വിരൽതുമ്പിൽ സേവനം ; പത്തനംതിട്ടയിൽ 22 വില്ലേജ് ഓഫീസുകൾ സ്മാർട്ട്

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ജില്ലയിൽ ആധുനിക സജീകരണങ്ങളോടെ സ്മാർട്ടായി 22 വില്ലേജ് ഓഫീസുകൾ. പൊതുജന സേവനം കൂടുതൽ സുതാര്യമാക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച സ്മാർട്ട് വില്ലേജ് നിർമാണത്തിന് ചെലവഴിച്ചത് 9.56 കോടി രൂപ. ജില്ലയിലെ 70 വില്ലേജ് ഓഫീസുകളിൽ 40 എണ്ണത്തിന് ആദ്യഘട്ട ഭരണാനുമതി ലഭിച്ചു. അഞ്ച് ഓഫീസുകളുടെ നിർമാണം അന്തിമഘട്ടത്തിൽ.

കൊടുമൺ, തുമ്പമൺ, കൂരമ്പാല, ഏനാത്ത്, പള്ളിക്കൽ, പെരിങ്ങനാട്, കടമ്പനാട്, അങ്ങാടിക്കൽ, കുളനട, പത്തനംതിട്ട, ഇരവിപേരൂർ, കൊല്ലമുള, അയിരൂർ, ചെത്തയ്ക്കൽ, വടശേരിക്കര, ചെറുകോൽ, എഴുമറ്റൂർ, കോട്ടങ്ങൽ, മൈലപ്ര, തിരുവല്ല, കടപ്ര, കുന്നന്താനം എന്നീ 22 വില്ലേജ് ഓഫീസുകൾ സ്മാർട്ടായി. ചെന്നീർക്കര, ആറന്മുള, കോന്നി താഴം, കൂടൽ, നിരണം സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമ്മാണം പുരോഗമിക്കുന്നു.
2020-21, 2021-22 ൽ 44 ലക്ഷം രൂപയാണ് സ്മാർട്ട് വില്ലേജ് ഓഫീസ് പദ്ധതിക്ക് അനുവദിച്ചത്. 2022-23 ൽ 50 ലക്ഷമാക്കി ഉയർത്തി. സംസ്ഥാനനിർമിതി കേന്ദ്രത്തിനും പൊതുമരാമത്ത് വകുപ്പിനുമാണ് നിർമാണ ചുമതല.

വില്ലേജ് ഓഫീസുകളുടെ അടിസ്ഥാന സൗകര്യം വർധിപ്പിക്കുന്നതിനൊപ്പം വേഗത്തിലും കൃത്യതയിലും സേവനം ആവശ്യക്കാർക്ക് എത്തിക്കുകയാണ് ലക്ഷ്യം. പൊതുജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും സൗകര്യപ്രദമായ രീതിയിലാണ് ഓഫീസ് രൂപകൽപന. വിശാലമായ വരാന്ത, കാത്തിരിപ്പുകേന്ദ്രം, മീറ്റിഗ് ഹാൾ, റെക്കോഡ് മുറി, ഭക്ഷണ മുറി, കുടിവെള്ളം, ആധുനിക രീതിയിലുള്ള ശുചിമുറി, ഭിന്നശേഷിക്കാർക്ക് റാമ്പ് തുടങ്ങി എല്ലാ വിധ സൗകര്യവും സ്മാർട്ട് വില്ലേജ് ഓഫീസുകളിലുണ്ട്. സംസ്ഥാനത്ത് ഇതുവരെ 600 വില്ലേജുകൾ സ്മാർട്ട് ആയി. 830 വില്ലേജ് ഓഫീസുകൾ സ്മാർട്ട് ആക്കുന്നതിന് ഭരണാനുമതി ലഭിച്ചു.

വില്ലേജ്, താലൂക്ക് ഓഫീസുകളിൽ നിന്നുള്ള സർട്ടിഫിക്കറ്റ്, തരം മാറ്റം, പോക്കുവരവ്, തണ്ടപ്പേർ പകർപ്പ് തുടങ്ങി 23 തരം സേവനം റവന്യൂ വകുപ്പ് ഓൺലൈനായി നൽകുന്നു.

റവന്യൂ ഇ-പേയ്‌മെന്റ് മുഖേനെ ഉപഭോക്താക്കൾക്ക് വിവിധ സർക്കാർ ഫീസ്, നികുതികൾ എന്നിവ ഓൺലൈനായി അടയ്ക്കാം. ഇ-ഡിസ്ട്രിക്റ്റ് ഡിജിറ്റൽ സേവന പ്ലാറ്റ്ഫോമിലൂടെ വിവിധ സർക്കാർ സർട്ടിഫിക്കറ്റുകളും സേവനങ്ങളും ലഭ്യം. റവന്യൂ റിക്കവറി പോർട്ടൽ വഴി സർക്കാർ വകുപ്പുകൾക്ക് കുടിശികയായ വരുമാനങ്ങൾ ഈടാക്കുന്നതിനും ട്രാക്ക് ചെയ്യുന്നതിനും നിയമാനുസൃത നടപടി കൈക്കൊള്ളുന്നതിനും സഹായിക്കുന്നു. ഭൂമിയുമായി ബന്ധപ്പെട്ട വിവരം പരിശോധിക്കാൻ ‘എന്റെ ഭൂമി’ പോർട്ടലുണ്ട്. വില്ലേജ് ഓഫീസുകളിൽ നിന്നും ലഭിക്കുന്ന 14 ഓളം വിവരങ്ങൾ ചിപ്പുകൾ പതിപ്പിച്ച ഡിജിറ്റൽ റവന്യുകാർഡിലൂടെ ലഭ്യമാക്കാനുള്ള പദ്ധതി അവസാന ഘട്ടത്തിലാണ്. എല്ലാ ഭൂരേഖകളും ഡിജിറ്റലാക്കുന്നതിന് റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ഡിജിറ്റൽ റീസർവേയ്ക്ക് 858.42 കോടി രൂപയാണ് അനുവദിച്ചത്. അടുത്ത വർഷം പൂർത്തിയാകും.

Leave a Reply

Your email address will not be published. Required fields are marked *