പത്തനംതിട്ട – തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് രണ്ടു ഘട്ടമായാണ് തിരഞ്ഞെടുപ്പ്. ഡിസംബർ ഒമ്പതിന് പത്തനംതിട്ട ജില്ലയിൽ തിരഞ്ഞെടുപ്പ് നടക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ഡിസംബർ ഒമ്പതിനാണ് തിരഞ്ഞെടുപ്പ്. ഡിസംബർ 11 ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ തിരഞ്ഞെടുപ്പ് നടക്കും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാനാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്.
ജില്ലയിൽ 53 ഗ്രാമപഞ്ചായത്ത്, എട്ട് ബ്ലോക്ക് പഞ്ചായത്ത്, നാല് നഗരസഭ, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. നവംബർ 14 ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനവും വരണാധികാരി പുറപ്പെടുവിക്കുന്ന തിരഞ്ഞെടുപ്പ് നോട്ടീസും പ്രസിദ്ധപ്പെടുത്തും. നവംബർ 21 നാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. നവംബർ 22 ന് നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി നവംബർ 24. രാവിലെ ഏഴു മുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ഡിസംബർ 13 ന് രാവിലെ എട്ടു മുതൽ വോട്ടെണ്ണും. തിരഞ്ഞെടുപ്പ് പ്രക്രിയ ഡിസംബർ 18 ന് പൂർത്തിയാകും.
What do you feel about this post?
Like
Love
Happy
Haha
Sad

