പത്തനംതിട്ട: കുളനട, മെഴുവേലി വില്ലേജുകളിൽ ഭൂമിയുടെ ഫെയർ വാല്യു നിശ്ചയിച്ചത് കുറയ്ക്കണമെന്ന് കുളനട പൗരസമിതി പ്രവർത്തകർ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. 2010 ൽ ഫെയർവാല്യു നിശ്ചയിച്ചപ്പോൾ ഒരു ആർ ന് 0 കൂടിപ്പോയി. ഉദാഹരണത്തിന് 15,000 രൂപ എന്നതിന് 1.50 ലക്ഷം രൂപ നിശ്ചയിച്ചു. ഇത് സംബന്ധിച്ച് 2010 മുതൽ നിരവധി പരാതികൾ മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും നൽകിയിട്ടും പരിഹാരം ഉണ്ടായിട്ടില്ലെന്ന് ഉളനാട് പൗരസമിതി അംഗങ്ങൾ വാർത്ത സമ്മേളനത്തിൽപറഞ്ഞു.
നാട്ടുകാരായ രണ്ടു റവന്യൂ ഉദ്യോഗസ്ഥരുടെ കാലത്താണ് ഈ ഉയർന്ന ഫെയർ വാല്യുനിശ്ചയിച്ചത്. ഈ രണ്ടുപേരും കൈക്കൂലിക്കും മറ്റും നിരവധി പ്രാവശ്യം ശിക്ഷണ നടപടികൾക്ക് വിധേയരായവരാണന്ന് പൗരസമിതി അംഗങ്ങൾ പറഞ്ഞു. ഇതിൽ ഒരാൾ സി.പി.ഐയുടെ നേതാവുമാണ്. ഇവർ വിരമിച്ചതിന് ശേഷവും പ്രമാണം രജിസ്റ്റർ ചെയ്യുന്നതിന് വൻ തട്ടിപ്പുകൾ നടത്തുകയാണ്. നിരവധിയാളുകളിൽ നിന്ന് വൻ തുകയാണ് പ്രമാണം രജിസ്റ്റർ ചെയ്യുന്നതിന് കബളിപ്പിച്ചു വാങ്ങിയിട്ടുള്ളത്.
തുമ്പമൺതാഴം വട്ടംകുന്ന് മലയിൽ ഫെയർ വാല്യു കുറച്ചു നൽകുന്നതിനായി 2023 ൽ നൽകിയ അപേക്ഷയിൽ ഇതുവരെ തീരുമാനമായില്ലെന്ന് വൈ. വർഗീസ് പറഞ്ഞു. മെഴുവേലി വില്ലേജിൽ ഉളനാട് വടക്കേകരയത്ത് വി.എ. തോമസ് എന്നയാളിന്റെ വസ്തു വീതം വച്ച് നാലു പ്രമാണങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് 4,15,000 രൂപ ഉയർന്ന ഫെയർ വാല്യു ആണെന്ന് പറഞ്ഞ് കബളിപ്പിച്ചുവാങ്ങിയിട്ടുണ്ട്. അന്വേഷണത്തിൽ എല്ലാ ചെലവും ഉൾപ്പെടെ വെറും 69,190 രൂപ മാത്രമാണ് വേണ്ടി വരുന്നത്. 3,45,810 രൂപയാണ് വി.എ. തോമസിൽ നിന്നും കബളിപ്പിച്ചു വാങ്ങിയത്. ഇതു സംബന്ധിച്ച് പത്തനംതിട്ട ഡിവൈ.എസ്.പിക്ക് കഴിഞ്ഞ സെപ്റ്റംബറിൽ പരാതി നൽകിയിരുന്നതായും വി. എ.തോമസ് പറഞ്ഞു. അന്വേഷണത്തിൽ കബളിപ്പിക്കൽ നടന്നതായി പോലീസിന് ബോധ്യപ്പെട്ടിട്ടും നടപടി ഒന്നും ഉണ്ടായില്ല. തുടർന്ന് മുഖ്യമന്ത്രിക്ക് കഴിഞ്ഞ 13 ന് പരാതി നൽകി.
കുളനട, മെഴുവേലി എന്നീ വില്ലേജുകളിലെ സാധാരണക്കാരായ നിരവധി ആളുകളെ ഫെയർ വാല്യുവിന്റെ പേരു പറഞ്ഞ് പ്രമാണം ചെയ്യുന്നതിനും മറ്റും ലക്ഷങ്ങളാണ് ഇവർ കബളിപ്പിച്ചു വാങ്ങുന്നത്. നാട്ടുകാരുടെ പരാതികളെ തുടർന്ന് അദാലത്ത് നടത്താൻ തീരുമാനിച്ചതാണങ്കിലും ജീവനക്കാർകുറവാണന്ന കാരണം പറഞ്ഞ് ഒഴിയുകയാണ്. രാഷ്ട്രീയക്കാർക്ക് ജനങ്ങൾ നേരിടുന്ന ഇങ്ങനെയുള്ള പ്രശ്നങ്ങൾക്ക് നേരെ കണ്ണടക്കുക എന്നതാണ് ശൈലി. വാർത്താ സമ്മേളനത്തിൽ ഉളനാട് സ്വദേശികളായ ബാബുശാമുവേൽ, വി.എ. തോമസ്, വൈ. വർഗീസ്, വി.സി. തോമസ്, എം.ഡി. ജോഷ്വ എന്നിവർ പങ്കെടുത്തു.
What do you feel about this post?
Like
Love
Happy
Haha
Sad

