പത്തനംതിട്ട: ഉപയോഗിക്കാൻ കൊടുത്ത ബൈക്ക് തിരികെ വാങ്ങിയതിന്റെ വിരോധത്തിൽ യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ച മൃതപ്രായനാക്കിയ കേസിൽ നാലു പേരെ ഇലവുംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. മെഴുവേലി മുളന്തടത്തിൽ വീട്ടിൽ എം.എം.മനുവിനാണ് മർദ്ദനമേറ്റത്. കാരിത്തോട്ട രാത്രക്കോട്ട് വീട്ടിൽ പി. സനൽ കുമാർ(38), സഹോദരൻ പി. സജിത് കുമാർ (34), റാന്നി പഴവങ്ങാടി പതാലിൽ 52 കോളനിയിൽ വിഎസ് ശരത് (25), ചെങ്ങന്നൂർ ആല തോട്ടങ്കര പ്രൊവിഡൻസ് കോളജിന് സമീപം കിഴക്കേ പുതുക്കേരിൽ വീട്ടിൽ പി എസ് സുനിൽകുമാർ (38) എന്നിവരാണ് അറസ്റ്റിലായത്.
സനൽകുമാറിന്റെ ഉപയോഗത്തിലിരുന്ന മനുവിന്റെ ബുള്ളറ്റ് മോട്ടോർ സൈക്കിൾ ഇയാൾ തിരികെ എടുത്തുകൊണ്ടു പോയതിലുള്ള വിരോധം കാരണമാണ് പ്രതികൾ ജൂൺ 30ന് രാത്രി 10 30 ന് മലങ്കാവ് പള്ളിക്ക് സമീപം കനാൽ റോഡിൽ വച്ച് ബൈക്കിൽ വന്നപ്പോൾ തടഞ്ഞു നിർത്തി മർദ്ദിക്കുകയായിരുന്നു. അസഭയും വിളിച്ചുകൊണ്ട് കയ്യിൽ കരുതിയാൽ കമ്പുകൾ ഉപയോഗിച്ചാണ് പ്രതികൾ മനുവിനെ ആക്രമിച്ചത്. താഴെ വീണ ഇയാളുടെ ഇടതുകാലിൽ അടികൊണ്ട് അസ്ഥിക്ക് പൊട്ടലുണ്ടായി. മർദ്ദനത്തിൽ ശരീരമാസകലം ചതവും മുറിവും സംഭവിച്ചു. കൂടാതെ ഒന്നേമുക്കാൽ പവൻ വരുന്ന മാലയും, മൊബൈൽ ഫോണും, 4800 രൂപയും നഷ്ടപ്പെട്ടെന്നും മൊഴിയിലുണ്ട്.
പരുക്കേറ്റ് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവന്ന യുവാവിന്റെ മൊഴി എസ് സി പി ഒ ആർ ബിനു ജൂലൈ രണ്ടിന് രേഖപ്പെടുത്തി. ഗ്രേഡ് എസ് ഐ സി ഉണ്ണികൃഷ്ണൻ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. കേസെടുത്തതറിഞ്ഞ പ്രതികൾ ഒളിവിൽ പോയി. ഇവരുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് വിവിധ സ്ഥലങ്ങളിൽ അന്വേഷണം വ്യാപിപ്പിച്ചു, ഫോൺ വിളികൾ സംബന്ധിച്ച വിവരങ്ങളും ശേഖരിച്ചു. ഊർജിതമായ തെരച്ചിലിൽ ഒന്നുമുതൽ മൂന്നു വരെ പ്രതികൾ ഏലപ്പാറയിൽ ഉള്ളതായും, നാലാംപ്രതി ഇടപ്പോണിൽ ഒളിവിൽ കഴിഞ്ഞു വരുന്നതായും വ്യക്തമായി.
തുടർന്ന് പോലീസ് സംഘം എത്തി ഇന്നലെ പ്രതികളെ പിടികൂടി, വൈദ്യപരിശോധനക്കുശേഷം സ്‌റ്റേഷനിൽ എത്തിച്ചു.
സാക്ഷികളെ കാണിച്ച് തിരിച്ചറിയുകയും വിശദമായി ചോദ്യം ചെയ്യുകയും ചെയ്ത ശേഷം ഇന്ന് രാവിലെ 11 കഴിഞ്ഞു അറസ്റ്റ് രേഖപ്പെടുത്തി. ആക്രമിക്കാൻ ഉപയോഗിച്ച കമ്പുകൾ കനാൽ ഭാഗത്തേക്ക് എറിഞ്ഞു കളഞ്ഞതായി വെളിപ്പെടുത്തിയതുപ്രകാരം സനൽ കുമാറുമൊത്ത് അവിടെയെത്തി രണ്ട് കമ്പുകൾ പോലീസ് കണ്ടെത്തി. മറ്റു പ്രതികൾക്കുള്ള അന്വേഷണം തുടരുകയാണ്.
What do you feel about this post?
Like
Love
Happy
Haha
Sad

