ആറന്മുള – ഗാന്ധിജിയുടെ ആറന്മുള സന്ദർശന ഓർമ്മക്കായി സ്മാരക ശിലാസ്ഥാപനം. ചരിത്രത്തിന്റെ താളുകളിൽ നിന്നും കാലം മായ്ച്ചുകളഞ്ഞ ഒരദ്ധ്യായം തിരികെ എഴുതപ്പെടുന്നു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പാദസ്പർശമേറ്റ പുണ്യഭൂമിയായ ആറന്മുളയിൽ, ആ ഓർമ്മകളെ നെഞ്ചിലേറ്റാൻ ഒരുങ്ങുകയാണ്. ആറന്മുള പി.ഡബ്ല്യൂ.ഡി സത്രത്തിൽ ഗാന്ധിജിയുടെ പ്രതിമ സ്ഥാപിക്കുന്നതിനുള്ള പ്രയത്നങ്ങൾ ഇപ്പോൾ യാഥാർത്ഥ്യത്തിലേക്ക്. പണികൾക്ക് ഇന്ന് തുടക്കമായി.

ചിത്രങ്ങൾ – ആറന്മുള പി.ഡബ്ല്യൂ.ഡി സത്ര പരിസരത്ത് ഇന്ന് പണികൾ ആരംഭിച്ചപ്പോൾ.
2022 സെപ്റ്റംബർ 9-ന് “മനീഷ് ആറന്മുള” എന്ന പൊതു പ്രവർത്തകൻ സർക്കാരിന് സമർപ്പിച്ച നിവേദനത്തിൽ നിന്ന് തുടങ്ങിയ ആ യാത്ര, പ്രതിബന്ധങ്ങൾ പലതും താണ്ടി ഇപ്പോൾ വിജയത്തിന്റെ തീരത്തണഞ്ഞിരിക്കുകയാണ്. ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിനായി ഒരു മനസ്സും ഒരൊറ്റ ലക്ഷ്യവും എന്ന നിലയിൽ അദ്ദേഹം നടത്തിയ നിരന്തരമായ പരിശ്രമങ്ങളാണ് ഈ നേട്ടത്തിന് പിന്നിൽ. അത് തികച്ചും വ്യക്തിപരമായൊരു നേട്ടത്തിനപ്പുറം, ആറന്മുള എന്ന ഗ്രാമത്തിന് രാഷ്ട്രപിതാവിനോടുള്ള ആദരവ് പ്രകടിപ്പിക്കാനുള്ള ഒരവസരമായി മാറുന്നു. ശ്രീ. കെ.പി ശ്രീരംഗനാഥൻ എഴുതിയ “ആറന്മുള ഐതീഹ്യവും ചരിത്ര സത്യങ്ങളും” എന്ന പുസ്തകത്തിലൂടെയാണ് ആറന്മുളയിൽ ഗാന്ധിജി സന്ദർശനം നടത്തിയിരുന്നു സുപ്രധാന വിവരം വെളിച്ചം കണ്ടത്. ആ നിമിഷം മുതൽ, ഈ നിയോഗം മനീഷ് ഏറ്റെടുക്കുകയായിരുന്നു. സർക്കാരുകളുമായി നിരന്തര കത്തിടപാടുകൾ, യാത്രകൾ.. സാങ്കേതികമായ നൂലാമാലകളും കാലതാമസങ്ങളും ഒരുപാട് വെല്ലുവിളികൾ ഉയർത്തി. പക്ഷേ, ഒടുവിൽ അവയെല്ലാം അതിജീവിച്ച്, ഈ പദ്ധതിക്ക് ടെൻഡർ വിളിച്ച് എത്രയും വേഗം പണികൾ ആരംഭിക്കുമെന്ന അറിയിപ്പ് ലഭിച്ചപ്പോൾ, അത് ഒരു സ്വപ്നം യാഥാർത്ഥ്യമാകുന്നതിന്റെ സന്തോഷവും അഭിമാനവുമാണ് നൽകിയതെന്ന് മനീഷ് പറഞ്ഞു.

ചിത്രം – ആറന്മുളയിൽ എത്തിയ ശേഷം ഗാന്ധിജി സ്വന്തം കൈപ്പടയിൽ ശിഷ്യയായ മീരാബെഹന് എഴുതിയ കത്ത് .
ഗാന്ധിജിയുടെ ആറന്മുള സന്ദർശന ചരിത്ര സ്മാരക നിർമ്മാണത്തിന്റെ പിന്നിൽ മനീഷിന്റെ ഒരുപാട് ത്യാഗങ്ങളും ഒരുപാട് ശ്രമങ്ങളും ഉണ്ട്. ഈ പോരാട്ടത്തിൽ ഒപ്പം നിന്ന ഓരോ നല്ല മനസ്സുകൾക്കും ഹൃദയത്തിൽ തൊട്ടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നതായി മനീഷ് പറഞ്ഞു. ഗാന്ധിജിയുടെ ഓർമ്മകൾക്ക് ഈ മണ്ണിൽ ഇനി ഒരു ശിലാസ്ഥാപനം മാത്രമല്ല, ഒരു ചരിത്രത്തിന്റെ ഒരു പുനർജന്മം കൂടിയാണ്. കാലത്തിന് മായ്ക്കാൻ കഴിയാത്ത അടയാളമായി ആറന്മുളയുടെ മണ്ണിൽ ഇത് നിലനിൽക്കും.

ചിത്രം – മനീഷ് ആറന്മുള
ശ്രീരംഗനാഥൻ ഈ ചരിത്ര സ്മാരക നിർമ്മാണത്തിൽ സന്തുഷ്ടി രേഖപ്പെടുത്തി സമൂഹ മാധ്യമത്തിൽ കുറിച്ചത് ഇങ്ങനെ,…
ഗാന്ധിജി തൻറെ തീർത്ഥയാത്രയ്ക്കിടയിൽ ആറന്മുള സത്രത്തിൽ ഒരു ദിവസം വന്നിരുന്നുവെന്നും അവിടെ വച്ച് തന്റെ അരുമയായ മീര ബഹന് ഒരു കത്തെഴുതിയെന്നും എൻറെ പുസ്തകത്തിൻറെ അന്വേഷണങ്ങൾക്കിടയിലാണ് ഞാൻ അറിഞ്ഞത്. അതിൻറെ വിശദാംശങ്ങൾ അന്വേഷിച്ച് എൻറെ പുസ്തകത്തിൽ ചേർക്കുന്നതിൽ ഞാൻ കൂടുതൽ ശ്രദ്ധ പതിപ്പിച്ചു. എൻറെ പുസ്തകം വായിച്ചിട്ടാണ് പലരും അദ്ദേഹത്തിൻറെ സന്ദർശനത്തെ പറ്റി അറിഞ്ഞതെങ്കിലും അത് സമ്മതിക്കുന്ന കാര്യത്തിൽ പലരും വിരസത പ്രകടിപ്പിച്ചിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഇന്ന് ഒരു നല്ല ദിവസമാണ്. ഗാന്ധിജി ആറന്മുള വന്നിരുന്നതിനെപ്പറ്റിയും ആറന്മുള സത്രത്തിൽ വിശ്രമിച്ചതിനെപ്പറ്റിയും ഞാൻ എഴുതിയതിൽ നിന്നും കേട്ടറിഞ്ഞ് എൻറെ പുസ്തകം വായിച്ചതിൽ നിന്നാണ് ഇതിനെപ്പറ്റി അറിഞ്ഞത് എന്ന് സമ്മതിക്കാൻ മടിയില്ലാത്ത മനീഷ് നായർ അതിൻറെ പിന്നാലെ നടന്ന് മഹാത്മാഗാന്ധിയുടെ ഒരു പ്രതിമ സത്രത്തിൽ സ്ഥാപിക്കുന്നതിന് ശ്രമിച്ചിട്ട് ഇന്നത് സാഫല്യത്തിലെത്തുന്ന ദിവസമാണ്. ഇന്നതിൻറെ പീഠത്തിൻറെ പണി തുടങ്ങിയിരിക്കുന്നു..

ചിത്രം – ശ്രീരംഗനാഥൻ കെ.പി ആറന്മുള


