റോജി പോൾ ഡാനിയേൽ, ദീപു ഉമ്മൻ, കെ.പി നൗഷാദ്, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ബീന എസ്.ഹനീഫ്, ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരായ മിനി തോമസ്, കെ.എച്ച് മുഹമ്മദ് നവാസ്, ആർ.ശ്രീലത തുടങ്ങിയവർ പങ്കെടുത്തു.


