ഭൂമി തരം മാറ്റം: ആർ.ഡി.ഓഫീസുകളിലെ കാലതാമസം മുതലെടുത്ത് ഇടനിലക്കാർ: നടക്കുന്നത് ലക്ഷങ്ങളുടെ ഡീൽ: തട്ടിപ്പിനിരയായി സാധാരണക്കാരും

Kerala Idukki
Print Friendly, PDF & Email

ഇടുക്കി: ‘ഭൂമി തരംമാറ്റം ചെയ്തു നല്കും’ എന്ന തലക്കെട്ടില്‍ സമൂഹമാധ്യമങ്ങളിലൂടെ പരസ്യം നല്‍കി തട്ടിപ്പുകള്‍ക്ക് കളമൊരുക്കി ഇടനിലക്കാര്‍. ആര്‍ഡിഓഫീസുകളില്‍ അപേക്ഷകള്‍ക്ക് നേരിടുന്ന കാലതാമസം മുതലാക്കി ഭൂമിയുടമകളെയാണ് സംഘം കുടുക്കുന്നത്.

ഡാറ്റാ ബാങ്കില്‍പ്പെട്ട ഭൂമി ഒഴിവാക്കി തരംമാറ്റാന്‍ മൂന്നു ലക്ഷം രൂപ വരെയും ഡാറ്റാ ബാങ്കില്‍പ്പെടാത്ത ഭൂമിയുടെ കാര്യത്തില്‍ രണ്ടരലക്ഷം രൂപ വരെയും ഇടനിലക്കാര്‍ ആവശ്യപ്പെടുന്നുവെന്നാണ് വിവരം. സാധാരണയായി രണ്ടുമുതല്‍ മൂന്നുവര്‍ഷം വരെ സമയമെടുക്കുന്ന നടപടികള്‍ ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാമെന്ന ഉറപ്പും ഇവര്‍ നല്‍കുന്നു.

നിയമപ്രകാരം കൃഷിയോഗ്യമല്ലാത്ത 25 സെന്റു വരെ ഭൂമി സൗജന്യമായി തരംമാറ്റാന്‍ കഴിയുന്ന സാഹചര്യമുണ്ട്. എന്നാല്‍, തരംമാറ്റം സാധ്യമാക്കാനായില്ലെങ്കില്‍ ചെലവായ തുക പിടിച്ചു ബാക്കി മടക്കി തരാമെന്ന വാഗ്ദാനമാണ് ഇടനിലക്കാര്‍ ഉയര്‍ത്തുന്നത്. ഹൈക്കോടതിയില്‍ റിട്ട് നല്‍കി കേസ് നടത്തുന്നതിനാലാണ് വലിയ തുക ആവശ്യപ്പെടുന്നതെന്നും ഇവരുടെ വിശദീകരണം.

സംസ്ഥാനത്ത് എട്ടോളം ജില്ലകളില്‍ ഓഫിസുകളുള്ള സംഘത്തോടൊപ്പം ആര്‍ഡിഒ ഓഫീസുകളിലെ ചെറുകിട ഏജന്റുമാരും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. അപേക്ഷകരുടെ വിവരങ്ങള്‍ ശേഖരിച്ച് അഞ്ചു സെന്റിന് പത്തായിരം രൂപ വരെ ഈടാക്കുന്നതായും പരാതിയുണ്ട്. പൊതുജനങ്ങളുടെ അപേക്ഷകള്‍ താമസിപ്പിച്ച്, ഏജന്റുമാര്‍ വഴിയുള്ള അപേക്ഷകള്‍ക്ക് മുന്‍ഗണന നല്‍കുന്നുവെന്ന ആക്ഷേപവും ഉയരുന്നു.

നിയമാനുസൃത മാര്‍ഗം ഇങ്ങനെയാണ്…

പാടശേഖര ഭൂമി ചെളിക്കുളം സംരക്ഷണ നിയമത്തിലെ 2018 ലെ ഭേദഗതി പ്രകാരമുള്ള വകുപ്പ് 27(എ) പ്രകാരമാണ് ഭൂമി തരംമാറ്റം നടത്തേണ്ടത്. നിയമപ്രകാരം കൃഷിയോഗ്യമല്ലാത്ത 25 സെന്റു വരെയുള്ള ഭൂമി സൗജന്യമായി തരംമാറ്റാന്‍ സാധിക്കും. കൂടുതല്‍ വരുന്ന ഭൂമിയുടെ കാര്യത്തില്‍ അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം വില്ലേജ് ഓഫീസറും കൃഷി ഓഫീസറും സ്ഥലപരിശോധന നടത്തും. അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആര്‍.ഡി.ഒ. അന്തിമ തീരുമാനം കൈക്കൊള്ളുന്നത്.അപേക്ഷ പരിഗണിക്കുമ്പോള്‍ ഭൂമിയുടെ കൃഷിയോഗ്യത, ജലസ്രോതസുകളുടെ നില, പരിസ്ഥിതി പ്രത്യാഘാതങ്ങള്‍ എന്നിവ പരിശോധിക്കപ്പെടും. അപേക്ഷയില്‍ രേഖകള്‍ മുഴുവന്‍ സമര്‍പ്പിക്കണം.

Leave a Reply

Your email address will not be published. Required fields are marked *