പത്തനംതിട്ട – കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ നിന്നെത്തിയ ‘ശിവശക്തി കളരി സംഘം’ സന്നിധാനത്തെ വലിയ നടപ്പന്തലിലെ ശാസ്താ ഓഡിറ്റോറിയത്തിൽ കളരിപ്പയറ്റ് അവതരിപ്പിച്ചപ്പോൾ അത് വില്ലാളിവീരനായ അയ്യപ്പസ്വാമിക്കുള്ള അർച്ചനയായി മാറി.
വടക്കൻ ചിട്ടയിലെ സവിശേഷമായ ‘അറപ്പക്കൈ’ സമ്പ്രദായമാണ് ശിവശക്തി സംഘം പിന്തുടരുന്നത്. വാൾപ്പയറ്റും കത്തിപ്പയറ്റും വടിപ്പയറ്റും സമന്വയിക്കുന്ന ഈ രീതിയുടെ പൂർണ്ണത മെയ്ത്താരിയിലും അങ്കത്താരിയിലും വെറുംകൈ പ്രയോഗത്തിലുമായി അവർ സന്നിധാനത്ത് കാഴ്ചവെച്ചു. വടക്കൻ കളരിയുടെ തനത് ഗരിമ ഒട്ടും ചോരാതെയാണ് മജീന്ദ്രൻ ഗുരുക്കളും ഏഴ് ശിഷ്യന്മാരും ചേർന്ന് ആയുധവിദ്യയുടെ അധിപനായ അയ്യപ്പന് മുന്നിൽ ചുവടുവച്ചത്.
സംഘത്തിലെ ഇളമുറക്കാരനായ ഏഴ് വയസ്സുകാരൻ വേദിക് ദേവിനെ കൂടാതെ നവീൻ കൃഷ്ണ, ശരത് ലാൽ, പ്രകാശ്, രഞ്ജിത്ത്, നിഥിൻ, രാകേഷ് എന്നിവരായിരുന്നു അങ്കത്തട്ടിൽ ഗുരുവിനൊപ്പം അണിനിരന്ന ശിഷ്യന്മാർ.
പേരാമ്പ്രയിലെ തെരുവത്ത് കടവ്, അമ്പാളിത്താഴ, കണ്ണിപ്പൊയിൽ റോഡ് എന്നിവിടങ്ങളിലായി മൂന്ന് കളരികളുള്ള മജീന്ദ്രൻ ഗുരുക്കൾക്ക്, അയ്യപ്പസന്നിധിയിലെ ഈ പ്രകടനം വ്രതശുദ്ധിയുടെ സാക്ഷാത്കാരമാണ്. കോവിഡ് കാലത്തെ അനിവാര്യമായ ഇടവേളയൊഴിച്ചാൽ, കഴിഞ്ഞ പത്ത് വർഷമായി മുടങ്ങാതെ മണീന്ദ്രൻ ഗുരുക്കളും സംഘവും സന്നിധാനത്ത് കളരി അവതരിപ്പിക്കാനെത്തുന്നുണ്ട്.

What do you feel about this post?
Like
Love
Happy
Haha
Sad

