ബാറിൽ വച്ച് യുവാവിന്റെ തല അടിച്ചു തകർത്ത് കാപ്പാക്കേസ് പ്രതി: പിന്തുടർന്ന് അതിസാഹസികമായി ബാംഗ്ലൂരിൽ നിന്ന് പൊക്കി തിരുവല്ല സ്‌ക്വാഡ്

Crime
Print Friendly, PDF & Email

തിരുവല്ല – ബാറിൽ മദ്യപിക്കാൻ എത്തിയ യുവാവിനെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ തിരുവല്ല പോലീസ് ബാംഗ്ലൂരിൽ നിന്ന് സാഹസികമായി പിടികൂടി. തിരുവല്ല കുരിശുകവല ശങ്കരമംഗലത്ത് താഴത്തേതിൽ വീട്ടിൽ കൊയിലാണ്ടി രാഹുൽ എന്ന് വിളിക്കുന്ന രാഹുൽ മനോജ്(26), കുറ്റപ്പുഴ മഞ്ഞാടി മംഗലശ്ശേരി വീട്ടിൽ ജിജോ ജോയ് (23), തുകലശ്ശേരി കൂട്ടത്തിൽ വീട്ടിൽ ആദിത്യരാജ് (23), കുറ്റപ്പുഴ സഊരിയത്ത് വീട്ടിൽ കിരൺ വില്യംസ് തോമസ് (22) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ഒൻപതിൽ തിരുവല്ലയിലെ ബാറിൽ വച്ചാണ് സംഭവം. മദ്യപിച്ചു കൊണ്ടിരുന്ന രാഹുൽ മനോജിന്റെ കാലിൽ കൗണ്ടറിലേക്ക് പണം അടയ്ക്കാൻ പോയ യുവാവിന്റെ കാൽ തട്ടി എന്ന കാരണം പറഞ്ഞു പ്രതികൾ സംഘ ംചേർന്ന് മർദ്ദിക്കുകയും ബിയർ കുപ്പി കൊണ്ട് തലയ്ക്ക് അടിക്കുകയും ആയിരുന്നു. കുറ്റപ്പുഴ കല്ലംപറമ്പിൽ വീട്ടിൽ പ്രദീപിനാണു (49) മർദ്ദനമേറ്റത്. സംഭവത്തിനു ശേഷം പ്രതികൾ വാടകയ്‌ക്കെടുത്ത കാറിൽ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത ശേഷം കടന്നുകളയുകയായിരുന്നു.

ജില്ലാ പോലീസ് മേധാവി ആർ. ആനന്ദിന്റെ നിർദ്ദേശപ്രകാരം ഡിവൈ.എസ്.പി നന്ദകുമാറിന്റെ മേൽനോട്ടത്തിൽ പോലീസ് ഇൻസ്‌പെക്ടർ കെ.എസ്. സുജിത്തിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. നിരവധി സിസിടിവി കാമറകൾ പരിശോധിച്ചതിൽ പ്രതികൾ നാടുവിട്ടു പോയിട്ടുള്ളതായി മനസ്സിലാക്കി. അന്വേഷണം ഊർജിതമാക്കിയ പോലീസിന് പ്രതികൾ ബാംഗ്ലൂരിൽ ഉള്ളതായി സൂചന ലഭിച്ചു.

കേസിലെ ഒന്നാം പ്രതിയും കാപ്പാക്കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയതുമായ രാഹുൽ മനോ ജിനെ വാഹന സഹിതം കോയമ്പത്തൂരിൽ നിന്നും പിടികൂടി. ഇയാൾ വധശ്രമം കൂട്ടായ്മ കവർച്ച,ആയുധം കൈവയ്ക്കൽ, പൊതുമുതൽ നശിപ്പിക്കൽതുടങ്ങി ഇരുപതോളം കേസുകളിൽ പ്രതിയാണ്. ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിലും കോട്ടയം ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലെ കൂട്ടായ്മ കവർച്ച കേസിലും പ്രതിയാണ് രാഹുൽ.

തുടർന്ന് നടത്തിയ അന്വേഷണങ്ങളിൽ കഞ്ചാവ്, ദേഹോപദ്രവം തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ കിരൺ വില്യംസ് തോമസിന്റെ സഹായത്തോടെ പ്രതികൾ ബംഗളൂരു വൈറ്റ്ഫീൽഡ് കഡുഗോഡി എന്ന സ്ഥലത്ത് ഒളിവിൽ കഴിയുന്നതായി വിവരം ലഭിച്ചു. തുടർന്ന് മൂന്നു മുതൽ അഞ്ചു വരെ പ്രതികളെ ബംഗളൂരിലെത്തി അന്വേഷണസംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ ഒളിവിൽ പാർപ്പിക്കാൻ സഹായിച്ച അഞ്ചാംപ്രതി കിരൺ വില്യംസ് തോമസ് ബാംഗ്ലൂർ രാമമൂർത്തി നഗർ എക്‌സൈസ് റെയിഞ്ച് പോലീസ് സ്‌റ്റേഷനിലെ കേസിൽ പ്രതിയാണ്.

ആഴ്ചകളോളം നീണ്ടു നിന്ന കഠിന പരിശ്രമങ്ങൾകൊടുവിലാണ് തിരുവല്ല സ്‌ക്വാഡിന് പ്രതികളിലേക്ക് എത്താൻ ആയത്. സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ ജയകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ അഖിലേഷ്, സിവിൽ പോലീസ് ഓഫീസർമാരായ അവിനാശ് വിനായകൻ, ടോജോ തോമസ് എന്നിവ അടങ്ങുന്ന സംഘമാണ് പ്രതികളെ സാഹസികമായി പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *