തിരുവനന്തപുരം ലോ അക്കാദമിക്ക് ചട്ടങ്ങളൊന്നും ബാധകമേയല്ല : കോടികളുടെ ഭൂമി തിരികെ സർക്കാർ ഏറ്റെടുക്കണമെന്ന് അദ്ധ്യാപകന്റെ പരാതി

Kerala Trivandrum
Print Friendly, PDF & Email

പത്തനംതിട്ട – തിരുവനന്തപുരം ലോ അക്കാദമി ലോ കോളജ് പ്രവർത്തിക്കുന്നത് ചട്ടം ലംഘിച്ചാണെന്നും കെട്ടിടവും ഭൂമിയും സർക്കാർ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണർ, സംസ്ഥാന സർക്കാർ എന്നിവർക്ക് പരാതി അയച്ചിരിക്കുകയാണ് അദ്ധ്യാപകനും പൊതുപ്രവർത്തകനുമായ പത്തനംതിട്ട സ്വദേശി ജ്യോതിസ് വി. പിള്ള. നിയമലംഘനങ്ങൾ അക്കമിട്ട് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. നടപടിയുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് പരാതിക്കാരന്റെ നീക്കം.

2017 ൽ അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന പി.എച്ച് കുര്യന് കെ.എം. ഷാജഹാൻ സമർപ്പിച്ച പരാതിയിൽ അന്വേഷണം നടന്നിരുന്നു. പാട്ടത്തിന് നൽകിയതും പതിച്ചു കൊടുത്തതുമായ ഭൂമിയിലെ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു നീക്കുന്നതിന് അദ്ദേഹം ഉത്തരവിട്ടിരുന്നു. ഉന്നത തല അന്വേഷണം നടത്തുന്നതിന് ശിപാർശ ചെയ്തു കൊണ്ടുള്ള വിശദമായ റിപ്പോർട്ട് സർക്കാരിന് നൽകുകയും ചെയ്തു. എന്നാൽ ഒന്നാം പിണറായി സർക്കാർ ആ റിപ്പോർട്ട് പുഴ്ത്തി വച്ചിരിക്കുകയാണെന്ന് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

ധാർമ്മിക മത നിയമം അനുസരിച്ചുള്ള സൊസൈറ്റിയായാണ് ലോ അക്കാഡമി ട്രസ്റ്റ് തുടക്കത്തിൽ പ്രവർത്തിച്ചിരുന്നത്. മുഖ്യമന്ത്രി, മന്ത്രിമാർ, ചീഫ് സെക്രട്ടറി ഉൾപ്പെടെ ഉദ്യോഗസ്ഥർ എന്നിവർ അടങ്ങിയതായിരുന്ന ഭരണസമിതി. ഇത് വർഷാവർഷം പുതുക്കണം. ലോ അക്കാദമിയുടെ നടത്തിപ്പ് ഡയറക്ടർക്കാണ്്. ഗവേണിങ് ബോഡിയിൽ അംഗങ്ങൾ ആയുള്ള സർക്കാർ ഉദ്യോഗസ്ഥരെ ഓരോ വർഷവും നിശ്ചയിക്കാനുള്ള കത്ത് ഡയറക്ടർ വേണം സർക്കാരിനു നൽകാൻ. പൊതു-സ്വകാര്യമേഖലയിലുള്ള സ്ഥാപനമായ അക്കാദമിയിൽ കാലാ കാലങ്ങളിൽ അംഗങ്ങളെ നിശ്ചയിക്കാനുള്ള കത്ത് നൽകിയില്ലെന്ന കാരണത്താൽ ഗവേണിങ് ബോഡിയിൽ സർക്കാർ അംഗങ്ങളുടെ പ്രാതിനിധ്യം ക്രമേണെ ഇല്ലാതായി. ഇതോടെ അക്കാദമി ഭരണത്തിൽ സർക്കാരിനുള്ള നിയന്ത്രണവും നഷ്ടമായി. കോലിയക്കോട് നാരായണൻ നായരുടെ കുടുംബ സ്വത്ത് എന്ന നിലയിൽ ആണ് നിലവിൽ ഇതിന്റെ പ്രവർത്തനമെന്നും പരാതിയിൽ പറയുന്നു. ലോ കോളേജ്, ഹോസ്റ്റൽ എന്നിവയുടെ പ്രവർത്തനത്തിനായിട്ടാണ് പാട്ടക്കരാർ വ്യവസ്ഥയിൽ തുടക്കത്തിൽ 11.49 ഏക്കർ ഭൂമി വിട്ടു കൊടുത്തത്.

പിന്നീട് കരാറിനു വിരുദ്ധമായി പേരൂർക്കട സർവീസ് സഹകരണ ബാങ്കിന്റെ ശാഖ, മൂന്നു ഹോട്ടലുകൾ എന്നിവ അക്കാദമി അങ്കണത്തിൽ തന്നെ വാടക നൽകി പ്രവർത്തിക്കുന്നു. സ്ഥലം മറിച്ചു പാട്ടത്തിന് കൊടുക്കാൻ പാട്ടക്കരാറിൽ വ്യവസ്ഥയില്ല. ഇതു കൂടാതെ സ്ഥാപനത്തിന്റെ ഡയറക്ടറായിരുന്ന കോലിയക്കോട് നാരായണൻ നായരെയും ഭാര്യയെയും മരണശേഷം ഇവിടെ അടക്കം ചെയ്യുകയും അവരുടെ സ്മാരകമായി പാട്ട ഭൂമിയിൽ സ്തൂപങ്ങൾ പണികഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

1968 ൽ ആണ് മൂന്നു വർഷത്തേക്ക് (ആദ്യഘട്ടമായി) 11.49 ഏക്കർ സ്ഥലം കോളേജ് നടത്തിപ്പിന് വേണ്ടി ലോ അക്കാദമിക്കു പാട്ടത്തിനു കൊടുത്തത്. നിയമ പ്രകാരം മൂന്നു വർഷത്തേ കരാർ ലോകോളേജ് പ്രവർത്തനത്തിന് മതിയാകില്ലാത്തതിനാൽ പിന്നീടിത് 30 വർഷമാക്കി. കോളജ് ആവശ്യത്തിന് അഞ്ചേക്കക്കർ മതിയെന്നിരിക്കേ 6.49 ഏക്കർ ഭൂമി അധികം നൽകിയത് വഴി സർക്കാരിന് ഏകദേശം 300 കോടി രൂപയുടെ നഷ്ടം വന്നുവെന്നും പരാതിക്കാരൻ പറയുന്നു.

ഭൂമി ഇപ്പോൾ ലോ അക്കാദമിയുടെ സ്ഥാപകൻ ആയ ഡോ. നാരായണൻ നായരുടെ കുടുംബങ്ങളുടെ പേരിൽ ഉപയോഗശൂന്യമായി കിടക്കുകയാണ്. തലസ്ഥാനത്ത് മന്ത്രി മന്ദിരങ്ങളും ഉയർന്ന ഓഫീസുകളും ഉൾപ്പെടെ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുമ്പോഴാണ് സെന്റിന് മതിപ്പു വിലയായ 50 ലക്ഷം രൂപ പ്രകാരം ഏകദേശം 300 കോടിയിലധികം വിലവരുന്ന ഭൂമി ഉപയോഗ ശൂന്യമായി കിടക്കുന്നത്. 1973 ൽ തിരുവനന്തപുരം പുന്നൽ റോഡിൽ 35 സെന്റ് സ്ഥലം ലോ അക്കാദമി ട്രസ്റ്റ് വാങ്ങിയിരുന്നു. കോടതിയുടെ അടുത്ത് ആയി മറ്റൊരു വസ്തുവും വാങ്ങി. ഇക്കാര്യങ്ങൾ എല്ലാം മറച്ചു വച്ച് ഇവർ നൽകിയ അപേക്ഷ പ്രകാരം 1984 ൽ 11.49 ഏക്കർ സ്ഥലം ഇവർക്ക് പതിച്ചു കൊടുത്തു. അക്കാദമിക് കാര്യങ്ങളിൽ ഇവരുടെ സ്ഥാപനത്തിൽ നിന്ന് വലിയ ഗവേഷണങ്ങളോ കാര്യമായ റിസൾട്ടോ ഉണ്ടാക്കാൻ ആയിട്ടില്ലെന്ന് ജ്യോതിസ് വി. പിളള പറയുന്നു. ഒരു നിയമ സർവകലാശാലയെന്ന വിധം വികസിക്കേണ്ട സ്ഥാപനം അക്കാദമിക് സ്വപ്നങ്ങളെ തന്നെ ഇല്ലാതാക്കുകയാണ് ചെയ്തത്.

ലക്ഷ്യം പൂർത്തീകരിക്കാത്ത സാഹചര്യത്തിൽ ഭൂമി ഗവൺമെന്റ് ഏറ്റെടുക്കുകയാണ് വേണ്ടത്. 2014 നു ശേഷം നിരവധി സ്വകാര്യ നിയമ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സംസ്ഥാനത്ത് നിലവിൽ വന്ന സാഹചര്യത്തിൽ ലോ അക്കാദമിയുടെ ആവശ്യമോ സേവനമോ ഇപ്പോഴില്ലെന്നതാണ് വാസ്തവമെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു. അതു കൊണ്ട് ലോ അക്കാദമി സർക്കാർ ഭൂമിയിൽ നിന്ന് സ്വന്തം ഭൂമിയിലേക്ക് മാറ്റിയ ശേഷം 11.49 ഏക്കർ സ്ഥലം തിരികെ ഏറ്റെടുത്ത് ആഗോള തലത്തിൽ നിയമജ്ഞൻമാർക്കും ജുഡീഷ്യൽ ഓഫിസർമാർക്കും ഗവേഷണം നടത്താൻ കഴിയുന്ന സർക്കാരിന്റെ നിയമഗവേഷണ സ്ഥാപനമായി പരിവർത്തനം ചെയ്യണം. ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ പേരിലുള്ള ഒരു ഇന്റർനാഷണൽ ലോ യൂണിവേഴ്‌സിറ്റിയായി ഇതിനെ മാറ്റിയെടുക്കുകയാണ് ആധുനിക കാലഘട്ടത്തിന്റെ ആവശ്യമെന്നും പരാതിക്കാരൻ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *