റാന്നി ഹിന്ദു മഹാ സമ്മേളനം ; ഫെബ്രുവരി ഒന്നിന് ധ്വജാരോഹണം

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – തിരുവിതാംകൂർ ഹിന്ദുധർമ്മ പരിഷത്തിൻറെ ആഭിമുഖ്യത്തിൽ റാന്നിപാലത്തിന് സമീപം പമ്പാ മണൽപുറത്ത് സംഘടിപ്പിക്കുന്ന 80-ാമത് റാന്നി ഹിന്ദുമഹാ സമ്മേളനത്തിൻറെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 1 ന്​ ഞായറാഴ്‌ച രാവിലെ 8 ന് അങ്ങാടി ധർമ്മശാസ്‌താ ക്ഷേത്രത്തിൽ നിന്നും സമ്മേളന നഗറിലേക്ക് ഭദ്രദീപം എഴുന്നള്ളിക്കും. തുടർന്ന് പരിഷത്ത് പ്രസിഡൻറ് രാജേഷ് ആനമാടം ധ്വജാരോഹണം നടത്തും. വൈകിട്ട് 4 ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എം.എൽ.എ.യുടെ അദ്ധ്യക്ഷതയിൽ പോത്തൻകോട് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി ഗുരുരത്ന‌ം ജ്ഞാന തപസ്വി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡെപ്യുട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യാതിഥിയാകും.

2 ന്​ വൈകിട്ട് ഭഗവത്‌ഗീതാ സമ്മേളനം ദയാനന്ദസരസ്വതി സ്വാമി ഉദ്ഘാടനം ചെയ്യും. 3 ന്​ വൈകിട്ട്​ 4 ന് യുവജനസമ്മേളനം മുൻ ബി.ജെ.പി. പ്രസിഡന്റ് കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. 4 ന്​ ഉച്ചയ്ക്കുശേഷം കവിയരങ്ങ് നടക്കും. തുടർന്ന് സാംസ്‌കാരിക സമ്മേളനം കേരള ഫോക് ലോർ അക്കാദമി ചെയർമാൻ ഒ.എസ്. ഉണ്ണികൃഷ്‌ണൻ ഉദ്ഘാടനം ചെയ്യും.

5 ന്​ നടക്കുന്ന അയ്യപ്പധർമ്മ സമ്മേളനം മുൻ മിസോറാം ഗവർണ്ണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും. 6 ന്​ നടക്കുന്ന ആചാര്യ അനുസ്‌മരണ സമ്മേളനം ചെങ്കോട്ടുകോണം ശ്രീരാമദാസ മഠാധിപതി ശ്രീശക്തിശാന്താനന്ദ മഹർഷി ഉദ്ഘാടനം ചെയ്യും. 7 ന്​ വൈകിട്ട് 4 ന് വനിതാസമ്മേളനം , സമാപന ദിവസമായ 8 ന്​ രാവിലെ 11 ന് രവിവാര പാഠശാല സമ്മേളനം യുവ വ്യവസായി പി.വി. ജയൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4 ന് സമാപന സമ്മേളനം വാഴൂർ തീർത്ഥപാദാശ്രമ മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദർ ഉദ്ഘാടനം ചെയ്യും. .

വാർത്ത സമ്മേളനത്തിൽ തിരുവിതാംകൂർ ഹിന്ദു ധർമ്മ പരിഷത്ത് വർക്കിംഗ് പ്രസിഡൻറ് വി.കെ. രാജഗോപാൽ, സെക്രട്ടറി ജഗദമ്മ രാജൻ, വൈസ് പ്രസിഡൻറ്മാരായ രവീന്ദ്രൻ നായർ നാലുകെട്ടിൽ, മണി മേടയിൽ, ട്രഷറർ പ്രദീപ്​ എസ്​ നായർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *