ആലപ്പുഴ – കേരളത്തിലെ പൊതുഗതാഗതത്തിൻ്റെ മുഖമാണ് കെ.എസ്.ആർ.ടി.സി. ദശകങ്ങളായി ലക്ഷക്കണക്കിന് യാത്രക്കാരുടെ വിശ്വാസവും ആശ്രയവുമായി ഇന്നും നിലകൊള്ളുകയാണ്. പൊതുഗതാഗതത്തിന്റെ പ്രാധാന്യം വ്യക്തമായി പ്രതിഫലിക്കുന്ന തരത്തിൽ യാത്രക്കാരുടെ സൗകര്യത്തിനും സുരക്ഷിതത്വത്തിനും മുൻഗണന നൽകി നൂതന ആശയങ്ങൾ നടപ്പിലാക്കി കെ.എസ്.ആർ.ടി.സിക്ക് മുന്നേറാനാകുന്നു എന്നതിൽ അഭിമാനമുണ്ട്.
യാത്രക്കാരാണ് കെ.എസ്.ആർ.ടി.സിയുടെ യഥാർത്ഥ ശക്തി. പൊതുഗതാഗത സംവിധാനങ്ങളുടെ പ്രാധാന്യം ഓർമ്മപ്പെടുത്തുന്ന സുദിനത്തിൽ “ആനവണ്ടി പ്രേമികളുടെ കൂട്ടായ്മക്ക്” എടത്വ ഡിപ്പോയിലും തുടക്കമായി.
1998 ഒക്ടോബർ 18ന് ആരംഭിച്ച എടത്വാ ഡിപ്പോ കുട്ടനാട്ടിലെ ഏക കെ.എസ്.ആർ.ടി.സി ഡിപ്പോയാണ്. ഡിപ്പോ തുടങ്ങിയ കാലഘട്ടത്തിൽ സ്വതന്ത്ര ഡിപ്പോ ആയിരുന്നു. എന്നാൽ പിന്നീട് അത് സബ് ഡിപ്പോ ആയി തരംതാഴ്ത്തി. പിന്നീട് വെറുമൊരു ഓപ്പറേറ്റിംഗ് സെന്റർ ആയിട്ടും അതിനുശേഷം ഡിപ്പോ നിർത്തലാക്കുന്ന അവസ്ഥയിൽ വരെ എത്തിയിരുന്നു.
ഇന്ന് നമ്മുടെ കെ.എസ്.ആർ.ടി.സി എടത്വ ഡിപ്പോയിൽ ജനങ്ങൾക്ക് വേണ്ട യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഇല്ല. ഓഫീസ് കെട്ടിടം ആയിട്ട് പണിതിരിക്കുന്ന കെട്ടിടത്തിൽ യാത്രക്കാർക്ക് ഇരിക്കാനോ വിശ്രമിക്കാനോ മറ്റ് അടിസ്ഥാന സൗകര്യങ്ങളൊന്നും തന്നെയില്ല.
ഡിപ്പോയിലെത്തുന്ന യാത്രക്കാർ ബസ് കാത്തു നിൽക്കുന്നത് ഒരു മരത്തിന് ചുവട്ടിലാണ്. പെരിവെയിലത്തും മഴയത്തും സ്കൂൾ കോളേജ് വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർ യാത്രക്കാരായി ഇവിടെ എത്താറുണ്ട്. ഇതു കൂടാതെ അന്യസംസ്ഥാനങ്ങളിൽ നിന്നും ലക്ഷക്കണക്കിന് തീർത്ഥാടകരും ഇവിടെ എത്താറുണ്ട്.

രാത്രിയിൽ ഡിപ്പോയിൽ വെളിച്ചത്തിന് കുറവ്, തെരുവ് നായ്ക്കളുടെ ശല്യം, മഴപെയ്താൽ വെള്ളക്കെട്ട്, ജീവനക്കാർക്ക് വിശ്രമിക്കുന്നതിന് പോലും സൗകര്യം ഇല്ലാത്ത അവസ്ഥ, ഇതിനെല്ലാം ശാശ്വത പരിഹാരം ഉണ്ടാകണം. കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് സ്കൂളിന് ഗ്രൗണ്ടും ഉൾപെടെ നിർമ്മിക്കണം. ഡിപ്പോയെ ഒരു സ്വതന്ത്ര ഡിപ്പോ ആക്കി മാറ്റണം. ഡിപ്പോയിൽ നിന്നും മുമ്പ് ഉണ്ടായിരുന്ന ദീർഘ ദൂര സർവ്വീസുകൾ പുനരാരംഭിക്കണം.
എടത്വ – നാഗർകോവിൽ സൂപ്പർഫാസ്റ്റ് സർവീസ്, എടത്വ – കന്യാകുമാരി സൂപ്പർഫാസ്റ്റ് സർവീസ്, എടത്വ – കോയമ്പത്തൂർ സൂപ്പർഫാസ്റ്റ് സർവീസ്, എന്നിവ ഉൾപ്പെടെ ആലപ്പുഴയിൽ നിന്നും തിരുവല്ലായിൽ നിന്നും രാത്രി 10 മണിക്ക് ഉണ്ടായിരുന്ന ഓർഡിനറി സർവീസും ആരംഭിക്കണം.
ഈ വിഷയങ്ങളിൽ സജീവ ഇടപെടൽ നടത്തുവാനാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യമെന്ന് ഐ ലൗവ് കെ.എസ്.ആർ.ടി.സി എടത്വ ഡിപ്പോ കൂട്ടായ്മ യ്ക്കു വേണ്ടി വിഷ്ണു വിനോദ്, ഡോ. ജോൺസൺ വി ഇടിക്കുള എന്നിവർ പറഞ്ഞു.
What do you feel about this post?
Like
Love
Happy
Haha
Sad

