പന്തളം – ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പിന് പന്തളം കൊട്ടാരത്തിൽ നിന്ന് കശ്യപ് വർമ്മയേയും മൈഥിലി കെ. വർമ്മയേയും വലിയ തമ്പുരാൻ തിരുവോണം നാൾ രാമവർമ്മ രാജ നിയോഗിച്ചു. തിരുവല്ല പാലിയേക്കര കൊട്ടാരത്തിൽ ശൈലേന്ദ്ര വർമയുടെയും മാവേലിക്കര കൃഷ്ണവിലാസം വലിയ കൊട്ടാരത്തിൽ പൂജാവർമയുടെയും മകനായ കശ്യപ് വർമ ശബരിമല മേൽശാന്തി നറുക്കെടുപ്പ് നിർവഹിക്കും. പന്തളം നടുവിലെ മാളിക കൊട്ടാരത്തിൽ മുൻ രാജ പ്രതിനിധി പ്രദീപ് കുമാർ വർമ്മയുടെ ചെറുമകനാണ് കശ്യപ്. നെതർലാൻഡ്‌സിലെ അൽമേർ ഡിജിറ്റാലിസ് പ്രൈമറി സ്‌കൂളിൽ അഞ്ചാംക്ലാസ് വിദ്യാർത്ഥിയാണ്. സഹോദരി:ചിന്മയി വർമ്മ.
പന്തളം മുണ്ടയ്ക്കൽ കൊട്ടാരത്തിലെ മുൻ രാജ പ്രതിനിധി രാഘവവർമ്മയുടെ മകൾ ശ്രുതി ആർ. വർമ്മയുടെയും ചാഴൂർ കോവിലകത്ത് സി.കെ. കേരള വർമ്മ ദമ്പതികളുടെ മകൾ മൈഥിലി കെ. വർമ്മയാണ് മാളികപ്പുറം മേൽശാന്തിയെ നറുക്കെടുക്കുന്നത്. മൈഥിലി ബാഗ്ലൂർ സംഹിത അക്കാദമി സ്‌കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥിനി യാണ്. സഹോദരൻ: മാധവ് കെ വർമ്മ.
പന്തളം കൊട്ടാരം വലിയ തമ്പുരാന്റെയും വലിയ തമ്പുരാട്ടിയുടെയും അനുഗ്രഹം വാങ്ങി നാളെ ഉച്ചയ്ക്ക് തിരുവാഭരണ മാളികയുടെ മുൻപിൽ വെച്ച് കെട്ട് നിറച്ച് വലിയ കോയിക്കൽ ക്ഷേത്രത്തിൽ ദർശനത്തിനുശേഷം സംഘം പ്രതിനിധികളുടെയും രക്ഷിതാക്കളുടെയും ഒപ്പം സന്നിധാനത്തേക്ക് യാത്ര തിരിക്കും. 2011ലെ സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം റിട്ട. ജസ്റ്റിസ് കെ.റ്റി. തോമസിന്റെ റിപ്പോർട്ട് അടിസ്ഥാനത്തിലാണ് കുട്ടികളെ നറുക്കെടുപ്പിനായി അയയ്ക്കുന്നത്.
What do you feel about this post?
Like
Love
Happy
Haha
Sad

