ആയുധ ലൈസൻസ് കിട്ടാൻ സുരക്ഷാ പരിശീലനം പൂർത്തിയാക്കണം ; സംസ്ഥാനത്ത് അതിനൊരു സംവിധാനമില്ലാത്തതിനാൽ അപേക്ഷകർ വെട്ടിലായി

Trivandrum

തിരുവനന്തപുരം – ആയുധ ലൈസൻസ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന സാധാരണക്കാർക്ക് കേരളത്തിൽ ‘പാരയായി’ കേന്ദ്രത്തിന്റെ നിയമക്കുരുക്ക്. പുതിയ ലൈസൻസ് ലഭിക്കുന്നതിന് കേന്ദ്ര സർക്കാർ നിർബന്ധമാക്കിയ സുരക്ഷാ പരിശീലനം പൂർത്തിയാക്കാൻ സംസ്ഥാനത്ത് അങ്ങനൊരു അംഗീകൃത സ്ഥാപനങ്ങളില്ലാത്തതാണ് അപേക്ഷകരെ വെട്ടിലാക്കിയിരിക്കുന്നത്.

ആയുധ നിയമപ്രകാരമുള്ള കർശന സിലബസ് കേന്ദ്രം പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും അതനുസരിച്ച് പരിശീലനം നൽകാൻ കേരളത്തിൽ ഒരു ഏജൻസിക്കും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.പുതിയ ലൈസൻസിനായി സുരക്ഷാ പരിശീലന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ആയുധ ചട്ടങ്ങൾ നിഷ്‌കർഷിക്കുന്നുണ്ട്.

എന്നാൽ, ഈ യോഗ്യതയുള്ള സ്ഥാപനങ്ങൾ നിലവിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്നില്ലെന്നാണ് ഇടുക്കി ജില്ലാ ഭരണകൂടം ഹൈക്കോടതിയിൽ നല്കിയ സത്യവാങ്മൂലത്തിൽ പറയുന്നു. ഇതോടെ, നൂറുകണക്കിന് അപേക്ഷകളാണ് ഫയലുകളിൽ വിശ്രമിക്കുന്നത്. നിയമത്തിൽ ഇളവ് നൽകാൻ ജില്ലാ കളക്ടർമാർക്ക് അധികാരമില്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു.

സംസ്ഥാനത്ത് സജീവമായ ഷൂട്ടിങ് ക്ലബുകൾക്കും സംഘടനകൾക്കും ഈ കാര്യത്തിൽ അപേക്ഷകരെ സഹായിക്കാനാകില്ല. കായിക പരിശീലനം നൽകുന്ന ഈ കേന്ദ്രങ്ങൾ നൽകുന്ന സർട്ടിഫിക്കറ്റുകൾ ലൈസൻസിനായി പരിഗണിക്കില്ലെന്നാണ് അധികൃതരുടെ നിലപാട്. കേന്ദ്രം പ്രത്യേകമായി വിജ്ഞാപനം ചെയ്യുന്ന സ്ഥാപനങ്ങളിൽ നിന്നുള്ള സർട്ടിഫിക്കറ്റ് മാത്രമേ നിയമപരമായി നിലനിൽക്കൂ.

പരിശീലനം നിർബന്ധമാക്കിയിട്ടും പരിശീലനം നൽകാൻ അംഗീകൃത സ്ഥാപനങ്ങൾ ഇല്ലാത്തത് ഗുരുതരമായ ഭരണവൈരുദ്ധ്യമായി മാറിയിരിക്കുകയാണ്. കേന്ദ്രവും സംസ്ഥാനവും അടിയന്തിരമായി യോഗ്യതയുള്ള പരിശീലന സ്ഥാപനങ്ങൾ അംഗീകരിച്ച് വിജ്ഞാപനം പുറത്തിറക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. അതുവരെ നിയമം പാലിക്കാൻ തയ്യാറുള്ള സാധാരണ പൗരൻ പോലും ആയുധ ലൈസൻസ് ലഭിക്കാതെ നിയമക്കുരുക്കിൽ കുടുങ്ങുന്ന അവസ്ഥ തുടരാനാണ് സാധ്യത.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *