സന്നിധാനം – ശബരിമല സന്നിധാനത്തെത്തുന്ന അയ്യപ്പഭക്തർക്ക് ആശ്വാസമാവുകയാണ് ദേവസ്വം ബോർഡിന്റെ അന്നദാനം. വയറും മനസ്സും നിറയെ ആഹാരം കഴിച്ച് മലയിറങ്ങുന്നതിന്റെ സന്തോഷം പങ്കുവെച്ചാണ് ഭക്തർ അന്നദാനമണ്ഡപം വിടുന്നത്. പതിനായിരത്തിലധികം പേരാണ് ദിവസവും അന്നദാനത്തിൽ പങ്കെടുക്കുന്നത്. ഈ വർഷം നടതുറന്നശേഷം ശനിയാഴ്ച വരെ ഇവിടെനിന്ന് ഭക്ഷണം കഴിച്ചവരുടെ എണ്ണം ഒരുലക്ഷം കവിഞ്ഞു.
മൂന്നുനേരമായാണ് ഭക്ഷണം വിളമ്പുന്നത്. രാവിലെ ആറു മുതൽ 11 മണി വരെ ഉപ്പുമാവ്, കടലക്കറി, ചുക്കുകാപ്പി, തിളപ്പിച്ചാറിയ വെള്ളം എന്നിവ നൽകും. ഉച്ചയ്ക്ക് പന്ത്രണ്ടിനാരംഭിക്കുന്ന ഉച്ചഭക്ഷണം 3.30 വരെ നീളും. പുലാവ്, ദാൽകറി, അച്ചാർ എന്നിവയാണ് ഉച്ചയ്ക്ക് വിളമ്പുന്നത്. വൈകീട്ട് 6.45 മുതലാണ് അത്താഴവിതരണം. ഇത് നട അടയ്ക്കുന്നതുവരെ തുടരും. കഞ്ഞിയും പുഴുക്കു(അസ്ത്രം)മാണ് നൽകുന്നത്.
മാസ പൂജയ്ക്കടക്കം നട തുറക്കുന്ന ദിവസങ്ങളിലെല്ലാം അന്നദാനമുണ്ട്. മകരവിളക്കിന് പ്രത്യേക സൗകര്യവുമൊരുക്കും.
ഇത്രയധികം ഭക്തരെത്തുമ്പോഴും യാതൊരു പരാതിയുമില്ലാതെ വൃത്തിയോടെ ഭക്ഷണം നൽകാനാവുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് അന്നദാനത്തിന്റെ ചുമതലയുള്ള സ്‌പെഷ്യൽ ഓഫീസർ സുനിൽകുമാർ പറഞ്ഞു.
പാചകത്തിനും വിളമ്പുന്നതിനും ശുചീകരണത്തിനുമായി 235 ജീവനക്കാരെയാണ് നിയോഗിച്ചിട്ടുള്ളത്. ഭക്തർ കഴുകിവെയ്ക്കുന്ന പ്ലേറ്റുകളും ഗ്ലാസ്സുകളും ഡിഷ് വാഷർ ഉപയോഗിച്ച് വീണ്ടും ചൂടുവെള്ളത്തിൽ കഴുകി വൃത്തിയാക്കും. ഒരേ സമയം ആയിരത്തോളം പേർക്ക് ഭക്ഷണം വിളമ്പുന്ന ഇവിടെ തിരക്കു കൂടുന്നതനുസരിച്ച് കൂടുതൽ പേരെ ഉൾക്കൊള്ളാവുന്ന വിധത്തിൽ ക്രമീകരിക്കും. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ അന്നദാന മണ്ഡപങ്ങളിലൊന്നാണ് ശബരിമലയിലേത്. മാളികപ്പുറം ക്ഷേത്രത്തിനു പിന്നിലായാണ് അന്നദാനമണ്ഡപം.

ശബരിമല സന്നിധാനത്തെ അന്നദാനമണ്ഡപത്തിൽ അന്നദാനത്തിൽ പങ്കെടുക്കുന്നവർ
What do you feel about this post?
Like
Love
Happy
Haha
Sad

