പെരുനാട് – ജനവാസമേഖലയിലെ തോട്ടിൽ കക്കൂസ് മാലിന്യം തള്ളിയ കേസിൽ പ്രതി പോലീസിന്റെ പിടിയിലായി. പള്ളിക്കൽ പഴകുളം വലിയവിളയിൽ മുഹമ്മദ് അഫ്‌സൽ (25) ആണ് അറസ്റ്റിലായത്.പെരുനാട് ഗ്രാമപഞ്ചായത്ത് 11-ാം വാർഡിൽപ്പെട്ട കൂനംകര തോട്ടിൽ പുലർച്ചെ ഒന്നിനും 04.45 നും ഇടയ്ക്ക് പല ദിവസങ്ങളിലായി ടാങ്കറിൽ കക്കൂസ് മാലിന്യം കൊണ്ട് തള്ളുകയായിരുന്നു. പരിസരവാസികൾക്ക് ദുർഗന്ധം വമിച്ചതിനെ തുടർന്ന് പരിസരത്തുളള സിസിടിവി കാമറകൾ പരിശോധിച്ചപ്പോഴാണ് ടാങ്കറിൽ മാലിന്യം കൊണ്ടുവന്ന് തോട്ടിൽ തള്ളുന്നത് ശ്രദ്ധയിൽപ്പെട്ടത്. ജലക്ഷാമം അനുഭവപ്പെടുന്ന വേനൽക്കാലത്ത് തോട്ടിലെ വെള്ളമാണ് പ്രദേശവാസികൾ പ്രധാനമായും ഉപയോഗപ്പെടുത്തുന്നത്. നാട്ടുകാരുടെ പരാതിയിൽ കേസെടുത്തതിനെ തുടർന്ന് എസ്.ഐ കുരുവിള സക്കറിയയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടിയത്. എസ്.സി.പി.ഒ മാരായ സുകേഷ് രാജ്. ആർ, വിജേഷ് എന്നിവർ പങ്കാളികളായി. അറസ്റ്റ് ചെയ്ത പ്രതിയെ പോലീസ് ജാമ്യത്തിൽ വിട്ടയച്ചു.


