റാന്നി/പെരുമ്പെട്ടി – തനിച്ച് താമസിക്കുന്ന വയോധികനെ മൺവെട്ടി കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. എഴുമറ്റൂർ കാരമല താളിയാട്ടുവീട്ടിൽ അജേഷ് കുമാർ(മത്തായി-32) ആണ് അറസ്റ്റിലായത്. അയൽവാസി പറുങ്കിക്കീഴിൽ വീട്ടിൽ കുഞ്ഞൂട്ടി എന്നു വിളിക്കുന്ന സോമനെ(70)യാണ് അജേഷ് ആക്രമിച്ചത്. വീട്ടിൽ വളർത്തുന്ന നായകൾക്ക് പേ വിഷബാധയുണ്ടെന്ന് നാട്ടുകാർ പറഞ്ഞുവെന്ന് ആരോപിച്ച് അജേഷ് അയൽവാസികളെ ചീത്തവിളിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തു. ഈ സമയം റോഡിലൂടെ പോയ ബന്ധുവായ സോമൻ എന്തിനാണ് തെറി വിളിക്കുന്നതെന്ന് ചോദിച്ചതാണ് പ്രകോപനമായത്.
പിന്നാലെ സോമന്റെ വീട്ടിലെത്തിയ അജേഷ് വാക്ക് തർക്കത്തിലേർപ്പെടുകയും മുറ്റത്ത് കിടന്ന മൺവെട്ടിയെടുത്ത് തലയ്ക്ക് അടിക്കുകയുമായിരുന്നു. തലയോട്ടിയുടെ അസ്ഥിക്ക് പൊട്ടലേറ്റ സോമൻ കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. പോലീസ് ഇൻസ്‌പെക്ടർ ബി. സജീഷ് കുമാർ സ്ഥലത്തു വന്ന് പരുക്കേറ്റ സോമനെ ആംബുലൻസ് വരുത്തി ഹോസ്പിറ്റലിലേക്ക് അയച്ച ശേഷം കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിക്കുകയായിരുന്നു. കൃത്യത്തിന് ശേഷം ഒളിവിൽപ്പോയ പ്രതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാരമലയിലുളള വീട്ടുപരിസരത്ത് നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
What do you feel about this post?
Like
Love
Happy
Haha
Sad

