ചെങ്ങന്നൂർ – സോഷ്യൽമീഡിയ വഴി ഉണ്ടാകുന്ന പരിചയം കെണിയാകുമ്പോൾ. വിദേശ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ഓൺലൈൻ ട്രേഡിംഗ് നടത്തി വമ്പൻ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് വ്യാജ അക്കൗണ്ടുകളും മറ്റും എടുപ്പിച്ച ശേഷം മൂന്ന് ബാങ്ക് അക്കൗണ്ടുകളിലേക്ക് 22,60,000 /- (ഇരുപത്തിരണ്ട് ലക്ഷത്തി അറുപതിനായിരം രൂപ) ചെങ്ങന്നൂരിലെ പ്രമുഖ കെട്ടിടനിർമ്മാണ കരാറുകാരന്റെ പക്കൽ നിന്നും തട്ടിയെടുത്തതിന് ചെങ്ങന്നൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. കേസിലെ 2-ാം പ്രതിയായ തമിഴ്നാട് വിരുദുനഗർ അരിപ്പുക്കോട്ടൈ മണിനഗരം ഭാഗത്ത് ഷൺമുഖനാഥപുരം സ്ട്രീറ്റിൽ നമ്പർ 15 ൽ ഡി. ഹരിദാസ് (43) ആണ് അറസ്റ്റിലായത്. പ്രതിക്കെതിരെ ആലപ്പുഴ ജില്ലാ പോലീസ് മേധാവി ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ടായിരുന്നതിനാൽ, വിദേശത്തേക്ക് കടക്കുന്നതിനായി ട്രിച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പ്രതിയെ എമിഗ്രേഷൻ വിഭാഗം തടഞ്ഞ് വെച്ച് ചെങ്ങന്നൂർ പോലീസിനെ അറിയിക്കുകയായിരുന്നു. ചെങ്ങന്നൂരിൽ നിന്നും ട്രിച്ചിയിലെത്തിയ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
തമിഴ് നാട്ടിലെ നിർദ്ധനരും വിദ്യാഭ്യാസമില്ലാത്തവരുമായ ആളുകളിൽ നിന്നും തുച്ഛമായ പണം കൊടുത്ത് എ ടി എം കാർഡ് സഹിതം വാങ്ങിയെടുക്കുന്ന ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പ്രതി തട്ടിച്ചെടുക്കുന്ന പണം അയപ്പിച്ച് വാങ്ങുന്നത്. പിന്നീട് തന്റെ സ്വന്തം അക്കൗണ്ടിലേക്കോ താൻ വാങ്ങിയിട്ടുള്ള മറ്റ് ബാങ്ക് അക്കൗണ്ടുകളിലേക്കോ പണം കൈമാറിയ ശേഷം എ.ടി.എം വഴി പിൻ വലിക്കുകയാണ് പ്രതിയുടെ രീതി. ഇത്തരത്തിൽ പാവങ്ങളിൽ നിന്നും വാങ്ങിയെടുത്ത മൂന്ന് അക്കൗണ്ടുകളിലേക്കാണ് ചെങ്ങന്നൂരിലെ കെട്ടിട നിർമ്മാണ കരാറുകരനെക്കൊണ്ട് പണം അയപ്പിച്ചത്.
ആ പണം തന്റെ കൈവശത്തിലുള്ള മറ്റ് 20 അക്കൗണ്ടുകളിലേക്ക് മറ്റിയ ശേഷം കംബോഡിയ രാജ്യത്ത് വെച്ച് എ.ടി.എം മുഖാന്തിരം പിൻവലിച്ചെടുക്കുകയായിരുന്നു. കേസ് റിപ്പോർട്ടായതിൻ്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാരിന്റെ സൈബർക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ മുഖാന്തിരം പണം കൈമാറ്റം ചെയ്യപ്പെട്ട ബാങ്ക് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യിച്ചിരുന്നു.
സൈബർക്രൈം പോർട്ടലിന്റെ സഹായത്തോടു കൂടി തമിഴ്നാട്ടിലെ അക്കൗണ്ടുടമകളെ കണ്ടെത്തുവാനും അവർ പ്രതിക്കാണ് അക്കൗണ്ടുകൾ വിൽപന നടത്തിയിട്ടുള്ളതെന്നു കണ്ടെത്തുവാനും പോലീസിന് കഴിഞ്ഞിരുന്നു. തുടർന്നാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങൾ ആരംഭിച്ചിരുന്നത്. അന്വേഷണത്തിൽ പ്രതി സ്ഥിരമായി കംബോഡിയ, ലാവോസ്, നൈജീരിയ, യു.എ.ഇ എന്നീ രാജ്യങ്ങളിലേക്ക് പോയി വരാറുള്ളതായി ബോധ്യപ്പെടുകയും ചെയ്തു. തമിഴ്നാട്ടിലുള്ള പ്രതിയെ കണ്ടെത്തുന്നതിന് എല്ലാ ശ്രമങ്ങളും പോലീസ് നടത്തിയെങ്കിലും സ്ഥിരമായി ഒരിടത്ത് താമസിക്കുകയോ ഫോൺ നമ്പർ ഉപയോഗിക്കുകയോ ചെയ്യാത്തത് പ്രതിയെ പിടികൂടുന്നതിന് വെല്ലുവിളിയായിരുന്നു. അതിനെത്തുടർന്നാണ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നത്. ഈ കേസിലെ ഒന്നാം പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് തുടർന്നു വരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ചെങ്ങന്നൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ വിപിൻ, എ.സി യും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
നമ്മുടെ നാട്ടിലെ ബിസിനസുകാർ തന്നെയാണ് ഇതേപോലെയുള്ള കെണികളിൽ കൂടുതലും പെടുന്നത്. കള്ളപ്പണം കയ്യിലുള്ളവർ പെട്ടെന്ന് കോടിപതികളാകാനുള്ള ത്വര പലരും മുതലെടുക്കുന്നു. സമൂഹമാധ്യമങ്ങളിലെ ചതിക്കുഴികളിൽ പണം നഷ്ടമായ പലരും ഇനിയും ഉണ്ടന്നാണ് അറിയുന്നത്. പലരും മനനഷ്ടം ഭയന്ന് മിണ്ടാതിരിക്കുന്നു. ആട്, തേക്ക്, മാഞ്ചിയം, വിമാനത്താവളം അടക്കം തട്ടിപ്പുകളിൽ പെട്ട് ലക്ഷങ്ങളും കോടികളും നഷ്ടപ്പെട്ട മലയാളി ഇനിയും എന്ന പഠിക്കാൻ ?


