ആറന്മുള – ക്ഷേത്രത്തിലെ തിരുവോണ സദ്യയോടനുബന്ധിച്ചുള്ള ആചാരങ്ങളുടെ ഭാഗമായുള്ള ചോതി അളവ് നെല്ല് സമർപ്പണം ആറന്മുള പാർഥസാരഥി ക്ഷേത്ര നടയിൽ ഇന്ന് നടന്നു. ആറന്മുള പുഞ്ചയിലെ കർഷകനായ ഉത്തമൻ ഇടയാറന്മുളയുടെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ സമർപ്പിക്കുന്ന നെല്ലാണ് ചോതിനാളിൽ അളന്ന് നൽകുന്നത്. ഒരു കാലത്ത് ആറന്മുളക്ഷേത്രം വകയായിരുന്നു ആറന്മുള പാടശേഖരങ്ങളിൽ ഭൂരിഭാഗവും. അതിൽനിന്നുള്ള നെല്ലാണ് ആചാരങ്ങളുടെ ഭാഗമായ ചോതി അളവിനും ഉപയോഗിക്കുന്നത്. തിരുവോണത്തോണിയിൽ അരിയായി കൊണ്ടുവരുന്നതിനും നൽകിയിരുന്നത് ഇതേ പുഞ്ചയിലെ നെല്ല് ആയിരുന്നു. ആറന്മുളയിലെ നെൽക്കൃഷി നിലച്ചതോടെ കുട്ടനാട്ടിൽനിന്ന് നെല്ല് സംഭരിച്ചാണ് ഇടക്കാലത്ത് ആചാരപാലനം നടത്തിയിരുന്നത്. ഇപ്പോൾ ആറന്മുള പാടശേഖരങ്ങളിൽ വീണ്ടും നെൽകൃഷി തുടങ്ങിയതിനാൽ ചോതി അളവിനുള്ള നെല്ല് ആറന്മുള ക്ഷേത്രത്തിൽ സമർപ്പിക്കുകയായിരുന്നു. 51 പറ നെല്ലാണ് ക്ഷേത്രത്തിൽ എത്തിച്ചിരുന്നത്. കുറെ വർഷങ്ങളായി ഉത്തമന്റെ നേതൃത്വത്തിൽ ആറന്മുള പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കൃഷി തുടങ്ങിയിരുന്നു. ക്ഷേത്രത്തിൽ എത്തിക്കുന്ന 51 പറ നെല്ലിൽ ഒരുപറ പാർത്ഥസാരഥിയുടെ നടയ്ക്കലും ഓരോ പറവീതം കണ്ണങ്ങാട്ട് മഠം, കടവന്ത്ര മഠം, നാരങ്ങാനം മഠത്തുംപടി ഇല്ലം എന്നിവർക്കും 47 പറ നെല്ല് കാട്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിലേക്കും അളന്ന് നൽകും.




