ഇലക്ട്രിക്ക് പോസ്റ്റ് അടക്കം പൊതു സ്ഥലങ്ങളിലുള്ള അനധികൃത ബോർഡുകളും ബാനറുകളും നീക്കണം

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – പൊതുയിടങ്ങളിൽ അനധികൃതമായി സ്ഥാപിച്ച തദേശ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടും അല്ലാതെയുമുളള ബോർഡുകൾ, കൊടിതോരണങ്ങൾ, ഹോർഡിങ്ങുകൾ എന്നിവ സ്ഥാപിച്ചവർ തന്നെ നീക്കം ചെയ്യണം. അല്ലാത്തപക്ഷം പഞ്ചായത്ത് നേരിട്ട് നീക്കയശേഷം ഉത്തരവാദിത്തപ്പെട്ടവരിൽ നിന്ന് ചെലവും പിഴയും ഈടാക്കുമെന്നും വിവരം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

*ആന്റി ഡിഫേയ്‌സ്‌മെന്റ് സ്‌ക്വാഡ്: 1,183 പ്രചാരണ സാമഗ്രി നീക്കം ചെയ്തു.

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്കുള്ള പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആന്റി ഡീഫെയ്സ്മെന്റ് സ്‌ക്വാഡ് ജില്ലയിലെ വിവിധ ഇടങ്ങളിൽ അനധികൃതമായി സ്ഥാപിച്ച 1,183 പ്രചരണ സാമഗ്രി നീക്കം ചെയ്തു. വിവിധ രാഷ്രീയ പാർട്ടികൾ സ്ഥാപിച്ച ബാനർ, ഫ്‌ളക്‌സ്, പോസ്റ്റർ, ഫ്ളാഗ് ഉൾപ്പെടെയാണ് നീക്കം ചെയ്തത്.

അടൂർ 270 പോസ്റ്ററും കോന്നി 58 പോസ്റ്ററും 17 ഫ്ളക്സും കോഴഞ്ചേരിയിൽ 93 പോസ്റ്ററും 30 ഫ്ളക്സും തിരുവല്ലയിൽ 368 പോസ്റ്ററും 59 ബോർഡും മല്ലപ്പള്ളി 32 പോസ്റ്റർ, നാല് ഫ്ളക്സും റാന്നി 194 പോസ്റ്ററും 28 ഫ്ളക്സും 30 ഫ്ളാഗും നീക്കം ചെയ്തു. കോന്നി, കോഴഞ്ചേരി താലൂക്കുകളിലായി ലഭിച്ച രണ്ടു പരാതിയും പരിഹരിച്ചു. നീക്കം ചെയ്തവയിൽ 1,015 പോസ്റ്ററും 79 ഫ്ളക്സും 59 ബോർഡും ഉൾപ്പെടും.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ കക്ഷികളും സ്ഥാനാർഥികളും നടത്തുന്ന പ്രചാരണ പരിപാടി നിയമപരമാണോ എന്ന് പരിശോധിക്കുകയാണ് സ്‌ക്വാഡിന്റെ ചുമതല. പ്രചാരണ പരിപാടിയുടെ നിയമ സാധുത സ്‌ക്വാഡ് പരിശോധിക്കും. നിയമപരമല്ലാത്ത പ്രചാരണ പരിപാടി ഉടൻ നിർത്തിവയ്ക്കാൻ സ്‌ക്വാഡ് നിർദേശം നൽകും. അനധികൃതമായോ നിയമപരമല്ലാതെയോ സ്ഥാപിച്ച നോട്ടീസ്, ബാനർ, ചുവരെഴുത്ത്, പോസ്റ്റർ, ബോർഡ് എന്നിവ നീക്കം ചെയ്യാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകും. നിർദേശം പാലിക്കുന്നില്ലെങ്കിൽ അവ നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിച്ച് അതിന്റെ ചെലവ് ബന്ധപ്പെട്ടവരിൽ നിന്ന് ഈടാക്കുന്നതിന് തദേശസ്ഥാപന സെക്രട്ടറിമാരുടെയും നിരീക്ഷകരുടെയും ശ്രദ്ധയിൽപ്പെടുത്തി സ്‌ക്വാഡ് നടപടി സ്വീകരിക്കും.

പരാതിപ്പെടാനായി ജില്ലാതല ആന്റി ഡിഫെയ്സ്മെന്റ് സ്‌ക്വാഡ് നമ്പർ : 0469 2601202

Leave a Reply

Your email address will not be published. Required fields are marked *