മേപ്പാടി ഖബർസ്ഥാനിൽ നിന്നും ഒരു പൊതുപ്രവർത്തകന്റെ കുറിപ്പ്

Kerala Pathanamthitta Wayanad
Print Friendly, PDF & Email

ഒരു പൊതു പ്രവർത്തകനായ ഞാൻ അനേകം മരണാനന്തര ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും ജീവിതത്തിൽ വിറങ്ങലിച്ചു നിന്നു പോയതിൽ ഒന്നാണ് മേപ്പാടി ജുമാഅത്ത് പള്ളിയിൽ നടന്ന രംഗങ്ങൾ. നൂറു കണക്കിന് മനുഷ്യരുടെ ജീവൻ കവർന്ന ആ ഭയാനക ദിനത്തിന്റെ ഓർമ്മകൾ. എന്റെ മനസ്സിനെ കറുത്ത തുണി കൊണ്ടു മൂടിയിരിക്കുന്നതു ഭയാനകരമായ ആ രംഗങ്ങളായിരുന്നു. മയ്യത്ത് നിസ്കാരവും പള്ളിക്കാട്ടിൽ ഉറ്റവരും ഉടയവരും ഇല്ലാതെ സംസ്കാരം നടത്തുന്ന കാഴ്ച; അതൊരു വല്ലാത്ത ഓർമ്മ തന്നെ. ഞാൻ എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ മരണാനന്തര ശുശ്രൂഷകൾക്ക് സാക്ഷ്യം വഹിച്ചതും അന്നായിരിക്കാം.

വിശുദ്ധ ബൈബിളിൽ വെളിപ്പാട് പുസ്തകത്തിൽ മരണാനന്തര ജീവിതത്തെപ്പറ്റി ഇപ്രകാരമാണ് നിർവജിക്കുന്നത്; അത് അനന്തമായ സ്നേഹത്തിന്റെയും പൂർണ്ണ സമാധാനത്തിന്റെയും ഒരു സ്ഥലമാണ്; സർവ്വശക്തനായ ദൈവം അവരുടെ കണ്ണുകളിൽ നിന്ന് എല്ലാ കണ്ണുനീരും തുടയ്ക്കും. ഇനി മരണമോ വിലാപമോ കരച്ചിലോ വേദനയോ ഉണ്ടാകില്ല. ഈ ഭൂമി കൊടുക്കുന്ന സകല വേദനകൾക്കും നിരാശകൾക്കും പകരമായി ദൈവം തന്നിൽ വിശ്വസിക്കുന്നവർക്കും ആശ്രയിക്കുന്നവർക്കും കൊടുക്കുന്ന മനോഹരമായ പ്രത്യാശ എന്നത് ദൈവത്തോടൊപ്പം അവർ വസിക്കും എന്നതാണ്. ഇനിയൊരു ദുരിതം ഉണ്ടാകാതിരിക്കട്ടെ. ദുരന്തത്തിന്റെ ആഘാതം മനസ്സിലേറ്റിയവർക്ക് ആശ്വാസവും സമാധാനവും ലഭിക്കട്ടെ. മണ്ണിനടിയിൽ സ്വപ്നങ്ങൾ കുഴിച്ചു മൂടപ്പെടേണ്ടി വന്നവരുടെ ആത്മാക്കൾക്ക് നിത്യശാന്തി നേരുന്നു!!.

@ സുബിൻ നീറുംപ്ലാക്കൽ, കുമ്പനാട്

Leave a Reply

Your email address will not be published. Required fields are marked *