ശബരിമല സ്വർണക്കൊള്ളയിൽ ഒത്തുകളി : സി.പി.എമ്മും കോൺഗ്രസും കൂട്ടുപ്രതികളെന്ന് വി. മുരളീധരൻ

Trivandrum

തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കവർച്ചാ കേസിൽ സി.പി.എമ്മും കോൺഗ്രസും ഒത്തുതീർപ്പ് രാഷ്ട്രീയത്തിലൂടെ പ്രതികളെ സംരക്ഷിക്കുകയാണെന്ന് മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായ വി. മുരളീധരൻ. സംഭവത്തിൽ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ സി.ബി.ഐ. അന്വേഷണം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദുസ്ഥാൻ അവാം മോർച്ച (ഹം) സെക്രട്ടേറിയറ്റിനു മുന്നിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ ഭരിക്കുന്ന പാർട്ടിയും പ്രതിപക്ഷവും അഴിമതിയിൽ പങ്കാളികളാവുകയാണ്.സ്വർണം കട്ടത് സഖാക്കളാണെന്ന് കോൺഗ്രസുകാരും, വിറ്റത് കോൺഗ്രസാണെന്ന് സി.പി.എമ്മുകാരും പരസ്പരം പഴിചാരുമ്പോൾ വിശ്വാസികളായ ജനങ്ങളാണ് വഞ്ചിക്കപ്പെടുന്നത്. ഒരു കൂട്ടർ പാട്ടുപാടുമ്പോൾ മറ്റേക്കൂട്ടർ ഏറ്റുപാടുന്ന വിചിത്രമായ അവസ്ഥയാണിവിടെ – മുരളീധരൻ പരിഹസിച്ചു.

അന്വേഷണം പ്രഹസനം കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം (എസ്.ഐ.ടി.) നിഷ്ക്രിയമാണ്. മോഷ്ടിക്കപ്പെട്ട സ്വർണം കണ്ടെത്താനോ കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനോ പോലീസിന് താല്പര്യമില്ല. പ്രധാന പ്രതികളിലേക്ക് അന്വേഷണം എത്താതിരിക്കാനും നിലവിൽ പിടിയിലായവരെ രക്ഷിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത്.

എ. പദ്മകുമാർ, വാസു എന്നിവർക്കെതിരെ സി.പി.എം. അച്ചടക്ക നടപടി സ്വീകരിക്കാത്തത് അവർ പാർട്ടിക്കെതിരായ രഹസ്യങ്ങൾ വെളിപ്പെടുത്തുമോ എന്ന ഭയം മൂലമാണെന്നും അദ്ദേഹം ആരോപിച്ചു. വികസന കാര്യങ്ങളിൽ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തുന്ന സംസ്ഥാനം, എയിംസ് ഉൾപ്പെടെയുള്ള പദ്ധതികൾക്ക് ഭൂമി ഏറ്റെടുത്തു നൽകാൻ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഹിന്ദുസ്ഥാൻ അവാം മോർച്ച ദേശീയ ഓർഗനൈസിങ് സെക്രട്ടറി സുബീഷ് വാസുദേവ് അധ്യക്ഷത വഹിച്ചു. സ്വർണക്കൊള്ളയിൽ സി.ബി.ഐ. അന്വേഷണം നടത്തുക, ക്ഷേമ പെൻഷനുകൾ 5000 രൂപയാക്കി വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ധർണയിൽ ഉന്നയിച്ചു. നേതാക്കളായ ബാലരാമപുരം സുരേന്ദ്രൻ, മുക്കാലംമൂട് ബിജു, ഡോ. ഫെബി ചെറിയാൻ, എ. ശിവശങ്കരൻ, വിനോദ് വയനാട്, റെജി റാഫേൽ, പ്രമോദ് ഒറ്റക്കണ്ടം, മലയിൻകീഴ് നന്ദകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

 

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *