റവന്യൂ വകുപ്പിൽ വിപ്ലവകരമായ മാറ്റം : മന്ത്രി കെ രാജൻ

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – റവന്യൂ വകുപ്പിൽ വിപ്ലവകരമായ മാറ്റം തുടരുമെന്ന് വകുപ്പ് മന്ത്രി കെ രാജൻ. എഴുമറ്റൂർ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. പൊതുജനങ്ങൾക്ക് വേഗതയിൽ സേവനം ലഭ്യമാക്കാൻ ഡിജിറ്റൽ കാർഡ് ഒരുക്കുകയാണ് റവന്യു വകുപ്പ്. ഇതിലൂടെ വില്ലേജ് ഓഫീസുകളിൽ നിന്ന് ലഭിക്കുന്ന വിവരം ചിപ്പുകൾ പതിപ്പിച്ച ഒറ്റ കാർഡിൽ പൊതുജനങ്ങൾക്ക് ലഭ്യമാകും.
കഴിഞ്ഞ ഒമ്പത് വർഷത്തിനുള്ളിൽ നാല് വർഷമായി സംസ്ഥാനത്ത് 2,23,000ൽ അധികം പട്ടയങ്ങൾ വിതരണം ചെയ്തു. ‘എല്ലാവർക്കും ഭൂമി എല്ലാവർക്കും രേഖ എല്ലാ സേവനങ്ങളും സ്മാർട്ട് ‘ എന്ന മുദ്രവാക്യത്തോടെ റവന്യൂ വകുപ്പ് നടപ്പാക്കുന്ന പ്രവർത്തനം ശ്രദ്ധേയമാണ്. അതിവേഗവും സുതാര്യവുമായ റവന്യൂ നടപടി ക്രമങ്ങളിലേക്ക് കടക്കാൻ ഉതകുന്ന ഡിജിറ്റൽ റീസർവേയിലൂടെ ചരിത്രത്തിൽ ആദ്യമായി ഒന്നര വർഷത്തിനുള്ളിൽ നാലരലക്ഷം ഹെക്ടറോളം ഭൂമി അളന്നു തിട്ടപ്പെടുത്തി.

600 ഓളം വില്ലേജ് ഓഫീസുകൾ സ്മാർട്ട് ആയി. സമഗ്രവും ജനകീയവും ആധുനികവൽക്കരിക്കപ്പെട്ടതുമായ റവന്യൂ സേവനങ്ങളിലേക്ക് കടക്കുന്ന കാലത്ത് വില്ലേജുകൾ സ്മാർട്ട് ആകേണ്ടത് അനിവാര്യമാണ്. റവന്യു വകുപ്പിൽ വിപ്ലവകരമായ മാറ്റമാണ് നടക്കുന്നത്. ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കാൻ സ്മാർട്ട് വില്ലേജുകൾക്ക് ആകുമെന്നും മന്ത്രി പറഞ്ഞു.

എഴുമറ്റൂരിൽ സമഗ്രമ വികസനമാണ് നടക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷനായ പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു. എഴുമറ്റൂർ ഹൈസ്‌കൂളിനായി കിഫ്ബി ഫണ്ട് ഉപയോഗിച്ച് ആധുനിക നിലവാരത്തിൽ കെട്ടിടം നിർമിച്ചു. എട്ടു കോടി രൂപ ചിലവിൽ എഴുമറ്റൂർ ആശുപത്രിയുടെ നിർമാണ പ്രവർത്തനം പുരോഗമിക്കുന്നു. എഴുമറ്റൂരിലെ കുടിവെള്ളം പ്രശ്‌നത്തിന് ശാശ്വത പരിഹാരത്തിനായി 87 കോടി രൂപ അനുവദിച്ചു.
റാന്നി നോളജ് വില്ലേജ് മിഷന്റെ ഭാഗമായി നാഷണൽ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ നേതൃത്വത്തിൽ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ, മോണ്ടിസോറി ടീച്ചർ തുടങ്ങിയവയിൽ സൗജന്യ പഠനം ഒരുക്കും.

സംസ്ഥാന നിർമിതി കേന്ദ്രം കോഴഞ്ചേരി റീജിയണൽ എഞ്ചിനീയർ എ.കെ. ഗീതമ്മാൾ റിപ്പോർട്ട് അവതരിപ്പിച്ചു. 45 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്മാർട്ട് വില്ലേജ് ഓഫീസ് നിർമിച്ചത്. റെക്കോഡ് റൂം, ഡൈനിങ്, വെയ്റ്റിംഗ്, മീറ്റിംഗ് മുറി, ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റ് തുടങ്ങിയവ ഇതിലുൾപെടുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം, ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ, തിരുവല്ല സബ് കലക്ടർ സുമിത് കുമാർ താക്കൂർ, എ ഡി എം ബി ജ്യോതി, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സൂസൻ ജോസഫ്, എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ ജേക്കബ്, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *