അരയാഞ്ഞിലിമണ്ണിലെ ദുരിതത്തിന് പുതിയ പാലം നിർമാണത്തിലൂടെ പരിഹാരം : മന്ത്രി ഒ ആർ കേളു

Pathanamthitta
Print Friendly, PDF & Email

റാന്നി – പമ്പയിൽ ജലനിരപ്പ് ഉയരുമ്പോൾ മലയോരമേഖലയായ അരയാഞ്ഞിലിമൺ ഒറ്റപ്പെട്ടുപോകുന്നതിന് പുതിയ പാലം നിർമാണത്തിലൂടെ പരിഹാരമാകുമെന്ന് പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ് മന്ത്രി ഒ. ആർ. കേളു. അരയാഞ്ഞിലിമൺ പാലം നിർമാണോദ്ഘാടനം അരയാഞ്ഞിലിമൺ സർക്കാർ എൽ പി സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കും. ഇതുമായി ബന്ധപ്പെട്ട് പ്രമോദ് നാരായൺ എംഎൽഎ നടത്തിയ പ്രവർത്തനം മാതൃകാപരമാണ്. റോഡ്, സ്‌കൂൾ, ആശുപത്രി തുടങ്ങി എല്ലാ മേഖലയിലും വ്യക്തമായ ദിശാബോധത്തോടെ ഇടപെട്ട് സർക്കാർ സംസ്ഥാനത്തെ വികസനപാതയിൽ അതിവേഗം മുന്നോട്ട് നയിച്ചു. അതിദരിദ്രരെ കണ്ടെത്തി പരിരക്ഷിക്കുന്നതിന് പ്രവർത്തനം നടത്തി. മാലിന്യനീക്കത്തിന് ഹരിതകർമസേന രൂപീകരിച്ചു. അഭ്യസ്തവിദ്യരായവർക്ക് വിജ്ഞാന കേരളം പദ്ധതിയിലൂടെ തൊഴിൽ ലഭ്യമാക്കി.

ശബരിമലയിലേക്ക് രാജ്യത്തെ വിവിധയിടങ്ങളിൽ നിന്ന് തീർഥാടകർക്ക് അനായാസം എത്തിചേരുന്നതിന് വിമാനത്താവളത്തിന്റെ നിർമാണവുമായി സർക്കാർ മുന്നോട്ട് പോകുന്നുവെന്നും മന്ത്രി പറഞ്ഞു. അട്ടത്തോട് ട്രൈബൽ സ്‌കൂൾ ഉൾപ്പെടെ ആദിവാസി മേഖലയ്ക്ക് പ്രധാന്യം നൽകിയുള്ള പ്രവർത്തനങ്ങൾ സാധ്യമായതായി അധ്യക്ഷനായ പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു. റാന്നി പെരുനാട്ടിലെ അരയാഞ്ഞിലിമൺ, കിസുമം ഉന്നതികൾക്ക് അബേദ്കർ സെറ്റിൽമെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി ഒരുകോടി രൂപ വീതം അനുവദിച്ചതായും എംഎൽഎ പറഞ്ഞു. പട്ടികവർഗ വകുപ്പ് കോർപ്പസ് ഫണ്ടിൽ നിന്ന് 2.69 കോടി രൂപ ചെലവഴിച്ചാണ് സ്റ്റീൽ പാലം നിർമിക്കുന്നത്. ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ മുഖ്യാതിഥിയായി. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. ഗോപി, പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. എസ്. മോഹനൻ, ജില്ലാ പഞ്ചായത്തംഗം ലേഖ സുരേഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. ശ്രീകല, ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർ എസ്. എ. നജിം, സംസ്ഥാന പട്ടികവർഗ ഉപദേശക സമിതി അംഗം ജി. രാജപ്പൻ, റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബി. ആർ. ജയൻ, ഊര് മൂപ്പൻ ടി. കെ. ജോസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പട്ടികവർഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഷുമിൻ എസ് ബാബു റിപ്പോർട്ട് അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *